Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സിന് തോല്‍വിയോടെ തുടക്കം

ഉദ്ഘാടന മല്‍സരത്തില്‍ ചിരവൈരികളായ എടികെ മോഹന്‍ബഗാനോട് കേരളത്തിന്റെ കൊമ്പന്മാര്‍ തോറ്റത് എതിരില്ലാത്ത ഒരു ഗോളിന്.എടികെ യ്ക്കു വേണ്ടി റോയ് കൃഷ്ണയാണ് ഗോള്‍ നേടിയത്.നവംബര്‍ 26ന് ഇതേവേദിയില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡുമായാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്തമല്‍സരം.

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സിന് തോല്‍വിയോടെ തുടക്കം
X

ബാംബോളിം (ഗോവ): ഐഎസ്എല്‍ ഏഴാം സീസണിലെ ഉദ്ഘാടന മല്‍സരത്തില്‍ കേരള ബ്ലാസ്റ്റേ്സ് എഫ്സിക്ക് നിലവിലെ ചാമ്പ്യന്‍മാരായ എടികെ മോഹന്‍ ബഗാനോട് തോല്‍വി. റോയ്കൃഷ്ണ നേടിയ ഗോളിലാണ് എടികെ മോഹന്‍ ബഗാന്‍ ബ്ലാസ്റ്റേഴ്സിനെ കീഴടക്കിയത്. കളിയുടെ തുടക്കം മുതല്‍ അവസാനംവരെ പൊരുതിനിന്ന ശേഷമാണ് ബ്ലാസ്റ്റേഴ്സ് കീഴടങ്ങിയത്. കേരള ബ്ലാസ്‌റ്റേഴ്‌സിന് രണ്ട് മികച്ച അവസരങ്ങള്‍ കിട്ടിയെങ്കിലും മുതലാക്കാന്‍ കഴിയാത്തത് തിരിച്ചടിയായി. ആല്‍ബിനോ ഗോമെസിനെ ഗോള്‍വലകാക്കാന്‍ നിയോഗിച്ചുകൊണ്ടാണ് ഏഴാം സീസണിലെ തങ്ങളുടെ ആദ്യ മല്‍സരത്തിനായി ബ്ലാസ്റ്റേഴ്സ് കളത്തിലിറങ്ങിയത്. പ്രതിരോധത്തില്‍ ബകാരി കോനെ, കോസ്റ്റ ന്യമോയിന്‍സു, ജെസെല്‍ കര്‍ണെയ്റോ എന്നിവര്‍ അണിനിരന്നു. മധ്യനിരയില്‍ ക്യാപ്റ്റന്‍ സെര്‍ജിയോ സിഡോഞ്ച, വിസെന്റെ ഗൊമെസ്, കെ പ്രശാന്ത്, സഹല്‍ അബ്ദുള്‍ സമദ് എന്നിവരും ഗാരി ഹൂപ്പര്‍, റിത്വിക് ദാസ്, നൊങ്ദാമ്പ നൗറെം എന്നിവര്‍ മുന്നേറ്റ നിരയിലും ഇറങ്ങി. എടികെ മോഹന്‍ ബഗാന്‍ മുന്നേറ്റത്തില്‍ റോയ് കൃഷ്ണയെയും എഡു ഗാര്‍ഷ്യയെയും അണിനിരത്തി. മൈക്കേല്‍ സുസൈരാജ്, ഹാവിയര്‍ ഹെര്‍ണാണ്ടസ്, കാള്‍ മക്ഹഗ്, പ്രണോയ് ഹാള്‍ദെര്‍ എന്നിവര്‍ മധ്യനിരയില്‍. സന്ദേശ് ജിങ്കന്‍, പ്രബീര്‍ ദാസ്, ടിരി, പ്രീതം കോട്ടല്‍ എന്നിവര്‍ പ്രതിരോധം തീര്‍ത്തപ്പോള്‍ ഗോള്‍വല കാക്കാന്‍ അരിന്ദം ഭട്ടാചാര്യയെയാണ് നിര്‍ത്തിയത്.


കളിയുടെ മൂന്നാം മിനിറ്റില്‍തന്നെ എടികെ ബഗാന് മികച്ച അവസരം കിട്ടി. ഹാവിയര്‍ ഹെര്‍ണാണ്ടസിന്റെ കോര്‍ണര്‍ കിക്ക് കൃത്യമായി റോയ് കൃഷ്ണയുടെ കാലുകളിലാണ് കിട്ടിയത്. പക്ഷേ, റോയ് കൃഷ്ണയ്ക്ക് അവസരം മുതലാക്കാനായില്ല. പിന്നാലെ പ്രബീറിന്റെ വലത് വശത്ത് നിന്നുള്ള ഷോട്ട് ബ്ലാസ്റ്റേഴ്സ് ഗോള്‍ കീപ്പര്‍ ആല്‍ബിനോ ഗോമെസിന്റെ കൈകളിലൊതുങ്ങി. ഇതിനിടെ എടികെ മധ്യനിരക്കാരന്‍ മൈക്കേല്‍ സുസൈരാജ് പരിക്കേറ്റ് മടങ്ങി. സുഭാശിഷ് ബോസ് ആയിരുന്നു പകരക്കാരന്‍. ബ്ലാസ്റ്റേഴ്സ്, എടികെ മുന്നേറ്റക്കാരന്‍ റോയ് കൃഷ്ണയുടെ അപകടകരമായ നീക്കങ്ങളെ കൃത്യമായി തടഞ്ഞു. ഒരു തവണ റോയ് കൃഷ്ണ കെട്ടുപൊട്ടിച്ച് മുന്നേറിയെങ്കിലും കോസ്റ്റയുടെ പ്രതിരോധത്തില്‍ ആ ശ്രമം വിഫലമായി. ഇടയ്ക്ക് നല്ല പ്രത്യാക്രമണങ്ങള്‍ കൊണ്ട് എടികെ ബഗാന്‍ പ്രതിരോധത്തെ പരീക്ഷിക്കാനും ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞു. സഹല്‍ അബ്ദുള്‍ സമദ് മധ്യഭാഗത്ത് നിന്ന് നടത്തിയ മികച്ച നീക്കം എടികെ പ്രതിരോധത്തെ മറികടന്ന് പ്രശാന്തിന് കിട്ടി. എന്നാല്‍ ഈ പ്രശാന്തിന് കൃത്യമായി ലക്ഷ്യത്തിലേക്ക് അടിക്കാനായില്ല. ഇരുപത്തിനാലാം മിനുട്ടില്‍ ബ്ലാസ്റ്റേഴ്സിന് കളിയിലെ ആദ്യ കോര്‍ണര്‍ കിട്ടി. പക്ഷേ, മുതലാക്കാനായില്ല.

34ാംമിനുട്ടില്‍ റോയ് കൃഷ്ണയ്ക്ക് മികച്ച അവസരം കിട്ടി. പക്ഷേ, പന്ത് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. പിന്നാലെ കോസ്റ്റയുടെ മറ്റൊരു ഇടപെടല്‍ ബ്ലാസ്റ്റേഴ്സിനെ കാത്തു. ഗാര്‍ഷ്യയുടെ മുന്നേറ്റത്തെ കോസ്റ്റ നിര്‍വീര്യമാക്കി. മുപ്പത്തേഴാം മിനുട്ടിലാണ് ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും മികച്ച നീക്കം പിറന്നത്. തുടര്‍ച്ചയായ എടികെ ബഗാന്‍ പ്രതിരോധത്തെ സമ്മര്‍ദ്ദത്തിലാക്കിയശേഷം ബ്ലാസ്റ്റേഴ്സ് മുന്നേറ്റ നിര കുതിച്ചു. ഇടതുപാര്‍ശ്വത്തില്‍ നിന്ന് നൊങ്ദാമ്പ നോറെമിന്റെ മനോഹരമായ ക്രോസ് എടികെ ബോക്സിലേക്ക് ചെരിഞ്ഞിറങ്ങി. ഹൂപ്പറെ ലക്ഷ്യം വച്ചായിരുന്നു ക്രോസ്. എന്നാല്‍ സുഭാശിഷ് ഹൂപ്പറെ തടയാനായി ചാടിയെങ്കിലും. ഇരുവര്‍ക്കും പന്ത് കൃത്യമായി കിട്ടിയില്ല. പന്ത് വീണത് റിത്വികിന് മുന്നില്‍. രണ്ടടി ദൂരം മാത്രം. പക്ഷേ, എത്തിപ്പിടിക്കാനായില്ല. ആ നീക്കം ബ്ലാസ്റ്റേഴ്സിന്റെ തുടര്‍നീക്കങ്ങളിലും പ്രതിഫലിച്ചു. എടികെ മോഹന്‍ ബഗാന്‍ പരുക്കന്‍ കളി പുറത്തെടുക്കാന്‍ തുടങ്ങി. ഇടതുപാര്‍ശ്വത്തില്‍ പ്രശാന്ത്-റിത്വിക് സഖ്യം തകര്‍പ്പന്‍ കളി പുറത്തെടുത്തുവെങ്കിലും ഗോള്‍ രഹിതമായി ആദ്യപകുതി അവസാനിച്ചു.


രണ്ടാംപകുതിയുടെ തുടക്കം ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റത്തോടെയായിരുന്നു. 50ാം മിനുട്ടില്‍ ജെസെല്‍ കര്‍ണെയ്റോ ഇടതു വശത്തിലൂടെ നടത്തിയ മിന്നും കുതിപ്പ് എടികെ ഗോള്‍മുഖം വിറപ്പിച്ചു. മനോഹരമായ ക്രോസ് ബോക്സിലേക്ക് പാഞ്ഞു. എടികെ പ്രതിരോധത്തിന് അത് ക്ലിയര്‍ ചെയ്യാന്‍ കഴിഞ്ഞില്ല. ബോക്സിന്റെ വലതുഭാഗത്ത് ഒഴിഞ്ഞുനില്‍ക്കുകയായിരുന്നു സഹലിനാണ് പന്ത് കിട്ടിയത്. പക്ഷേ, ഷോട്ടിന് ശ്രമിച്ച സഹലിന് പിഴവുപറ്റി. തുടര്‍ന്നും ബ്ലാസ്റ്റേഴ്സ് ആക്രമിച്ചുകൊണ്ടിരുന്നു. ഇടതു വിങ്ങിലൂടെയുള്ള കര്‍ണെയ്റോയുടെ കുതിപ്പ് ഓരോ തവണയും എടികെയെ പേടിപ്പിച്ചു. സന്ദേശ് ജിങ്കന്റെ നേതൃത്വത്തിലുള്ള പ്രതിരോധം പിടിച്ചുനില്‍ക്കുകയായിരുന്നു. അമ്പത്തൊമ്പതാം മിനുട്ടില്‍ നൊങ്ദാമ്പയ്ക്ക് പകരം സെയ്ത്യാസെന്‍ ഇറങ്ങി. ഇറങ്ങിയപാടെ തകര്‍പ്പന്‍ ഷോട്ടിലൂടെ എടികെ ഗോള്‍ കീപ്പര്‍ അരിന്ദത്തെ പരീക്ഷിക്കാനും സെയ്ത്യാസെന് കഴിഞ്ഞു.

67ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതിരോധത്തെ മറികടന്ന് എടികെ ലക്ഷ്യം കണ്ടു. ഇടതു ഭാഗത്തിലൂടെ മന്‍വീര്‍ സിങ് നടത്തിയ മുന്നേറ്റമാണ് ഗോളിലേക്ക് വഴിതുറന്നത്. മന്‍വീറിന്റെ ക്രോസ് കൃത്യമായി തടയുന്നതില്‍ ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിന് വീഴ്ച പറ്റി. ഓടിയെത്തിയ റോയ് കൃഷ്ണയുടെ ഷോട്ട് ആല്‍ബിനോയെ മറികടന്ന് വലയില്‍ പതിച്ചു(1-0) ഗോള്‍ വീണതോടെ ബ്ലാസ്‌റ്റേഴ്‌സ് ഉണര്‍ന്നു കളിച്ചുവെങ്കിലും ഫലം കണ്ടില്ല.86ാം മിനുറ്റില്‍ സഹലിന് പകരം ലാല്‍റുവതാരയും ബെക്കാരി കോനെക്ക് പകരം ഫാക്കുന്‍ഡോ പെരേരയും കളത്തിലിറങ്ങി. തുടര്‍ന്നുള്ള നിമിഷങ്ങളില്‍ അവസാന വിസില്‍ ഉയരും വരെ സമനില ഗോളിനായി ബ്ലാസ്റ്റേഴ്സ് കിണഞ്ഞു ശ്രമിച്ചെങ്കിലും എടികെ പ്രതിരോധം മറികടക്കാനായില്ല.നവംബര്‍ 26ന് ഇതേവേദിയില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡുമായാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്തമല്‍സരം.

Next Story

RELATED STORIES

Share it