Football

ലിയാം റോസനിയര്‍ ചെല്‍സി പരിശീലകന്‍

ലിയാം റോസനിയര്‍ ചെല്‍സി പരിശീലകന്‍
X

സ്റ്റാംഫോഡ് ബ്രിഡ്ജ്: ഫ്രഞ്ച് ക്ലബ്ബ് സ്‌ട്രോസ്ബര്‍ഗ് പരിശീലകന്‍ ലിയാം റോസനിയര്‍ ചെല്‍സിയുടെ പരിശീലകന്‍ ആവും. ചെല്‍സി തന്നെയാണ് ഇക്കാര്യം ഔദ്ദ്യോഗികമായി പ്രഖ്യാപിച്ചത്. 2032 വരെയാണ് കരാര്‍. ഇംഗ്ലണ്ടിലെ രണ്ടാം ഡിവിഷന്‍ ക്ലബ് ഹള്‍ സിറ്റിയില്‍ നിന്ന് പുറത്താക്കപ്പെട്ട് രണ്ട് വര്‍ഷം തികയും മുന്‍പാണ്, ഇംഗ്ലീഷ് ഫുട്‌ബോളിലേക്കുള്ള 41കാരന്റെ തിരിച്ചുവരവ്. മോശം പ്രകടനങ്ങളുടെയും ക്ലബ്ബ് ഉടമകളുമായുള്ള അഭിപ്രായ ഭിന്നതയെയും തുടര്‍ന്ന് വ്യാഴാഴ്ച ചെല്‍സിയുമായി വഴിപിരിഞ്ഞ മരെസ്‌കയ്ക്ക് പകരക്കാരനായാണ് റോസനിയര്‍ സ്റ്റാംഫോഡ് ബ്രിഡ്ജിലേക്ക് എത്തുന്നത്.

ചെല്‍സിയുടെ സഹോദരക്ലബ്ബാണ് സ്‌ട്രോസ്ബര്‍ഗ്. ഇംഗ്ലണ്ടുകാരനായ റോസനിയര്‍ 2021-22 കാലഘട്ടത്തില്‍ ഡെര്‍ബി കൗണ്ടിയില്‍ വെയ്ന്‍ റൂണിയുടെ സഹപരിശീലകനായിരുന്നു. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇതിഹാസ താരം ക്ലബ്ബ് വിട്ടതോടെ ഡെര്‍ബിയുടെ ഇടക്കാല പരിശീലകനായും ചുമതലയേറ്റു. പിന്നീട് ഹള്‍ സിറ്റിയുടെ പരിശീലകനായിരുന്ന റോസനിയര്‍, 2024 ജൂലൈയിലാണ് സ്‌ട്രോസ്ബര്‍ഗില്‍ ചേര്‍ന്നത്.

കഴിഞ്ഞ സീസണില്‍ ടീമിനെ ഫ്രഞ്ച് ലീഗില്‍ ഏഴാം സ്ഥാനത്തെത്തിച്ച റോസനിയര്‍, കോണ്‍ഫറന്‍സ് ലീഗിന് യോഗ്യതയും നേടിക്കൊടുത്തു. ഈ സീസണില്‍ മികച്ച തുടക്കമിട്ട സ്‌ട്രോസ്ബര്‍ഗ്, നവംബറില്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരേക്കാള്‍ ഒരു പോയിന്റ് മാത്രം പിന്നിലായി മൂന്നാമതായിരുന്നു. എന്നാല്‍, തുടര്‍ച്ചയായി നാലു മത്സരങ്ങളില്‍ ജയിക്കാനാവാത്തതോടെ ടീം ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പ്രീമിയര്‍ ലീഗില്‍ അഞ്ചാം സ്ഥാനക്കാരാണ് ചെല്‍സി. ചാംപ്യന്‍സ് ലീഗ് യോഗ്യത നേടിക്കൊടുക്കുകയാണ് ലിയാം റോസനിയര്‍ക്ക് മുന്നിലുള്ള ആദ്യ കടമ്പ.




Next Story

RELATED STORIES

Share it