Football

ഐഎസ്എല്‍; ഈ സീസണില്‍ ഹോം-എവേ മല്‍സരങ്ങള്‍ ഉണ്ടാവില്ല

ഐഎസ്എല്‍; ഈ സീസണില്‍ ഹോം-എവേ മല്‍സരങ്ങള്‍ ഉണ്ടാവില്ല
X

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപര്‍ ലീഗിലെ പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ ഈ സീസണില്‍ ഹോം-എവേ മല്‍സരങ്ങള്‍ ഉണ്ടാവില്ലെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ മാര്‍ക്കസ് മെര്‍ഗുല്‍ഹാവോ. വരാനിരിക്കുന്ന സീസണില്‍ പരമ്പരാഗതമായ ഹോം-എവേ രീതിയിലുള്ള മല്‍സരങ്ങള്‍ ഉണ്ടാകില്ലെന്നാണ് മാര്‍ക്കസ് റിപോര്‍ട്ടു ചെയ്യുന്നത്. ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്(എഐഎഫ്എഫ്)ഇതുവരെ ഒരു കൊമേഴ്ഷ്യല്‍ പാര്‍ട്ണറെ കണ്ടെത്താന്‍ കഴിയാത്തതിനെത്തുടര്‍ന്ന് ഐഎസ്എല്‍ ഉള്‍പ്പെടെയുള്ള ലീഗുകള്‍ അനിശ്ചിതത്വത്തിലായ സാഹചര്യത്തിലാണ് ഈ നീക്കം.

നിലവിലെ പ്രതിസന്ധി മറികടക്കാന്‍ ചില അടിയന്തര മാര്‍ഗ്ഗങ്ങളാണ് എഐഎഫ്എഫ് ആലോചിക്കുന്നത്. ടീമുകളെ ഈസ്റ്റ്, വെസ്റ്റ് എന്നിങ്ങനെ രണ്ട് കോണ്‍ഫറന്‍സുകളായി തിരിക്കുകയോ, അല്ലെങ്കില്‍ കൊല്‍ക്കത്ത, ഗോവ തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് ഓരോ മല്‍സരങ്ങള്‍ നടത്തുകയോ ചെയ്യാനാണ് പദ്ധതി. ഫെബ്രുവരി മുതല്‍ മെയ് വരെയുള്ള കുറഞ്ഞ കാലയളവില്‍ സീസണ്‍ പൂര്‍ത്തിയാക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നത്. എന്നാല്‍ ബജറ്റ്, സംപ്രേക്ഷണം, വേദികള്‍ എന്നിവയെക്കുറിച്ച് ഇപ്പോഴും വ്യക്തതയില്ലാത്തത് ക്ലബ്ബുകളെ വലിയ ആശങ്കയിലാക്കുന്നു.

ലീഗ് വൈകുന്നത് ഇന്ത്യന്‍ താരങ്ങളുടെ ശാരീരികക്ഷമതയെയും ദോഷകരമായി ബാധിച്ചിട്ടുണ്ട്. ആരാധകരെ സംബന്ധിച്ചിടത്തോളം സ്വന്തം മൈതാനത്ത് ടീമിന്റെ കളി കാണാന്‍ കഴിയാത്തത് വലിയ തിരിച്ചടിയാണെങ്കിലും, ലീഗ് പൂര്‍ണമായും റദ്ദാക്കുന്നതിലും ഭേദമാണ് ഈ പുതിയ പദ്ധതിയെന്ന് പലരും കരുതുന്നു. ഇന്ത്യന്‍ ഫുട്‌ബോളിന്റെ വിശ്വാസ്യത വീണ്ടെടുക്കുന്നതിനായി എഐഎഫ്എഫ് എത്രയും വേഗം കൃത്യമായ തീരുമാനങ്ങള്‍ പ്രഖ്യാപിക്കണമെന്നാണ് ഫുട്‌ബോള്‍ പ്രേമികളുടെ ആവശ്യം.

Next Story

RELATED STORIES

Share it