Football

ജര്‍മന്‍ ഫുട്‌ബോള്‍ ഇതിഹാസം ജെര്‍ഡ് മുള്ളര്‍ അന്തരിച്ചു

ജര്‍മന്‍ ഫുട്‌ബോള്‍ ഇതിഹാസം ജെര്‍ഡ് മുള്ളര്‍ അന്തരിച്ചു
X

ബര്‍ലിന്‍: ജര്‍മന്‍ ഫുട്‌ബോള്‍ ഇതിഹാസവും ബയേണ്‍ മ്യൂണിക് താരവുമായ ജെര്‍ഡ് മുള്ളര്‍ (75) അന്തരിച്ചു. 1974ല്‍ ജര്‍മനിക്ക് ഫുട്‌ബോള്‍ ലോകകപ്പ് നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച താരമാണ് ജെര്‍ഡ് മുള്ളര്‍. 2015 മുതല്‍ അല്‍ഷിമേസ് രോഗബാധിതനായി. തുടര്‍ന്ന് പ്രത്യേക പരിചരണ കേന്ദ്രത്തില്‍ താമസിച്ചുവരികയായിരുന്നു. ജര്‍മനിക്കൊപ്പം ബയേണ്‍ മ്യൂണിക്കിന്റെ മികച്ച സ്‌ട്രൈക്കര്‍മാരില്‍ ഒരാളായിരുന്നു അദ്ദേഹം. ലോകകപ്പ്, യൂറോപ്യന്‍ ചാംപ്യന്‍ഷിപ്പുകളുള്‍പ്പടെ നേടിയ മുള്ളറുടെ മരണവാര്‍ത്ത ബയേണ്‍ ക്ലബ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.

1966നും 1974നും ഇടയിലാണ് ജര്‍മനിക്കായി മുള്ളര്‍ പന്ത് തട്ടിയത്. 62 മല്‍സരങ്ങളില്‍നിന്ന് 68 ഗോള്‍ നേടി. 1970ലെ ലോകകപ്പില്‍ പത്ത് ഗോള്‍ നേടി ടോപ്‌സ്‌കോറര്‍ ആയി. ജര്‍മനി ചാംപ്യന്‍മാരായ 1974 ലെ ലോകകപ്പില്‍ ഫൈനലിലടക്കം നാല് ഗോളുകളാണ് താരം നേടിയത്. 2006 വരെ ലോകകപ്പില്‍ കൂടുതല്‍ ഗോള്‍ നേടിയതിന്റെ റെക്കോര്‍ഡ് മുള്ളറുടെ പേരിലായിരുന്നു. ബുണ്ടസ് ലീഗയിലെ ഏറ്റവും വലിയ ഗോള്‍വേട്ടക്കാരനായ മുള്ളര്‍ക്ക് കീഴില്‍ നാലുതവണയാണ് ബയേണ്‍ ചാംപ്യന്‍മാരായത്.

ക്ലബ് ഫുട്‌ബോളില്‍ 487 ഗോളുകള്‍ നേടിയിട്ടുണ്ട്. ലോകത്തെ എക്കാലത്തെയും പ്രമുഖ മുന്നേറ്റക്കാരാനായാണ് ഇദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. 607 മല്‍സരങ്ങളില്‍നിന്നായി ക്ലബ്ബിനായി 566 ഗോളുകള്‍ നേടി. ബയേണ്‍ മ്യൂണിക്കിന്റെ കോച്ചായും പ്രവര്‍ത്തിച്ചു.

ബയേണ്‍ പ്രസിഡന്റ് ഹെര്‍ബര്‍ട്ട് ഹൈനര്‍ മുള്ളറുടെ കുടുംബത്തെ അനുശോചനം അറിയിക്കുകയും ഇതിഹാസ താരത്തെ ക്ലബ് എപ്പോഴും ഓര്‍ക്കുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. എഫ്‌സി ബയേണിനും അതിന്റെ എല്ലാ ആരാധകര്‍ക്കും ഇന്ന് ദു:ഖകരവും ഇരുണ്ടതുമായ ദിവസമാണ്- അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it