Football

ഐഎസ്എല്‍: ഹൈദരാബാദിന്റെ നാലടിയില്‍ തകര്‍ന്ന് കേരള ബ്ലാസ്റ്റേഴ്സ്

ഹൈദരാബാദ് എഫ്സി- 4.കേരള ബ്ലാസ്റ്റേ്ഴ്സ് എഫ്സി -0.ഹൈദാരാബാദിനായി സന്‍ഡാസ ഇരട്ട ഗോളുകള്‍ നേടി. സന്റാന, ജാവോ വിക്ടര്‍ എന്നിവര്‍ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി. രണ്ടാം പകുതിയിലാണ് ബ്ലാസ്റ്റേഴ്സ് നാലു ഗോളുകളും വഴങ്ങിയത്

ഐഎസ്എല്‍: ഹൈദരാബാദിന്റെ നാലടിയില്‍ തകര്‍ന്ന് കേരള ബ്ലാസ്റ്റേഴ്സ്
X

തിലക് മൈതാന്‍ സ്റ്റേഡിയം (ഗോവ): ഐഎസ്എല്‍ ഏഴാം സീസണിലെ 18ാം മല്‍സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി, ഹൈദരാബാദ് എഫ്സിയോട് എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് തോറ്റു. ഹൈദാരാബാദിനായി സന്‍ഡാസ ഇരട്ട ഗോളുകള്‍ നേടി. സന്റാന, ജാവോ വിക്ടര്‍ എന്നിവര്‍ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി. രണ്ടാം പകുതിയിലാണ് ബ്ലാസ്റ്റേഴ്സ് നാലു ഗോളുകളും വഴങ്ങിയത്. ഹൈദരാബാദിനെതിരായ ആദ്യ പാദ മല്‍സരം 2-0ന് ബ്ലാസ്റ്റേഴ്സ് വിജയിച്ചിരുന്നു. 16 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് പത്താം സ്ഥാനത്ത് തുടര്‍ന്നു. 27 പോയിന്റോടെ ഹൈദരാബാദ് അഞ്ചില്‍ നിന്ന് മൂന്നാം സ്ഥാനത്തേക്ക് കുതിച്ചു.

സീസണില്‍ ബ്ലാസ്റ്റേഴ്സിന്റെ എട്ടാം തോല്‍വിയാണിത്. മൂന്നു മത്സരങ്ങള്‍ ജയിച്ച ബ്ലാസ്റ്റേഴ്സ് ഏഴു മത്സരങ്ങള്‍ സമനിലയിലാക്കി. നാലു മാറ്റങ്ങളുമായാണ് ബ്ലാസ്റ്റേഴ്സ് ഹൈദരാബാദിനെതിരെ കളിക്കാനിറങ്ങിയത്. പ്രതിരോധത്തില്‍ ബകാരി കോനെ തിരിച്ചെത്തി. കോസ്റ്റ നമിയോന്‍സു, സന്ദീപ് സിങ്, ധെനെചന്ദ്ര എന്നിവരായിരുന്നു പ്രതിരോധത്തിലെ മറ്റുള്ളവര്‍. ജീക്സണ്‍ സിങ് പുറത്തിരുന്നു. മധ്യനിരയിലായിരുന്നു മൂന്നു മാറ്റങ്ങളും. വിസെന്റ ഗോമെസിനെ നിലനിര്‍ത്തിയപ്പോള്‍ സെയ്ത്യസെന്‍ സിങ്, രോഹിത്കുമാര്‍, കെ പ്രശാന്ത് എന്നിവര്‍ തിരിച്ചുവന്നു. മുന്നേറ്റത്തില്‍ ഗാരി ഹൂപ്പറും ജോര്‍ദാന്‍ മറെയും തന്നെ. ഗോള്‍ വലയ്ക്ക് മുന്നില്‍ ആല്‍ബിനോ ഗോമെസിനും മാറ്റമുണ്ടായില്ല. അരിദാനെ സന്റാന, ഫ്രാന്‍ സന്‍ഡാസ എന്നിവരെ മുന്നേറ്റത്തില്‍ അണിനിരത്തിയാണ് ഹൈദരാബാദ് ഇറങ്ങിയത്. ഹാളീചരണ്‍ നര്‍സാറി, ജാവോ വിക്ടര്‍, ഹിതേഷ് ശര്‍മ, ജോയല്‍ ചിയാനീസ് എന്നിവര്‍ മധ്യനിരയില്‍. പ്രതിരോധത്തില്‍ ആകാശ് മിശ്ര, ചിങ്ളെന്‍സന സിങ്, ഒഡെയ് ഒനന്‍ഡ്യ, ആശിഷ് റായ് എന്നിവരുമെത്തി. ലക്ഷ്മികാന്ത് കട്ടിമണി ഗോള്‍ വല കാത്തു.


കളി തുടങ്ങി ആദ്യ മിനുറ്റുകളില്‍ തന്നെ കേരള ബ്ലാസ്റ്റേഴ്സ് ആക്രമിച്ചു കളിച്ചു. അഞ്ചാം മിനുറ്റില്‍ ആദ്യ കോര്‍ണര്‍ അവസരം. സെയ്ത്യസെന്‍ സിങിന്റെ കിക്ക് ബോക്സിലേക്ക്, പന്തില്‍ കൃത്യമായി കണക്ട് ചെയ്യാന്‍ ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ക്ക് കഴിഞ്ഞില്ല, മിശ്ര, പന്ത് ക്ലിയര്‍ ചെയ്ത് അപകടവും ഒഴിവാക്കി. 19ാം മിനുറ്റില്‍ ബോക്സിന് മുന്നിലെ ഫ്രീകിക്കിന് പിന്നാലെ ഹൈദാരാബാദ് പ്രത്യാക്രണമത്തിന് ശ്രമിച്ചെങ്കിലും പ്രതിരോധം ശക്തരായി നിന്നു. തൊട്ടുപിന്നാലെ ബ്ലാസ്റ്റേഴ്സ് ബോക്സിന് മുന്നില്‍ ഹൈദരാബാദിന്റെ മറ്റൊരു സുവര്‍ണാവസരം കോനെയും ഇല്ലാതാക്കി. ക്ലിയര്‍ ചെയ്യാന്‍ വല വിട്ടിറങ്ങിയ ആല്‍ബിനോ ഗോമെസിന്റെ ശ്രമം വിഫലമായതോടെ പന്ത് ബോക്സിന് മുന്നില്‍ തന്നെ വീണു. അരിദാനെ പന്ത് നോക്കി തൊട്ടടുത്തുണ്ടായിരുന്നു. എന്നാല്‍ കോനെ, പന്ത് ഗ്രൗണ്ടിന് പുറത്തേക്കടിച്ച് അപകടം ഒഴിവാക്കി. 29ാം മിനുറ്റില്‍ ബ്ലാസ്റ്റേഴ്സ് ഗോളിനടുത്തെത്തി. ഇടതുപാര്‍ശ്വത്തില്‍ നിന്ന് ബോക്സിലേക്ക് രോഹിത്കുമാര്‍ സുന്ദരമായി പന്തെത്തിച്ചു. മറെ നെഞ്ച് കൊണ്ട് പന്ത് ഹൂപ്പറിന് കൈമാറി. ബോക്സിന്റെ അതിര്‍ത്തിവരയ്ക്ക് മുന്നില്‍ ഹൂപ്പറിന്റെ നിലംപറ്റെയുള്ള വലങ്കാല്‍ ഷോട്ട് ശക്തിയേറിയതായിരുന്നു, പക്ഷേ പന്ത് നേരെ കട്ടിമണിയുടെ കൈകളിലെത്തി, ഹൈദരാബാദ് കോര്‍ണര്‍ വഴങ്ങി.

36ാം മിനുറ്റിലെ പ്രത്യാക്രമണത്തില്‍ ബ്ലാസ്റ്റേഴ്സിന് മറ്റൊരു മികച്ച അവസരം കൂടി വന്നു. വലതുപാര്‍ശ്വത്തില്‍ നിന്ന് ബോക്സിലേക്ക് സന്ദീപ് സിങിന്റെ നിലംതൊട്ടുള്ള ക്രോസ്. പന്ത് കണക്ട് ചെയ്യാന്‍ മറെ ഒരു വിഫല ശ്രമം നടത്തി. തൊട്ടുപിന്നില്‍ ഹൂപ്പറുണ്ടായിരുന്നു. ഒനന്‍ഡ്യയുടെ സമയോചിതമായ ഇടപെടല്‍ ബ്ലാസ്റ്റേഴ്സിന്റെ മറ്റൊരു ഗോള്‍ അവസരം കൂടി ഇല്ലാതാക്കി. 38ാം മിനുറ്റില്‍ ബോക്സിനകത്തേക്ക് ഹൂപ്പര്‍ ഒറ്റയാനായി കുതിച്ചു. പ്രതിരോധ താരങ്ങളെ വകഞ്ഞുമാറ്റിയുള്ള മുന്നേറ്റം ത്രോബോളില്‍ അവസാനിച്ചു. ബ്ലാസ്റ്റേഴ്സ് ശ്രമങ്ങള്‍ സജീവമാക്കി. 40ാം മിനുറ്റില്‍ പ്രശാന്ത് ലക്ഷ്യം നേടുമെന്ന് തോന്നിച്ചു. വലത് പാര്‍ശ്വത്തില്‍ പന്ത് ക്ലിയര്‍ ചെയ്യാനുള്ള ശ്രമത്തിനിടെ ആകാശ് മിശ്രയ്ക്ക് പിഴവ് പറ്റി. ഓടിയെത്തിയ പ്രശാന്ത് പന്ത് സ്വന്തമാക്കി. ഗോള്‍കീപ്പര്‍ പൊസിഷന്‍ മാറി നിന്നിട്ടും പന്ത് ലക്ഷ്യത്തിലെത്തിക്കാന്‍ പ്രശാന്തിനായില്ല. കൃത്യം കട്ടിമണിയുടെ കൈകളില്‍ തന്നെ പന്തെത്തി. ആദ്യപകുതി അവസാനിക്കും മുമ്പ് ഹൈദരാബാദിന്റെ ഒരു ഗോള്‍ ശ്രമം കൂടി ബ്ലാസ്റ്റേഴ്സ് ഇല്ലാതാക്കി. സന്റാന മുന്നില്‍ നില്‍ക്കെ അപകടം മുന്‍കൂട്ടി കണ്ട് വല വിട്ടിറങ്ങിയ ആല്‍ബിനോ മിക്കച്ചൊരു നീക്കത്തിലൂടെ പന്ത് കൈക്കലാക്കുകയായിരുന്നു.


രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ബ്ലാസ്റ്റേഴ്സ് ആദ്യമാറ്റം വരുത്തി. രോഹിത് കുമാറിന് പകരം ഗീവ്സണ്‍ സിങ് ഇറങ്ങി. സമനിലകുരുക്കഴിക്കാന്‍ ഇരുടീമുകളും ശ്രമം തുടര്‍ന്നു. തുടര്‍ച്ചയായ നീക്കങ്ങള്‍ക്കൊടുവില്‍ 58ാം മിനുറ്റില്‍ കേരള ബ്ലാസ്റ്റേഴ്സ് ഗോള്‍ വഴങ്ങി. പ്രതിരോധ താരങ്ങളുടെ പിഴവില്‍ നിന്നായിരുന്നു ഹൈദരാബാദിന്റെ ലീഡ്. ഒനന്‍ഡ്യയുടെ ലോങ്ബോള്‍ ക്ലിയര്‍ ചെയ്യാനുള്ള കോനെയുടെ ശ്രമം വിജയിച്ചില്ല. പന്തുമായി ചിയാനീസ് ബ്ലാസ്റ്റേഴ്സ് ബോക്സിലേക്ക് മുന്നേറി. വലയിലേക്ക് പന്തടിക്കാനുള്ള ശ്രമത്തിനിടെ താരം താഴെ വീണു, പന്ത് സന്‍ഡാസയിലേക്ക് ഉരുണ്ടു, സ്പാനിഷ് താരം അനായാസം പന്ത് വലയിലേക്ക് തിരിച്ചു വിട്ടു(1-0). തൊട്ടടുത്ത മിനുറ്റില്‍ മറെയുടെ ഒരു ഷോട്ട് ഗോള്‍ പോസ്റ്റില്‍ നിന്നും അകന്നു പോയി. 62ാം മിനുറ്റില്‍ ഹൈദരാബാദ് ലീഡുയര്‍ത്തി. ബോക്സിന് തൊട്ട് പുറത്ത് ആല്‍ബിനോയിലേക്ക് പന്ത് കൈമാറാനുള്ള കോനെയുടെ നീക്കം പെനാല്‍റ്റിയില്‍ കലാശിച്ചു. ഗോള്‍കീപ്പര്‍ ചിയാനീസിനെ വീഴ്ത്തിയതിന് ഹൈദരാബാദിന് അനുകൂലമായ പെനാല്‍റ്റി. കിക്കെടുത്ത സന്‍ഡാസയ്ക്ക് പിഴച്ചില്ല.(2-0).

ബ്ലാസ്റ്റേഴ്സ് തുടര്‍ച്ചയായ മാറ്റങ്ങള്‍ വരുത്തി. സെയ്ത്യസെന്‍ സിങിന് പകരം കെ പി രാഹുല്‍ ഉം ബക്കാരി കോനെയ്ക്ക് പകരം ജുവാന്‍ഡെയും ബ്ലാസ്റ്റേഴ്സ് നിരയിലെത്തി. ഗാരി ഹൂപ്പറിനും പ്രശാന്തിനും യഥാക്രമം റിത്വിക് ദാസും ആയുഷ് അധികാരിയും പകരക്കാരായി. കളി തിരിച്ചുപിടിക്കാന്‍ ടീം ചില ശ്രമങ്ങള്‍ നടത്തി. പക്ഷേ 86ാം മിനുറ്റിലെ സന്റാനയുടെ ബുള്ളറ്റ് ഹെഡറും(3-0), ഇഞ്ചുറി ടൈമില്‍ ജാവോ വിക്ടറുടെ ഗോളും(4-0) കേരള ബ്ലാസ്റ്റേഴ്സിന്റെ പരാജയം ഉറപ്പാക്കി.21ന് ചെന്നൈയിന്‍ എഫ്സിക്കെതിരെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.

Next Story

RELATED STORIES

Share it