Football

ഇസ്രായേലിന്റെ ലോകകപ്പ് മോഹങ്ങളെ തല്ലിതകര്‍ത്ത് ഇറ്റലി; ഫലസ്തീന്‍ അനുകൂല മാര്‍ച്ചില്‍ സംഘര്‍ഷം, ആയിരങ്ങള്‍ പങ്കെടുത്തു (ചിത്രങ്ങള്‍)

ഇസ്രായേലിന്റെ ലോകകപ്പ് മോഹങ്ങളെ തല്ലിതകര്‍ത്ത് ഇറ്റലി;  ഫലസ്തീന്‍ അനുകൂല മാര്‍ച്ചില്‍ സംഘര്‍ഷം, ആയിരങ്ങള്‍ പങ്കെടുത്തു (ചിത്രങ്ങള്‍)
X

ഉഡിനി: 2026 ഫിഫാ ലോകകപ്പില്‍ കളിക്കാമെന്ന ഇസ്രായേലിന്റെ പ്രതീക്ഷകളെ തകര്‍ത്ത് ഇറ്റലി. ലോകകപ്പ് യോഗ്യതാ മല്‍സരത്തില്‍ ഇസ്രായേലിനെ എതിരില്ലാത്ത മൂന്നു ഗോളിന് ഇറ്റലി തകര്‍ത്തു. മാറ്റിയോ റെറ്റന്‍ഗി നേടിയ പെനാല്‍റ്റി ഗോളാണ് ഇറ്റലിയെ മുന്നിലെത്തിച്ചത്. 74ാം മിനിറ്റില്‍ റെറ്റന്‍ഗി രണ്ടാമത്തെ ഗോളും കണ്ടെത്തി (2-0). അന്തിമവിസിലിന് തൊട്ടുമുന്‍പ് ജിയാന്‍ലുക്ക മാന്‍സീനിയുടെ ഗോള്‍കൂടി എത്തിയതോടെ ഇസ്രായേല്‍ പതനം പൂര്‍ണമായി.


വിജയത്തോടെ ആറ് മല്‍സരങ്ങളില്‍ നിന്ന് 15 പോയിന്റുമായി ഗ്രൂപ്പ് ഐയില്‍ രണ്ടാമതാണ് ഇറ്റലി. 18 പോയിന്റുള്ള നോര്‍വെയാണ് ഒന്നാമത്. ഏഴ് മല്‍സരങ്ങളില്‍ നിന്ന് ഒന്‍പത് പോയിന്റുമായി മൂന്നാം സ്ഥാനത്തുള്ള ഇസ്രായേലിന്റെ ലോകകപ്പ് യോഗ്യത സാധ്യതകള്‍ ഏറെകുറെ അവസാനിച്ചു.


മല്‍സരത്തിന് മുമ്പ് നഗരത്തില്‍ നടന്ന ഫലസ്തീന്‍ അനുകൂല പ്രകടനം സംഘര്‍ഷത്തില്‍ കലാശിച്ചു. 5,000ത്തിലധികം പേര്‍ ഇസ്രായേലിന്റെ ഗസ വംശഹത്യക്കെതിരേ നടന്ന പ്രകടനത്തില്‍ പങ്കെടുത്തു. പ്രതിഷേധക്കാര്‍ക്ക് നേരെ പോലിസ് കണ്ണീര്‍വാതകം പ്രയോഗിച്ചതാണ് സംഘര്‍ഷത്തിന് കാരണം. ഇസ്രായേലിനെ ഫിഫ ഫുട്‌ബോളില്‍ നിന്ന് വിലക്കണമെന്ന ബാനറുകളുമായാണ് പ്രതിഷേധക്കാര്‍ സംഘടിച്ചത്.


ഇസ്രായേലിന് ചുവപ്പ് കാര്‍ഡ് കാണിക്കൂ എന്ന ബാനറുകളും പ്രകടനത്തില്‍ കാണാമായിരുന്നു. 18 മീറ്ററോളം നീളമുള്ള ഫലസ്തീന്‍ പതാകകള്‍ വഹിച്ചാണ് നഗരം ചുറ്റി പ്രകടനം നടത്തിയത്. പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച് നഗരത്തിലെ കടകളെല്ലാം അടച്ചിരുന്നു. ഇസ്രായേല്‍-ഇറ്റലി മല്‍സരത്തിന്റെ സ്റ്റേഡിയം കപാസിറ്റി 25,000 ആണ്. എന്നാല്‍ ഒമ്പതിനായിരം പേര്‍ മാത്രമാണ് മല്‍സരം കാണാനെത്തിയത്. ഇറ്റലിയുടെ ഫലസ്തീന്‍ അനുകൂല പ്രകടനം ദിവസങ്ങള്‍ക്ക് മുമ്പേ മാധ്യമ ശ്രദ്ധ നേടിയിരുന്നു.







Next Story

RELATED STORIES

Share it