Football

ജനുവരി ട്രാന്‍സ്ഫര്‍ വിപണിയിലേക്ക് കവാനി, എംബാപ്പെ, പോഗ്‌ബെ

ജനുവരി ട്രാന്‍സ്ഫര്‍ വിപണിയിലേക്ക് കവാനി, എംബാപ്പെ, പോഗ്‌ബെ
X

പാരിസ്: ജനുവരിയില്‍ ക്ലബ്ബ് ഫുട്‌ബോള്‍ ട്രാന്‍സ്ഫര്‍ വിപണിയില്‍ ഒരുങ്ങുന്നത് വന്‍ താരലേലം. പിഎസ്ജി താരങ്ങളായ എഡിസണ്‍ കവാനി, കിലിയന്‍ എംബാപ്പെ, മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരം പോള്‍ പോഗ്‌ബെ എന്നിവരാണ് അടുത്ത മാസത്തെ ട്രാന്‍സ്ഫര്‍ കൈമാറ്റ വിപണിയിലേക്ക് ഇറങ്ങുന്നത്.

ഉറുഗ്വെ സ്‌ട്രൈക്കര്‍ എഡിസണ്‍ കവാനിയാണ് ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജി വിടാനൊരുങ്ങുന്നത്. സ്പാനിഷ് ക്ലബ്ബ് അത്‌ലറ്റിക്കോ മാഡ്രിഡാണ് കവാനിയെ റാഞ്ചാന്‍ ഒരുങ്ങുന്നത്. മാഡ്രിഡ് കവാനിയുമായി ചര്‍ച്ച നടത്തിയെന്നും ഉടന്‍ ക്ലബ്ബ് വിടുമെന്നാണ് റിപോര്‍ട്ട്. പിഎസ്ജിയുടെ മറ്റൊരു പ്രമുഖ ഫ്രഞ്ച് താരമായ കിലിയന്‍ എംബാപ്പെയെ നോട്ടമിട്ടിരിക്കുന്നത് സ്പാനിഷ് ഭീമന്‍മാരായ റയല്‍ മാഡ്രിഡാണ്. നിലവില്‍ പിഎസ്ജിയുമായി എംബാപ്പെ നല്ല ബന്ധത്തിലല്ലെന്നും റയലിലേക്ക് പോകാന്‍ താരം സന്നദ്ധമെന്നുമാണ് റിപോര്‍ട്ട്. കൂടാതെ റയല്‍ താരം വിനീഷ്യസ് ജൂനിയറെ പിഎസ്ജിയിലെത്തിക്കാന്‍ ക്ലബ്ബ് തയ്യാറാണെന്നും റിപോര്‍ട്ടുണ്ട്.

നെയ്മര്‍ക്കൊപ്പം ബ്രസീല്‍ താരമായ വിനീഷ്യസിനെ പിഎസ്ജി നിരയില്‍ ഇറക്കാമെന്നാണ് പിഎസ്ജിയുടെ ആഗ്രഹം. ഇരു താരങ്ങളെയും ജനുവരിയില്‍ കൈമാറാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരം പോള്‍ പോഗ്‌ബെയാണ് ട്രാന്‍സ്ഫര്‍ വിപണിയിലെ മറ്റൊരു പ്രമുഖ താരം. ഫ്രഞ്ച് താരമായ പോഗ്‌ബെ തന്റെ പഴയ ക്ലബ്ബ യുവന്റസിലേക്ക് പോകാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. നിലവില്‍ യുനൈറ്റഡുമായുള്ള കരാര്‍ താരം പുതുക്കുന്നില്ല. ഇതും പോഗ്‌ബെയുടെ ഇറ്റലിയിലേക്ക് പോകാനുള്ള തയ്യാറെടുപ്പായാണ് കാണുന്നത്. മോശം ഫോമിലുള്ള യുനൈറ്റഡിനൊപ്പം തുടരാന്‍ പോഗ്‌ബെയ്ക്ക് ആഗ്രഹമില്ലെന്നും ഫ്രഞ്ച് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. യുവന്റസ് താരവുമായി ചര്‍ച്ച തുടങ്ങിയിട്ടുണ്ട്. കൈമാറ്റ ജാലകത്തില്‍ 60 ദശലക്ഷം യൂറോയും എംറി ക്യാനെയും നല്‍കിയാണ് യുവന്റസ് പോഗ്‌ബെയെ സ്വന്തമാക്കാന്‍ ഒരുങ്ങുന്നത്. ബാഴ്‌സലോണാ താരം ലൂയിസ് സുവാരസ് ചൈനീസ് ക്ലബ്ബിലേക്ക് പോകുമെന്ന റിപ്പോര്‍ട്ടും വിപണിയില്‍ സജീവമാണ്.

Next Story

RELATED STORIES

Share it