Football

അഡ്രിയാന്‍ ലൂണയുമായുള്ള കരാര്‍ നീട്ടി കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി

പുതിയ കരാര്‍ പ്രകാരം 2024 വരെ ലൂണ ക്ലബ്ബില്‍ തുടരും.

അഡ്രിയാന്‍ ലൂണയുമായുള്ള കരാര്‍ നീട്ടി കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി
X

കൊച്ചി: മധ്യനിര താരം അഡ്രിയാന്‍ നിക്കോളാസ് ലൂണ റെട്ടാമറുമായുള്ള കരാര്‍ രണ്ട് വര്‍ഷത്തേക്ക് കൂടി നീട്ടിയതായി കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി . തുടക്കത്തില്‍ രണ്ട് വര്‍ഷത്തെ കരാറിലാണ് ഈ ഉറുഗ്വേന്‍ അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയില്‍ ചേര്‍ന്നത്. പുതിയ കരാര്‍ പ്രകാരം 2024 വരെ അദ്ദേഹം ക്ലബ്ബില്‍ തുടരും.ക്ലബ്ബ് വൈസ് ക്യാപ്റ്റനായിട്ടായിരുന്നു ക്ലബ്ബില്‍ അഡ്രിയാന്‍ ലൂണ തുടങ്ങിയത്. പിന്നീട് ജെസെല്‍ കര്‍ണെയ്‌റോ പരിക്കേറ്റ് പുറത്തായതോടെ ലൂണ പകരം ക്യാപ്റ്റനായി.

ബ്ലാസ്‌റ്റേഴ്‌സിലെ തന്റെ കന്നിസീസണില്‍ ആറ് ഗോളുകള്‍ നേടിയ ലൂണ ഏഴ് ഗോളുകള്‍ക്ക് അവസരമൊരുക്കുകയും ചെയ്തു. എല്ലായ്‌പ്പോഴും ഊര്‍ജ്വസലതയോടെ കളംനിറഞ്ഞ് ഓടുന്ന ലൂണ ടാക്ലിങ്ങിലും പന്ത് തിരിച്ചെടുക്കുന്നതിലും കഴിഞ്ഞ വര്‍ഷത്തെ ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഉന്നത നിലവാരം പുലര്‍ത്തി. ആക്രമണത്തിലും പ്രതിരോധത്തിലും ഒരുപോലെ സംഭാവന നല്‍കുന്ന അദ്ദേഹം ഹീറോ ഐഎസ്എല്‍ ഓഫ് ദി ഇയര്‍ ടീമിലും ഇടംനേടി.

ഉറുഗ്വേയിലാണ് ലൂണയുടെ കളിജീവിതം ആരംഭിച്ചത്, ക്ലബ്ബ് അത്‌ലറ്റികോ പ്രോഗ്രസോ, മോണ്ടെവിഡിയോ വാണ്ടറേഴ്‌സ്, ഡിഫെന്‍സര്‍ സ്‌പോര്‍ടിങ് എന്നിവയ്‌ക്കൊപ്പമായിരുന്നു അക്കാദമി വര്‍ഷങ്ങള്‍ ചിലവഴിച്ചത്. 2010ല്‍ ഡിഫെന്‍സറില്‍ ക്ലബ്ബിന്റെ ആദ്യ സീനിയര്‍ കുപ്പായത്തില്‍ ഇറങ്ങുന്നതിന് മുമ്പ് അണ്ടര്‍ 19 ടീമിലായിരുന്നു. അധികം വൈകാതെ, സ്പാനിഷ് ക്ലബ്ബുകളായ എസ്പാന്യോള്‍, ജിംനാസ്റ്റിക്, സിഇ സബാഡെള്‍ എന്നിവയില്‍ വായ്പാടിസ്ഥാനത്തില്‍ എത്തി. പിന്നീട് മെക്‌സിക്കോയില്‍ എത്തിയ ഈ ഇരുപത്തൊന്‍പതുകാരന്‍ അവിടെ ടിബുറോനെസ് റോഹാസ, വെനാഡോസ എഫ്‌സി ടീമുകളെ പ്രതിനിധീകരിച്ചു. 2021 സമ്മറില്‍ കേരള ബ്ലാസ്‌റ്റേഴ്‌സില്‍ ചേരുന്നതിന് മുന്‍പ് ഓസ്‌ട്രേലിയന്‍ ക്ലബ്ബായ മെല്‍ബണ്‍ സിറ്റിയുമായി കരാര്‍ ഒപ്പിട്ട ലൂണ രണ്ട് വര്‍ഷത്തിനിടെ 51 മത്സരങ്ങളില്‍ ടീമിനായി കളിച്ചു.

2009ലെ ഫിഫ അണ്ടര്‍ 17 ലോകകപ്പ്, 2011ലെ ഫിഫ അണ്ടര്‍ 20 ലോകകപ്പ് എന്നിവയിലും ലൂണ കളിച്ചിട്ടുണ്ട്. രണ്ട് ടൂര്‍ണമെന്റുകളില്‍ ഓരോ ഗോളുമടിച്ചു. ക്ലബ്ബ് കരിയറില്‍ 11 വര്‍ഷത്തിനിടെ വിവിധ ക്ലബ്ബുകള്‍ക്കായി 364 മല്‍സരങ്ങളില്‍ ഈ അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ ഇറങ്ങി, 53 ഗോളടിക്കുകയും 53 എണ്ണത്തിന് അവസമൊരുക്കുകയും ചെയ്തു.

അഡ്രിയാന്‍ ക്ലബ്ബിന് ഏറ്റവും യോജിച്ച കളിക്കാരനായിരുന്നുവെന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് മുഖ്യ പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച് പറഞ്ഞു.ഐഎസ്എലിലെ ഏറ്റവും മൂല്യമുള്ള കളിക്കാരിലൊരാളാണ്. മഹത്തായ വ്യക്തിത്വമുള്ള അദ്ദേഹം ടീമിലേക്ക് എതെങ്കിലും തരത്തിലുള്ള പ്രത്യേകത കൊണ്ടുവരുന്ന കളിക്കാരനാണ്. കരാര്‍ നീട്ടിയതില്‍ തങ്ങളെല്ലാവരും ആവേശത്തിലാണ്. അടുത്ത സീസണില്‍ അദ്ദേഹം കൊച്ചിയിലെത്തുമെന്നതില്‍ സന്തോഷമുണ്ട്. ആ മഞ്ഞക്കടലിനു മുന്നില്‍ കളിക്കുന്നതിനായുള്ള കാത്തിരിപ്പിലാണ് അദ്ദേഹമെന്നേ തനിക്ക് ഉറപ്പുണ്ടെന്നും ഇവാന്‍ വുകോമനോവിച്ച് പറഞ്ഞു.

ലൂണ ഒരു യഥാര്‍ഥ നേതാവും പോരാളിയും വലിയ വ്യക്തിത്വവുമാണെന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയുടെ സ്‌പോര്‍ട്ടിംഗ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് പറഞ്ഞു.അദ്ദേഹത്തെപ്പോലെ കൂടുതല്‍ കളിക്കാര്‍ ഉണ്ടാകാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നു. അദ്ദേഹവുമായി കരാര്‍ നീട്ടിയത് ക്ലബ്ബിന്റെ വലിയ നേട്ടമാണ്, ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും അഭിനന്ദിക്കുന്നുവെന്നും കരോലിസ് സ്‌കിന്‍കിസ് പറഞ്ഞു.

മഞ്ഞപ്പടയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ തനിക്ക് സന്തോഷമുണ്ടെന്ന് ലൂണ പറഞ്ഞു. കെബിഎഫ്‌സിയുമായുള്ള കരാര്‍ പുതുക്കിയതില്‍ അഭിമാനിക്കുന്നു. കേരളത്തിലെ തന്റെ ആദ്യ അനുഭവം അനുപമമായിരുന്നു. ക്ലബിനൊപ്പമുള്ള അടുത്ത മൂന്ന് വര്‍ഷം വളരെ മികച്ചതായിരിക്കുമെന്ന് വിശ്വസിക്കുന്നു. ഓരോ കളിയിലും ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കാനും, വരും സീസണില്‍ ടീമിന് വേണ്ടി മികച്ചത് നേടിയെടുക്കാനും കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നുവെന്നും ലൂണ പറഞ്ഞു.

കഴിഞ്ഞ സീസണില്‍ കെബിഎഫ്‌സി കരാര്‍ ഒപ്പിട്ട ആദ്യ വിദേശ കളിക്കാരനായിരുന്നു ലൂണ. ഈ സീസണില്‍ വിക്ടര്‍ മോംഗില്‍, ഇവാന്‍ കലിയൂഷ്‌നി, ജിയാനു അപ്പോസ്തലോസ് തുടങ്ങിയ നിരവധി പുതിയ വിദേശ കളിക്കാരെ ക്ലബ്ബ് ഇതിനകം ക്ലബിലെത്തിച്ചിട്ടുണ്ട്. ഓഫ് സീസണില്‍ കെബിഎഫ്‌സി നിരവധി കളിക്കാരുടെ കരാറും നീട്ടി. ലൂണയ്‌ക്കൊപ്പം, ബിജോയ് വര്‍ഗീസ്, ജീക്‌സണ്‍ സിങ്, മാര്‍ക്കോ ലെസ്‌കോവിച്ച്, പ്രഭ്‌സുഖന്‍ ഗില്‍, കരണ്‍ജിത് സിങ്, സന്ദീപ് സിങ് എന്നിവരുടെ കരാര്‍ ബ്ലാസ്‌റ്റേഴ്‌സ് നീട്ടിയിട്ടുണ്ട്.

Next Story

RELATED STORIES

Share it