Football

മിന്നും വേഗത്തില്‍ 100 ഗോളുകള്‍; ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ റെക്കോര്‍ഡ് സ്വന്തം പേരിലാക്കി ഹാരി കെയ്ന്‍

മിന്നും വേഗത്തില്‍ 100 ഗോളുകള്‍;  ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ റെക്കോര്‍ഡ് സ്വന്തം പേരിലാക്കി ഹാരി കെയ്ന്‍
X

മ്യൂണിക്ക്: യൂറോപ്പിലെ ടോപ് 5 ലീഗുകളില്‍ അതിവേഗം 100 ഗോളുകള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡും ഇനി ഹാരി കെയ്നിനു സ്വന്തം. പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ പേരിലുണ്ടായിരുന്ന റെക്കോര്‍ഡാണ് കെയ്ന്‍ മറികടന്നത്. ഇന്ന് ജര്‍മന്‍ ബുണ്ടസ് ലീഗ ചാംപ്യന്‍മാരായ ബയേണ്‍ മ്യൂണിക്ക് ഹോം പോരാട്ടത്തില്‍ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് വെര്‍ഡര്‍ ബ്രമനെ വീഴ്ത്തി. ഇരട്ട ഗോളുകളുമായി മികവു കാണിച്ച ഹാരി കെയ്ന്‍ ബുണ്ടസ് ലീഗയില്‍ 100 ഗോളുകളെന്ന നേട്ടത്തിലെത്തി.

ക്രിസ്റ്റിയാനോ 105 മല്‍സരങ്ങള്‍ കളിച്ചാണ് 100ല്‍ എത്തിച്ചത്. ഹാരി കെയ്ന്‍ 104 കളിയില്‍ നിന്നു 100 ഗോളുകള്‍ വലയിലാക്കി. റയല്‍ മാഡ്രിഡ് ജേഴ്സിയില്‍ 2011ലാണ് പോര്‍ച്ചുഗല്‍ നായകന്‍ ഈ റെക്കോര്‍ഡിട്ടത്. കഴിഞ്ഞ ആഴ്ച ഹോഫെന്‍ഹെയിമിനെതിരായ പോരാട്ടത്തില്‍ ഹാരി കെയ്ന്‍ഹാട്രിക്ക് ഗോളുകള്‍ നേടിയിരുന്നു. സീസണില്‍ 5 ബുണ്ടസ് ലീഗ കളിയില്‍ നിന്നു ഇംഗ്ലണ്ട് നായകന്‍ 10 ഗോളുകളുമായി ഒന്നാം സ്ഥാനത്ത് കുതിക്കുന്നു.

മത്സരത്തില്‍ 45ാം മിനിറ്റില്‍ കിട്ടിയ പെനാല്‍റ്റി വലയിലിട്ടാണ് ഹാരി കെയ്ന്‍ ആദ്യ ഗോള്‍ നേടിയത്. 65ാം മിനിറ്റില്‍ രണ്ടാം ഗോളും നേടിയാണ് 100ല്‍ എത്തിയത്. ബയേണിനായി കെയ്ന്‍ ബുണ്ടസ് ലീഗയില്‍ എടുത്ത 18ാം പെനാല്‍റ്റി കിക്കായിരുന്നു വെര്‍ഡര്‍ ബ്രെമനെതിരെയുള്ളത്. 18 പെനാല്‍റ്റികളും താരം ഗോളാക്കുകയും ചെയ്തു.

കളിയുടെ 22ാം മിനിറ്റില്‍ ജൊനാഥന്‍ തായാണ് ബയേണിനു ലീഡ് സമ്മാനിച്ചത്. പിന്നാലെയാണ് കെയ്നിന്റെ ഇരട്ട ഗോളുകള്‍. കളി അവസാന ഘട്ടത്തിലേക്ക് കടന്നപ്പോള്‍ 87ാം മിനിറ്റില്‍ കൊണ്‍റാഡ് ലയ്മര്‍ ടീമിനു നാലാം ഗോളും സമ്മാനിച്ചു. ജയത്തോടെ 5 കളിയില്‍ 15 പോയിന്റുമായി ബയേണ്‍ ഒന്നാം സ്ഥാനത്ത് കുതിക്കുന്നു.





Next Story

RELATED STORIES

Share it