Feature

നെയ്മര്‍-എംബാപ്പെ കൂട്ടുകെട്ട് വഴിപിരിയുന്നു;പിഎസ്ജിയില്‍ പുകയുന്ന പടലപ്പിണക്കങ്ങള്‍

നെയ്മര്‍-മെസ്സി കോമ്പിനേഷനില്‍ പിഎസ്ജി ഈ സീസണില്‍ തിളങ്ങാനും തുടങ്ങി.

നെയ്മര്‍-എംബാപ്പെ കൂട്ടുകെട്ട് വഴിപിരിയുന്നു;പിഎസ്ജിയില്‍ പുകയുന്ന പടലപ്പിണക്കങ്ങള്‍
X


പാരിസ്: ആസ്തിയിലും താരസമ്പന്നതയിലും യൂറോപ്പിലെ വമ്പന്‍മാരാണ് പിഎസ്ജി. വര്‍ഷങ്ങളായി ലീഗ് കിരീടം കുത്തകയാണെങ്കിലും ചാംപ്യന്‍സ് ലീഗ് അവരുടെ കിട്ടാക്കനിയാണ്. ചാംപ്യന്‍സ് ലീഗ് എന്ന ലക്ഷ്യത്തിനായാണ് പണം വാരിയെറിഞ്ഞ് ഖത്തര്‍ ടീം താരങ്ങളെ വാങ്ങുന്നത്. എംബാപ്പെ, നെയ്മര്‍, ലയണല്‍ മെസ്സി എന്നിവരെയെല്ലാം ടീമിലെത്തിച്ചതും ഈ ലക്ഷ്യത്തിനായാണ്. ഇപ്പോള്‍ പിഎസ്ജി സ്‌ക്വാഡിലെ പ്രധാന പ്രശ്‌നം ഉറ്റ സുഹൃത്തുക്കളായ നെയ്മറും എംബാപ്പെയും വഴിപിരിയുന്നതാണ്. ഇത് പിഎസ്ജി ക്യാംപില്‍ അസ്വാരസ്യങ്ങള്‍ക്ക് കാരണമാവുകയാണ്.


2017ലാണ് ബ്രസീലിയന്‍ സൂപ്പര്‍ താരം ബാഴ്‌സലോണയില്‍ നിന്നും പിഎസ്ജിയിലെത്തുന്നത്. മൊണാക്കോയില്‍ നിന്നെത്തിയ എംബാപ്പെയും നെയ്മറും പിന്നീട് പിഎസ്ജിയിലെ ഉറ്റ സുഹൃത്തുക്കളുമായിരുന്നു.

ഉറ്റ സുഹൃത്തുക്കള്‍ക്കിടയിലേക്ക് കഴിഞ്ഞ വര്‍ഷമാണ് അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിയെത്തുന്നത്. ലോക ഫുട്‌ബോളിലെ തന്നെ ഏറ്റവും മികച്ച സുഹൃത്തുക്കളായിരുന്നു മെസ്സിയും നെയ്മറും. ബാഴ്‌സയിലെ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് മെസ്സിക്ക് കഴിഞ്ഞ വര്‍ഷം ക്ലബ്ബ് വിടേണ്ടി വന്നു. തുടര്‍ന്നാണ് തന്റെ ഉറ്റ സുഹൃത്തിന്റെ അഭ്യര്‍ത്ഥന പരിഗണിച്ച് താരം പാരിസിലെത്തുന്നത്. പിന്നീട് പിഎസ്ജിയുടെ പ്രതീക്ഷയും നെയ്മര്‍-മെസ്സി-എംബാപ്പെ ത്രയങ്ങളിലായിരുന്നു.




കഴിഞ്ഞ സീസണില്‍ മെസ്സിക്ക് പിഎസ്ജിയ്ക്കായി കാര്യമായി തിളങ്ങാനായില്ല. പരിക്കും വിലക്കും വലയ്ക്കുന്നുണ്ടെങ്കിലും കിട്ടിയ അവസരങ്ങള്‍ വിനിയോഗിച്ച് നെയ്മറും ക്ലബ്ബില്‍ തുടര്‍ന്നു. എംബാപ്പെയാണ് ഇവരില്‍ കഴിഞ്ഞ സീസണില്‍ തിളങ്ങിയത്.

പിഎസ്ജിയിലെ നെയ്മര്‍-എംബാപ്പെ യുദ്ധം തുടരുന്നത് ഈ ട്രാന്‍സ്ഫര്‍ വിന്‍ഡോയുടെ തുടക്കത്തിലാണ്. നെയ്മര്‍ ഫോമില്‍ അല്ലെന്നും താരത്തെ വില്‍ക്കാന്‍ ആഗ്രഹമുണ്ടെന്നും പിഎസ്ജിയുടെ ഉടമ അറിയിക്കുകയായിരുന്നു. എന്നാല്‍ ക്ലബ്ബ് വിടാന്‍ ആഗ്രഹമില്ലെന്ന് നെയ്മറും അറിയിച്ചു. ഇതിനിടെയാണ് എംബാപ്പെയെ സ്വന്തമാക്കാന്‍ റയല്‍ മാഡ്രിഡ് ആഗ്രഹിച്ചത്. എംബാപ്പെയും ഇതിന് തയ്യാറായിരുന്നു. എന്നാല്‍ പിഎസ്ജിയുടെ പ്രധാന സ്വത്തിനെ വില്‍ക്കാന്‍ ക്ലബ്ബ് തയ്യാറായില്ല. ഇതിനിടെ ഭീമന്‍ ഓഫര്‍ നല്‍കി പിഎസ്ജി എംബാപ്പയെ നിലനിര്‍ത്തി. ഇവിടെ നിന്നാണ് ഉറ്റസുഹൃത്തക്കളുടെ പിണക്കം തുടരുന്നത്.




നെയ്മറിനെ പുറത്താക്കണമെന്ന് എംബാപ്പെ ആവശ്യപ്പെട്ടതായുള്ള റിപ്പോര്‍ട്ട് പുറത്ത് വന്നു. ഇത് നെയ്മറും സ്ഥിരീകരിച്ചു. തുടര്‍ന്ന് ഡ്രസ്സിങ് റൂമിലും പരിശീലന ക്യാംപിലും താരങ്ങള്‍ അകന്നാണ് നില്‍ക്കാറ്. പഴയ സുഹൃത്ത് മെസ്സി വന്നതോടെ നെയ്മറും എംബാപ്പെയില്‍ നിന്ന് അകന്നിരുന്നു. നെയ്മര്‍-മെസ്സി കോമ്പിനേഷനില്‍ പിഎസ്ജി ഈ സീസണില്‍ തിളങ്ങാനും തുടങ്ങി. ഇതിനിടെ കോച്ച് ഗ്ലാറ്റിയറും നെയ്മറിനെ ആവശ്യമാണെന്ന് പ്രഖ്യാപിച്ചു. ഈ സീസണില്‍ താരം സൂപ്പര്‍ ഫോമിലുമാണ്.

പിഎസ്ജിയില്‍ ഇതിനോടകം രണ്ട് ചേരികള്‍ ഉണ്ടെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. സ്പാനിഷ് ഭാഷ സംസാരിക്കുന്നവര്‍ ഒരു വിഭാഗവും മറ്റ് ഭാഷകള്‍ സംസാരിക്കുന്നവര്‍ ഒരു വിഭാഗവും. നെയ്മര്‍, മെസ്സി, പെരഡെസ് തുടങ്ങിയവര്‍ പരിശീലനം നടത്തുന്നതും ഒരുമിച്ചാണ്. എംബാപ്പെയാകട്ടെ ഇവരില്‍ നിന്ന് വിട്ടാണ് പരിശീലനം നടത്താറുള്ളത്.


ഈ സീസണില്‍ നെയ്മറാണ് പിഎസ്ജിയുടെ ഏറ്റവും ഫോമിലുള്ള താരം. ഗോള്‍ അടിച്ചും അടിപ്പിച്ചും താരം കുതിപ്പ് തുടരുകയാണ്. ഇത് എംബാപ്പെയുടെ താരപദവിക്കും തിരിച്ചടിയാണ്. മെസ്സിയുമായുള്ള കോമ്പിനേഷന്‍ നെയ്മര്‍ക്ക് എംബാപ്പെയുമായി ലഭിക്കുന്നില്ല എന്നതും തിരിച്ചടിയാണ്. ഇതിന് കാരണം എംബാപ്പെയുടെ നിസഹകരണമാണെന്നാണ് റിപ്പോര്‍ട്ട്. പിഎസ്ജി എംബാപ്പെയ്ക്ക് കരാര്‍ പുതുക്കി നല്‍കുമ്പോള്‍ താരത്തിന് ക്ലബ്ബില്‍ സമ്പൂര്‍ണ്ണ അധികാരവും നല്‍കിയിരുന്നു. ഇതാണ് താരത്തിന്റെ സ്വഭാവം മാറിയതിന് പിന്നിലെന്നും റിപ്പോര്‍ട്ടുണ്ട്.




ഏറ്റവും പുതിയതായി ഇരുവരുടെയും പിണക്കം പുറത്ത് വന്നത് പിഎസ്ജിയുടെ ഫ്രഞ്ച് ലീഗിലെ രണ്ടാം മല്‍സരത്തിലാണ്. ഈ മല്‍സരത്തില്‍ എംബാപ്പെ ഒരു പെനാല്‍റ്റി നഷ്ടപ്പെടുത്തിയിരുന്നു. രണ്ടാമത് ലഭിച്ച പെനാല്‍റ്റി നല്‍കാന്‍ എംബാപ്പെ നെയ്മറിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നെയ്മര്‍ അത് നല്‍കിയില്ല. പെനാല്‍റ്റിയെടുത്ത നെയ്മര്‍ അത് ലക്ഷ്യത്തിലെത്തിക്കുകയും ചെയ്തു. ഇത് എംബാപ്പെയെ രോഷാകുലനാക്കി. ഇതിനിടെ മെസ്സിയെ താരം തട്ടിയകറ്റിരുന്നു. ഇതില്‍ ഞെട്ടി നില്‍ക്കുന്ന മെസ്സിയുടെ വീഡിയോ ഇതിനോടകം വൈറല്‍ ആയിരുന്നു.


ലീഗ് വണ്ണിലെ ആദ്യ മല്‍സരത്തില്‍ പന്തിനായി എംബാപ്പെയും മെസ്സിയും വ്യത്യസ്ത ദിശയില്‍ ഓടിയിരുന്നു. എന്നാല്‍ സഹതാരം പന്ത് എംബാപ്പെയ്ക്ക് നല്‍കാതെ മെസ്സിക്ക് നല്‍കിയിരുന്നു. ഇതില്‍ രോഷാകുലനായ എംബാപ്പെ ഓട്ടം നിര്‍ത്തിയിരുന്നു.ഇത് മെസ്സിയുമായുള്ള ഇഷ്ടക്കേടും വ്യക്തമാക്കുന്നു. മെസ്സിയെ ടീമില്‍ നിര്‍ത്തി നെയ്മറെ ഒഴിവാക്കാനാണ് ഫ്രഞ്ച് താരത്തിന്റെ ആഗ്രഹം. എന്നാല്‍ ക്ലാസ്സിക്ക് ഫോമില്‍ കളിക്കുന്ന നെയ്മറെ ഗ്ലാറ്റിയര്‍ ഒരു കാരണവശാലും ഒഴിവാക്കില്ല.













Next Story

RELATED STORIES

Share it