Football

ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ ഇടം നേടി സെനഗല്‍; പൊരുതി വീണ് ഇക്വഡോര്‍

മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ഇക്വഡോറിന്റെ പോരാട്ട വീര്യം ഖത്തറില്‍ അവസാനിച്ചു.

ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ ഇടം നേടി സെനഗല്‍; പൊരുതി വീണ് ഇക്വഡോര്‍
X




ദോഹ: ഗ്രൂപ്പ് എയില്‍ ഖലീഫാ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ ഇക്വഡോറിന്റെ പ്രീക്വാര്‍ട്ടര്‍ മോഹം അവസാനിപ്പിച്ച് സെനഗല്‍. 2002ന് ശേഷം ആഫ്രിക്കന്‍ രാജാക്കന്‍മാര്‍ ആദ്യമായി ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ ഇടം നേടി. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന മല്‍സരത്തില്‍ 2-1നാണ് ആഫ്രിക്കന്‍ ചാംപ്യന്‍മാരുടെ ജയം. അവസാന 16ല്‍ ഇടം നേടാന്‍ മാനെയുടെ കൂട്ടുകാര്‍ക്ക് ജയം അനിവാര്യമായിരുന്നു. ലാറ്റിന്‍ അമേരിക്കക്കാര്‍ക്ക് ഇന്ന് ഒരു സമനില മാത്രമം മതിയായിരുന്നു അടുത്ത റൗണ്ടിലേക്ക്. എന്നാല്‍ ഇരുവരും വിട്ടുകൊടുക്കാന്‍ തയ്യാറാവത്ത പ്രകടനം പുറത്തെടുത്തു.


44ാം മിനിറ്റില്‍ വാറ്റ്‌ഫോഡ് താരമായ ഇസ്മാലിയ സാറയിലൂടെ സെനഗല്‍ ലീഡെടുത്തു. പെനാല്‍റ്റിയിലൂടെയായിരുന്നു ഈ ഗോള്‍. തുടര്‍ന്ന് ഫോമിലേക്ക് വന്ന ഇക്വഡോര്‍ നിരന്തരം അവസരം സൃഷ്ടിച്ചു. ഒടുവില്‍ 67ാം മിനിറ്റില്‍ ഒരു കോര്‍ണറില്‍ നിന്ന് ലഭിച്ച പന്ത് ഇക്വഡോര്‍ താരം മോയ്‌സസ് സയ്‌സെഡോ വലയിലെത്തിച്ചു. സമനില ഗോളിന്റെ ആശ്വാസത്തില്‍ നില്‍ക്കുന്ന ഇക്വഡോറിന്റെ നെഞ്ചുപിളര്‍ക്കുന്ന ഗോളുമായി ചെല്‍സിയുടെ കലിദോ കൗലിബാലി രംഗത്ത് വരികയായിരുന്നു. പിഎസ്ജിയുടെ ഇഡ്രിസ്സ ഗ്യുയെയുടെ ഫ്രീകിക്ക് ടോറസിന്റെ തോളില്‍ തട്ടി കൗലിബാലിയുടെ കാലില്‍ വന്നെത്തുകയായിരുന്നു. ശേഷിക്കുന്ന നിമിഷം സമനില പിടിക്കാന്‍ ഇക്വഡോര്‍ പൊരുതിയെങ്കിലും സെനഗല്‍ പ്രതിരോധം മറികടക്കാന്‍ അവര്‍ക്കായില്ല. ഒടുവില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ഇക്വഡോറിന്റെ പോരാട്ട വീര്യം ഖത്തറില്‍ അവസാനിച്ചു.




Next Story

RELATED STORIES

Share it