Football

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ലിവര്‍പൂള്‍ ഒന്നാം സ്ഥാനത്ത്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്:  ലിവര്‍പൂള്‍ ഒന്നാം സ്ഥാനത്ത്
X

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ പട്ടികയില്‍ മുന്നിലുള്ള ലിവര്‍പൂളും ആഴ്‌സനലും നേര്‍ക്കുനേര്‍ പോരാടിയ മല്‍സരം സമനിലയില്‍ കലാശിച്ചു. ഇരുടീമും ഒരു ഗോള്‍ വീതമടിച്ച് സമനിലയില്‍ പിരിഞ്ഞു. സമനിലയോടെ ലിവര്‍പൂള്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചു. 11 മല്‍സരങ്ങളില്‍ നിന്ന് 27 പോയിന്റുമായാണ് ലിവര്‍പൂള്‍ ഒന്നാമതെത്തിയത്. 23 പോയിന്റുമായി ആഴ്‌സനല്‍ അഞ്ചാം സ്ഥാനത്താണ്. 82 മിനിറ്റ് വരെ പിറകില്‍ നിന്ന ശേഷമാണ് ആഴ്‌സനല്‍ സമനില ഗോള്‍ കണ്ടെത്തിയത്. ആഴ്‌സനലിനായി അലക്‌സാണ്ടര്‍ ലക്കസാറ്റെയും ലിവര്‍പൂളിനായി ജോണ്‍ മില്‍നറും ഗോളുകള്‍ സ്വന്തമാക്കി.

ആദ്യ പകുതിയില്‍ ആഴ്‌സനലിനായിരുന്നു ആധിപത്യം. പക്ഷേ അവസരങ്ങള്‍ മെനഞ്ഞെടുക്കുന്നതില്‍ ലിവര്‍പൂള്‍ കരുത്തുകാട്ടി. ഇതിനിടയില്‍ ഫിര്‍മീനോയുടെ ഗോള്‍ ശ്രമം പോസ്റ്റില്‍ തട്ടി തെറിച്ചെങ്കുലും റീബൗണ്ടിലൂടെ സാദിയോ മാനെ പന്ത് ഗോള്‍ വലയിലെത്തിച്ചു. പക്ഷേ റഫറി ഓഫ്‌സൈഡ് വിളിച്ച് ഗോള്‍ നിഷേധിച്ചു.അതോടെ ആദ്യ പകുതി ഗോള്‍ രഹിതം.

തുടര്‍ന്നുള്ള രണ്ടാം പകുതിയിലെ 61ാം മിനിറ്റില്‍ മില്‍നറിലൂടെ ലിവര്‍പൂള്‍ ലീഡെടുത്തു. പ്രീമിയര്‍ ലീഗില്‍ മില്‍നറുടെ 50ാം ഗോളായിരുന്നു ഇത്. ശേഷം ഗോള്‍ വഴങ്ങാതിരിക്കാന്‍ ലിവര്‍പൂള്‍ പ്രതിരോധം കടുപ്പിച്ച് കളിച്ചെങ്കിലും ഒടുവില്‍ 82ാം മിനിറ്റില്‍ ലക്കസാറ്റെ ആഴ്‌സനലിന്റെ ആശ്വാസ സമനില സ്വന്തമാക്കി. അലെക്‌സ് ഇവോബിയുടെ പാസ്സില്‍ നിന്നായിരുന്നു ലക്കസാറ്റെയുടെ ഗോള്‍.

മറ്റൊരു മല്‍സരത്തില്‍ ടോട്ടനം പ്രീമിയര്‍ ലീഗിലെ കറുത്ത കുതിരകളെന്ന് വിളിക്കപ്പെടുന്ന വോള്‍വ്‌സിനെ 3-2ന് പരാജയപ്പെടുത്തി. എറിക് ലമേലയും (27) ലൂക്കാസും (30) ഹാരി കെയ്‌നുമാണ് (61) ടോട്ടനത്തിന് വേണ്ടി വല കുലുക്കിയത്.

മറ്റു മല്‍സരങ്ങളില്‍ ന്യൂകാസില്‍ വാറ്റ്‌ഫോര്‍ഡിനേയും എവര്‍ട്ടണ്‍, ബ്രൈറ്റനേയും തോല്‍പ്പിച്ചു. ബേണ്‍ലിയെ വെസ്റ്റ്ഹാം തോല്‍പ്പിച്ചപ്പോള്‍ കാര്‍ഡിഫ് സിറ്റിക്കെതിരെ ലെസ്റ്റര്‍ സിറ്റി വിജയം കണ്ടു.




Next Story

RELATED STORIES

Share it