Football

ഐഎസ്എല്‍; പിഴയടക്കില്ലെന്ന് ബ്ലാസ്റ്റേഴ്സ്; കേസ് അന്താരാഷ്ട്ര കായിക കോടതിയില്‍

എന്നാല്‍ പിഴ അടക്കില്ലെന്ന ഉറച്ച തീരുമാനത്തിലാണ് കൊമ്പന്മാര്‍.

ഐഎസ്എല്‍; പിഴയടക്കില്ലെന്ന് ബ്ലാസ്റ്റേഴ്സ്; കേസ് അന്താരാഷ്ട്ര കായിക കോടതിയില്‍
X

മുംബൈ: ഐഎസ്എല്ലില്‍ മത്സരം ബഹിഷ്‌കരിച്ചതിന് കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ ചുമത്തിയ പിഴ അടയ്ക്കില്ലെന്ന് ക്ലബ്ബ് വീണ്ടും ആവര്‍ത്തിച്ചു. എഐഎഫ്എഫ് ചുമത്തിയ നാല് കോടി രൂപയുടെ പിഴ കേരള ബ്ലാസ്റ്റേഴ്സ് അടക്കില്ല. മറിച്ച്, അന്താരാഷ്ട്ര തലത്തില്‍ കായിക തര്‍ക്കങ്ങള്‍ പരിഹരിക്കുന്ന കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷനിലേക്ക് അപ്പീലുമായി നീങ്ങാനാണ് ക്ലബ്ബിന്റെ തീരുമാനം. കായികതര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനുള്ള ലോകത്തിലെ പ്രധാനപ്പെട്ട കോടതിയാണ് സ്വിറ്റ്സര്‍ലന്‍ഡിലെ ലോസാന്‍ ആസ്ഥാനമായ കോടതി. ഐഎസ്എല്ലിലെ എലിമിനേറ്ററില്‍ ബെംഗളൂരു എഫ്സിക്ക് എതിരെയുള്ള മത്സരത്തില്‍ സുനില്‍ ഛേത്രിയെടുത്ത ഫ്രീ കിക്ക് അനുവദിച്ച റഫറിയുടെ തീരുമാനം ക്ലബിനെയും ആരാധകരെയും അക്ഷരാത്ഥത്തില്‍ ഞെട്ടിച്ചിരുന്നു. ഛേത്രിയുടെ ഗോള്‍ അനുവദിച്ചതിന് തുടര്‍ന്ന് കളിക്കാരോട് മൈതാനം വിടാന്‍ ബ്ലാസ്റ്റേഴ്‌സിന്റെ മുഖ്യപരിശീലകനായ ഇവാന്‍ നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് മിനിറ്റുകള്‍ക്ക് ശേഷം ബെംഗളൂരുവിനെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു.

ഗോള്‍ രഹിത സമനിലയില്‍ അവസാനിച്ച മുഴുവന്‍ സമയത്തിന് ശേഷം അധിക സമയത്തേക്ക് നീങ്ങിയ മത്സരം ടീമിന് നിര്‍ണായകമായിരുന്നു. മത്സരത്തില്‍ 96-ാം മിനുട്ടില്‍ സുനില്‍ ഛേത്രി ഫ്രീകിക്കിലൂടെ ഗോള്‍ നേടി. ഈ ഗോളില്‍ പ്രതിഷേധിച്ചാണ് ക്ലബ് മത്സരം ബഹിഷ്‌കരിച്ചത്. ആ ഗോള്‍ ഫുട്‌ബോള്‍ നിയമങ്ങള്‍ക്ക് എതിരാണെന്നാണ് ബ്ലാസ്റ്റേഴ്‌സിന്റെ വാദം.മത്സരത്തിനിടെ കളിക്കളം വിട്ട ബ്ലാസ്റ്റേഴ്‌സിന്റെ നീക്കത്തെ വിമര്‍ശിച്ച, ഫുട്‌ബോള്‍ ഫെഡറേഷന്റെ അച്ചടക്ക സമിതി ക്ലബിന് നാല് കോടി രൂപ പിഴ ചുമത്തിയിരുന്നു. വാക്ക്ഔട്ടിന് നേതൃത്വം നല്‍കിയ മുഖ്യ പരിശീലകന്‍, ഇവാന്‍ വുകുമനോവിച്ചിന് പത്ത് മത്സരങ്ങളില്‍ വിലക്കും അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. സംഭവത്തില്‍ ക്ലബും പരിശീലകനും ക്ഷമാപണം നടത്തുവാനും എഐഎഫ്എഫ് വിധിച്ചു. പരിശീലകന് നല്‍കിയ പത്ത് മത്സരങ്ങളുടെ വിലക്കില്‍ മൂന്നെണ്ണം ഏപ്രില്‍ നടന്ന സൂപ്പര്‍ കപ്പ് ടൂര്‍ണമെന്റില്‍ ഇവാന്‍ നേരിട്ടു.

പിഴ അടക്കുന്ന കാര്യത്തില്‍ അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ അച്ചടക്ക സമിതിയുടെ വിധിയില്‍ ബ്ലാസ്റ്റേഴ്‌സ് അപ്പീല്‍ നല്‍കിയിരുന്നു. എന്നാല്‍, അപ്പീല്‍ കമ്മിറ്റി അച്ചടക്ക സമിതിയുടെ വിധി ശരി വെച്ചു. രണ്ടാഴ്ചക്കുള്ളില്‍ പിഴ അടക്കാന്‍ ജൂണ്‍ രണ്ടിനു ക്ലബിനോട് ആവശ്യപ്പെടും ചെയ്തു. എന്നാല്‍ പിഴ അടക്കില്ലെന്ന ഉറച്ച തീരുമാനത്തിലാണ് കൊമ്പന്മാര്‍. ഫുട്‌ബോള്‍ ഫെഡറേഷന്‍ ചുമത്തിയ ഭീമമായ പിഴ ക്ലബിന് വലിയ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കിയതിനാല്‍ വനിതാ ടീമിന്റെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെച്ചതായി കേരള ബ്ലാസ്റ്റേഴ്സ് നേരത്തെ അറിയിച്ചിരുന്നു.




Next Story

RELATED STORIES

Share it