Football

ഐഎസ്എല്‍; കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളുടെയും പരിശീലകരുടെയും കരാറുകള്‍ റദ്ദാക്കില്ല

ഐഎസ്എല്‍; കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളുടെയും പരിശീലകരുടെയും കരാറുകള്‍ റദ്ദാക്കില്ല
X

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐ എസ് എല്‍) പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്ക് ആശ്വാസ വാര്‍ത്ത. താരങ്ങളുടെയും പരിശീലകരുടെയും കരാറുകള്‍ റദ്ദാക്കില്ലെന്ന് ക്ലബ്ബ് അറിയിച്ചു. ഐ എസ് എല്‍ ആരംഭിക്കുന്നത് സംബന്ധിച്ച അനിശ്ചിതത്വം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മറ്റ് ചില ടീമുകള്‍ താരങ്ങളുടെ കരാറുകള്‍ സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചിരുന്നു. ഈ റിപോര്‍ട്ടുകള്‍ക്കിടയിലാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഈ സുപ്രധാന തീരുമാനം.

ഐ എസ്എല്‍ എപ്പോള്‍ തുടങ്ങുമെന്ന കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. വരുമാനം പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനും (എ.ഐ.എഫ്.എഫ്.) ടീം ഉടമകളും തമ്മിലുള്ള തര്‍ക്കങ്ങളാണ് പ്രധാന പ്രശ്‌നം. സെപ്റ്റംബറില്‍ ആരംഭിക്കേണ്ടിയിരുന്ന ലീഗ് ഈ പ്രശ്‌നങ്ങള്‍ കാരണം അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ഇത് പല ടീമുകളുടെയും പ്രീസീസണ്‍ തയ്യാറെടുപ്പുകളെയും ബാധിച്ചിട്ടുണ്ട്.

പ്രതിസന്ധി ചര്‍ച്ച ചെയ്യുന്നതിനായി എ.ഐ.എഫ്.എഫ് എട്ട് ടീമുകളെ വ്യാഴാഴ്ച ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. ഈ ചര്‍ച്ചയില്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാകുമെന്നാണ് ടീമുകളുടെ പ്രതീക്ഷ. സുപ്രിം കോടതിയിലുള്ള കേസില്‍ തീരുമാനം വന്നാല്‍ ഉടന്‍ തന്നെ ലീഗ് ആരംഭിക്കാന്‍ കഴിയുമെന്നും കേരള ബ്ലാസ്റ്റേഴ്‌സ് വിശ്വസിക്കുന്നു.

നിലവില്‍ ഒഡിഷ എഫ് സി ഉള്‍പ്പെടെയുള്ള ടീമുകള്‍ താരങ്ങളുടെ കരാറുകള്‍ സസ്പെന്‍ഡ് ചെയ്തതായി റിപോര്‍ട്ടുകളുണ്ടായിരുന്നു. ഇത് കേരള ബ്ലാസ്റ്റേഴ്‌സും പിന്തുടരുമോ എന്ന് ആരാധകര്‍ക്കിടയില്‍ ആശങ്കയുണ്ടായിരുന്നു. എന്നാല്‍ എല്ലാ താരങ്ങളെയും പരിശീലകരെയും ഒപ്പം നിര്‍ത്തുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് ബ്ലാസ്റ്റേഴ്‌സ് ആ ആശങ്കകള്‍ക്ക് വിരാമമിട്ടു. ടീം ഒന്നായി ഈ പ്രതിസന്ധിയെ നേരിടുമെന്ന് ക്ലബ്ബ് അധികൃതര്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it