Football

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ഗന്നേഴ്‌സന്‍ ഗോളില്‍ ബ്ലൂ ബേര്‍ഡ്‌സ്

നിലവില്‍ തോല്‍വിയറിയാതെ മുന്നേറുന്ന മാഞ്ചസ്റ്റര്‍ സിറ്റിയാണ് ലീഗില്‍ ഒന്നാം സ്ഥാനത്ത്. 13 മല്‍സരങ്ങളില്‍ 11 എണ്ണം വിജയിച്ച സിറ്റി രണ്ടെണ്ണത്തില്‍ സമനില വഴങ്ങിയെങ്കിലും 35 പോയിന്റുണ്ട്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ഗന്നേഴ്‌സന്‍ ഗോളില്‍ ബ്ലൂ ബേര്‍ഡ്‌സ്
X

കാര്‍ഡിഫ്: ഐസ്്‌ലാന്റ് മിഡ്ഫീല്‍ഡര്‍ ആരോണ്‍ ഗന്നേഴ്‌സന്‍ നീണ്ട ഇടവേളക്കു ശേഷം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഗോള്‍ കണ്ടെത്തിയ മല്‍സരത്തില്‍ വോള്‍വ്‌സിനെതിരേ നീലപ്പക്ഷികളെന്നറിയപ്പെടുന്ന കാര്‍ഡിഫ് സിറ്റിക്ക് 2-1ന്റെ ജയം.

ആദ്യം ഗോള്‍ നേടിയത് വോള്‍വ്‌സായിരുന്നു. 18ാം മിനുട്ടിലായിരുന്നു അത്. റീബൗണ്ട് ചെയ്തുവന്ന പന്ത് വോള്‍വ്‌സിന്റെ മാറ്റ് ദോഹര്‍ട്ടി പോസ്റ്റിലേക്കു തൊടുത്തത് തെറ്റിയില്ല. അതിനു തൊട്ടുമുമ്പ് വോള്‍വ്‌സിന്റെ റൗള്‍ ജിമനേസ് കോര്‍ണര്‍ കിക്കിന് തലവച്ചത് കാര്‍ഡിഫ് ഗോളി സാഹസപ്പെട്ട് രക്ഷപ്പെടുത്തുകയായിരുന്നു.

രണ്ടാം പകുതിയില്‍ 65ാം മിനുട്ടില്‍ റീബൗണ്ട് ചെയ്തു വന്ന പന്ത് മനോഹരമായി പോസ്റ്റിലേക്കു തട്ടിയാണ് ആരോണ്‍ ഗന്നേഴ്‌സന്‍ കാര്‍ഡിഫിന്റെ സമനില ഗോള്‍ കണ്ടെത്തിയത്. 77ാം മിനുട്ടില്‍ കാര്‍ഡിഫിന്റെ ജൂനിയര്‍ ഹോയിലറ്റ് വിജയഗോള്‍ നേടി. കളിയില്‍ വോള്‍വ്‌സിനായിരുന്നു മുന്‍തൂക്കമെങ്കിലും കാര്‍ഡിഫ് ഗോളി തടസ്സമായി നിന്നു. ഗോളെന്നുറപ്പിച്ച മൂന്നു ഷോട്ടുകളാണ് ഗോളി നീല്‍ എതറിഡ്ജ് രക്ഷപ്പെടുത്തിയത്. മറുഭാഗത്ത് കാര്‍ഡിഫ് എതിര്‍ പോസ്റ്റിലേക്ക് മൂന്നു ഷോട്ട് തൊടുത്തതില്‍ ഒന്നു മാത്രമേ ഗോളിക്കു രക്ഷപ്പെടുത്താനായുള്ളൂ.

നിലവില്‍ തോല്‍വിയറിയാതെ മുന്നേറുന്ന മാഞ്ചസ്റ്റര്‍ സിറ്റിയാണ് ലീഗില്‍ ഒന്നാം സ്ഥാനത്ത്. 13 മല്‍സരങ്ങളില്‍ 11 എണ്ണം വിജയിച്ച സിറ്റി രണ്ടെണ്ണത്തില്‍ സമനില വഴങ്ങിയെങ്കിലും 35 പോയിന്റുണ്ട്. 33 പോയിന്റോടെ രണ്ടാം സ്ഥാനത്തുള്ള ലിവര്‍പൂളും ഒരു മല്‍സരത്തിലും തോറ്റിട്ടില്ല. മൂന്നു സമനിലയും 10 തോല്‍വിയുമാണവരുടെ സമ്പാദ്യം. മൂന്നാം സ്ഥാനത്തുള്ള ടോട്ടനത്തിന് 30, ചെല്‍സിക്ക് 28 പോയിന്റാണുള്ളത്. അഴ്‌സനല്‍, എവര്‍ട്ടന്‍ എന്നിവയ്ക്കു പിന്നിലുള്ള മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് 21 പോയിന്റാണ്. വോള്‍വ്‌സ് 16 പോയിന്റുമായി 11ാം സ്ഥാനത്തും കാര്‍ഡിഫ് 11 പോയിന്റുമായി 15ാം സ്ഥാനത്തുമാണ്. 20ാം സ്ഥാനത്തുള്ള ഫുള്‍ഹാമാണ് ഏറ്റവും പിന്നിലുള്ളത്.

ഗോള്‍വേട്ടക്കാരിലും മാഞ്ചസ്റ്റര്‍ സിറ്റിയുടെ താരങ്ങളാണ് മുന്നില്‍. അവരുടെ അര്‍ജന്റൈന്‍ താരം സെര്‍ജിയോ അഗ്വൂറോ എട്ടു ഗോളുമായി ആഴ്‌സനലിന്റെ പിയറി എമറികിനൊപ്പം ഒന്നാം സ്ഥാനത്തുണ്ട്. സിറ്റിയുടെ റഹിം സ്റ്റെര്‍ലിങ് ഏഴു ഗോളുമായി മൂന്നാം സ്ഥാനത്താണ്. ചെല്‍സിയുടെ ഈഡന്‍ ഹസാര്‍ഡ്, ലിവര്‍പൂളിന്റെ മുഹമ്മദ് സലാഹ് തുടങ്ങി ആറുപേര്‍ ഏഴുഗോള്‍ നേടിയിട്ടുണ്ട്.

Next Story

RELATED STORIES

Share it