Feature

27 ദിനങ്ങള്‍ ബാക്കി; ആര്‍ക്കെല്ലാം ഖത്തര്‍ ലോകകപ്പ് നഷ്ടമാവും;ആരെല്ലാം തിരിച്ചെത്തും

ലിവര്‍പൂളിന്റെ ഡീഗോ ജോട്ട, വോള്‍വ്‌സിന്റെ പെഡ്രോ നെറ്റോ, പെപ്പെ, ന്യുനോ മെന്‍ഡിസ് എന്നിവരാണ് പറങ്കിപ്പടയുടെ സ്‌ക്വാഡില്‍ പരിക്കേറ്റവര്‍.

27 ദിനങ്ങള്‍ ബാക്കി; ആര്‍ക്കെല്ലാം ഖത്തര്‍ ലോകകപ്പ് നഷ്ടമാവും;ആരെല്ലാം തിരിച്ചെത്തും
X


ലോകകപ്പ് ഫുട്‌ബോള്‍ കളിക്കുക ഏതൊരു ഫുട്‌ബോള്‍ താരത്തിന്റെയും സ്വപ്‌നമാണ്. ഈ സ്വപ്‌ന സാക്ഷാല്‍ക്കാരത്തിന് വേണ്ടിയാണ് ക്ലബ്ബ് ഫുട്‌ബോളില്‍ ജീവന്‍മരണ പ്രകടനങ്ങള്‍ നടത്തുന്നതും. ഖത്തര്‍ ലോകകപ്പിന് ഇനി 27 ദിവസങ്ങളാണ് ശേഷിക്കുന്നത്.ഇതില്‍ നിരവധി പ്രമുഖ താരങ്ങളാണ് പരിക്കിന്റെ പിടിയിലായിരിക്കുന്നത്. നിലവില്‍ പരിക്കിലകപ്പെട്ടവരില്‍ ചിലര്‍ ടീമിലേക്ക് തിരിച്ചെത്തും. ഓരോ ടീമിലെയും ഏതെല്ലാം പ്രമുഖ താരങ്ങള്‍ക്കാണ് ഇത്തവണ ലോകകപ്പ് നഷ്ടമാവുന്നതെന്ന് നോക്കാം.




ഫ്രാന്‍സ്: ഈ ലോകകപ്പില്‍ പരിക്ക് ഏറ്റവും കൂടുതല്‍ ബാധിച്ച ടീം ഫ്രാന്‍സാണ്. ഫ്രാന്‍സിന്റെ കിരീട പ്രതീക്ഷകള്‍ക്ക് തന്നെ ഈ താരങ്ങളുടെ പരിക്ക് ബാധിക്കും. ചെല്‍സി മധ്യനിര താരം എന്‍ഗോളോ കാന്റെ ഫ്രഞ്ച് ടീമിന്റെ നെടുംതൂണാണ്. കഴിഞ്ഞ തവണ കിരീടം നേടിയപ്പോള്‍ കാന്റെയുടെ പ്രകടനം എടുത്തപറയേണ്ടതാണ്. കാലിനേറ്റ പരിക്കില്‍ നിന്നും താരം മോചിതനാവില്ലെന്നും ഖത്തര്‍ ലോകകപ്പ് കാന്റെയ്ക്ക് നഷ്ടമാവുമെന്നും കോച്ച് ദിദിയര്‍ ദേഷാംസ് അറിയിച്ചിട്ടുണ്ട്.

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ മുന്‍ താരവും നിലവില്‍ യുവന്റസിന് വേണ്ടി കളിക്കുകയും ചെയ്യുന്ന മറ്റൊരു ഫ്രഞ്ച് താരമാണ് പോള്‍ പോഗ്‌ബെ. കാല്‍മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്ന് പോഗ്‌ബെയും ടീമില്‍ നിന്ന് പുറത്തായിരിക്കുകയാണ്. മധ്യനിര താരത്തിനും ഖത്തറില്‍ കളിക്കാനാവില്ല. യുനൈറ്റഡിന്റെ റാഫേല്‍ വരാനെയ്ക്ക് കഴിഞ്ഞ ദിവസമാണ് പരിക്കേറ്റത്. ഒരു മാസമാണ് താരത്തിന് വിശ്രമം വേണ്ടത്. മുന്‍ റയല്‍ താരം ഖത്തറില്‍ കളിക്കുമോ എന്ന കാര്യവും സംശയമാണ്.ചെല്‍സിയുടെ ഫൊഫാന, ബയേണിന്റെ ലൂക്കാസ് ഹെര്‍ണാണ്ടസ്, ആസ്റ്റണ്‍ വില്ലയുടെ ബൗബാകാര്‍ കമാറാ എന്നിവരും ഫ്രഞ്ച് സ്‌ക്വാഡില്‍ പരിക്കിന്റെ പിടിയിലാണ്.


ഇംഗ്ലണ്ട്: ഇംഗ്ലിഷ് ടീമിനും പരിക്ക് വില്ലനാണ്. പ്രധാനപ്പെട്ട അഞ്ച് താരങ്ങളാണ് പരിക്കിന്റെ പിടിയിലുള്ളത്. ചെല്‍സിയുടെ റീസ് ജെയിംസ്, കെയ്ല്‍ വാല്‍ക്കര്‍, ജോണ്‍ സ്‌റ്റോണ്‍സ്, ഹാരി മാഗ്വയര്‍, കാല്‍വിന്‍ ഫിലിപ്പ്‌സ്, കെയ്ല്‍ വാല്‍ക്കര്‍ പീറ്റേഴ്‌സ് എന്നിവരെയാണ് പരിക്ക് ബാധിച്ചിരിക്കുന്നത്. ഇതില്‍ കെയ്ല്‍ വാല്‍ക്കര്‍ പീറ്റേഴ്‌സ്, കാല്‍വിന്‍ ഫിലിപ്പ്‌സ് എന്നിവര്‍ നിലവില്‍ ടീമിന് പുറത്താണ്.ബാക്കിയുള്ള താരങ്ങള്‍ പരിക്ക് മാറുമെന്ന പ്രതീക്ഷയിലാണ്.



വെയ്ല്‍സ്: അട്ടിമറി വീരന്‍മാരാവാന്‍ വരുന്ന വെയ്ല്‍സ് ടീമില്‍ ടോം ലോറന്‍സ്, ജോ അലന്‍ എന്നിവരാണ് പുറത്താവാന്‍ സാധ്യതയുള്ള താരങ്ങള്‍. ഗെര്ത് ബെയ്ല്‍ പരിക്ക് മാറി തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ.


ബ്രസീല്‍: തകര്‍പ്പന്‍ ഫോമിലുള്ള ടോട്ടന്‍ഹാമിന്റെ റിച്ചാര്‍ലിസണെ ഇത്തവണ മഞ്ഞപ്പടയ്ക്ക് നഷ്ടമാവാന്‍ സാധ്യതയുണ്ട്. താരത്തിന്റെ കാല്‍വണ്ണയ്‌ക്കേറ്റ പരിക്ക് മാറി താരം തിരിച്ചെത്തുമെന്നാണ് സ്പര്‍സ് കോച്ച് കോന്റെ പറയുന്നത്. ഖത്തറില്‍ കളിക്കാനാവുമെന്ന പ്രതീക്ഷയിലാണ് റിച്ചാര്‍ലിസണ്‍. യുവന്റസിന്റെ ആര്‍തുര്‍ മിലോയും തുടയ്ക്ക് പരിക്കേറ്റ് ടീമിന് പുറത്താണ്.

പോര്‍ച്ചുഗല്‍: ഫ്രാന്‍സിനെ പോലെ പരിക്ക് സാരമായി ബാധിക്കാന്‍ പോവുന്ന മറ്റൊരു ടീം പോര്‍ച്ചുഗലാണ്. ലിവര്‍പൂളിന്റെ ഡീഗോ ജോട്ട, വോള്‍വ്‌സിന്റെ പെഡ്രോ നെറ്റോ, പെപ്പെ, ന്യുനോ മെന്‍ഡിസ് എന്നിവരാണ് പറങ്കിപ്പടയുടെ സ്‌ക്വാഡില്‍ പരിക്കേറ്റവര്‍. ഈ നാല് പേരും ഖത്തറില്‍ കളിക്കില്ല. നിലവില്‍ റൊണാള്‍ഡോയുടെ ഫോം പോര്‍ച്ചുഗലിന് തിരിച്ചടിയായിരിക്കെ പരിക്കേറ്റ താരങ്ങളുടെ കുറവ് ടീമിന് തിരിച്ചടിയാവും.

ജര്‍മ്മനി: മാര്‍ക്കോ റെസ്, ലിയോറെ സാനെ എന്നിവര്‍ക്കാണ് ജര്‍മ്മന്‍ നിരയില്‍ പരിക്കുള്ളത്. റെസ് പൂര്‍ണ്ണായും സ്‌ക്വാഡില്‍ നിന്ന് പുറത്തായതാണ്. സാനെയുടെ അന്തിമ തീരുമാനം പുറത്ത് വന്നിട്ടില്ല.

നെതര്‍ലന്റസ്: പ്രമുഖ താരം ജോര്‍ജ്ജിനോ വിജനല്‍ഡം ഇത്തവണ ഓറഞ്ച് പടയ്‌ക്കൊപ്പമില്ല. നിലവില്‍ റോമയ്ക്കായി കളിക്കുന്ന മുന്‍ ലിവര്‍പൂള്‍ താരത്തിന്റെ പരിക്ക് ഗുരുതരമാണ്. മറ്റ് ആശങ്കകള്‍ ഓറഞ്ച് ടീമിനില്ല.


അര്‍ജന്റീന: 2014ലെ റണ്ണേഴ്‌സ് അപ്പ് ഇത്തവണ കിരീട ഫേവററ്റുകളായി എത്തുപ്പോള്‍ പ്രമുഖ താരങ്ങളാണ് ടീമില്‍ നിന്ന് പുറത്താവാനിരിക്കുന്നത്. റോമയുടെ പൗളോ ഡിബാല, യുവന്റസിന്റെ ഏയ്ഞ്ചല്‍ ഡി മരിയ എന്നീ താരങ്ങള്‍ ടീമിനൊപ്പം ചേരുമോ ഇല്ലയോ എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. പരിക്കിനെ തുടര്‍ന്ന് ഡി മരിയ മൂന്നാഴ്ചയാണ് പുറത്തായിരിക്കുന്നത്. ലോകകപ്പിന് മുമ്പ് താരം തിരിച്ചെത്തുമോ എന്ന് കാത്തിരിക്കാം.



മെക്‌സിക്കോയുടെ പ്രമുഖ താരമായ റൗള്‍ ജിമ്മന്‍സ് , ജീസ്സുസ് കൊറോണാ എന്നിവരും ഈ ലോകകപ്പിനുണ്ടാവില്ല. ഇന്റര്‍മിലാന്റെ മധ്യനിര താരം മാര്‍സെലോ ബ്രോസോവിച്ച് ഇത്തവണ ക്രൊയേഷ്യന്‍ നിരയില്‍ കളിക്കില്ല.

ഉറുഗ്വെയുടെ റൊണാള്‍ഡോ അറൗജോ, പോളണ്ടിന്റെ ജാക്കുബ് മോഡര്‍, കാനഡയുടെ ഹച്ചിന്‍സണ്‍, മൊറോക്കോയുടെ ഇമ്രാന്‍ ലൗസാ എന്നീ താരങ്ങള്‍ എല്ലാം ഇത്തവണ ഖത്തര്‍ സ്വപ്‌നങ്ങള്‍ മാറ്റിവച്ചവരാണ്.








Next Story

RELATED STORIES

Share it