Football

കോച്ച് എന്‍സോ മാരെസ്‌കയെ പുറത്താക്കി ചെല്‍സി

കോച്ച് എന്‍സോ മാരെസ്‌കയെ പുറത്താക്കി ചെല്‍സി
X

സ്റ്റാംഫോഡ്: ക്ലബ്ബ് ലോകകപ്പ് സമ്മാനിച്ച പരിശീലകന്‍ എന്‍സോ മാരെസ്‌കയെ ചെല്‍സി പുറത്താക്കി. അവസാനമായി കളിച്ച ഏഴ് ലീഗ് മത്സരങ്ങളില്‍ ഒന്നില്‍ മാത്രം ജയിക്കാനായതിനെത്തുടര്‍ന്നാണ് ക്ലബ്ബിന്റെ കടുത്ത നടപടി. 2024-ല്‍ ചെല്‍സിയിലെത്തിയ ഇറ്റാലിയന്‍ പരിശീലകന്‍, ആദ്യ സീസണില്‍ തന്നെ ക്ലബ്ബിന് ചാംപ്യന്‍സ് ലീഗ് യോഗ്യതയും കോണ്‍ഫറന്‍സ് ലീഗ്, ക്ലബ്ബ് ലോകകപ്പ് കിരീടങ്ങളും നേടിക്കൊടുത്തിരുന്നു.

എന്നാല്‍ ഡിസംബറിലെ തുടര്‍ച്ചയായ മോശം പ്രകടനവും പരിശീലകന്റെ ഭാഗത്തുനിന്നുണ്ടായ അസ്വാഭാവിക പൊട്ടിത്തെറിയും 45-കാരനെതിരെ നടപടിയെടുക്കാന്‍ ക്ലബ് നേതൃത്വത്തെ പ്രേരിപ്പിക്കുകയായിരുന്നു. ബോണ്‍മത്തിനെതിരെ സമനില വഴങ്ങിയശേഷം ആരാധകര്‍ കൂവിവിളിച്ചിരുന്നു. പിന്നാലെ വാര്‍ത്താസമ്മേളനത്തില്‍ മരെസ്‌ക പങ്കെടുത്തില്ല. നവംബറില്‍ ലീഗില്‍ മൂന്നാം സ്ഥാനത്തായിരുന്ന ചെല്‍സി കിരീട സാധ്യത കല്‍പ്പിക്കപ്പെട്ട ടീമുകളിലൊന്നായിരുന്നു.

എന്നാലിപ്പോള്‍ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ടീം, ഒന്നാമതുള്ള ആര്‍സനലിനേക്കാള്‍ 15 പോയിന്റ് പിന്നിലാണ്. രണ്ടാം സ്ഥാനക്കാരായ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ ഞായറാഴ്ച നടക്കുന്ന മല്‍സരത്തില്‍ ടീമിന്റെ ചുമതല ആര്‍ക്കായിരിക്കുമെന്ന് ക്ലബ്ബ് വ്യക്തമാക്കിയിട്ടില്ല.



Next Story

RELATED STORIES

Share it