Feature

കാത്തിരിപ്പിന് വിരാമം; ഖത്തറില്‍ ഇന്ന് മുതല്‍ ലോകകപ്പ് മാമാങ്കം

കാത്തിരിപ്പിന് വിരാമം; ഖത്തറില്‍ ഇന്ന് മുതല്‍ ലോകകപ്പ് മാമാങ്കം
X

ലോകം കാത്തിരുന്ന നിമിഷങ്ങള്‍ ഇതാ വന്നെത്തിയിരിക്കുന്നു. ഇനിയെല്ലാ കണ്ണുകളും അറബ് സംസ്‌കാരത്തിന്റെ മനോഹരമുഹൂര്‍ത്തങ്ങള്‍ക്ക് കാതോര്‍ക്കുന്ന ഖത്തറിന്റെ പുല്‍മൈതാനികളിലേക്ക്. ഒരര്‍ത്ഥത്തില്‍ ഇത് അറബികളുടെ മാത്രമല്ല, മലയാളികളുടെ കൂടി ലോകകപ്പാണ്. കാരണം ഖത്തറിലെ ആഘോഷങ്ങളിലും സംഘാടനത്തിലുമെല്ലാം മലയാളികളുടെ സാന്നിധ്യം നാം കണ്ടതാണല്ലോ. നാല് വര്‍ഷം നീണ്ട കാത്തിരിപ്പാണ് ഇന്നവസാനിക്കുന്നത്. ഉദ്ഘാടന മാമാങ്കത്തില്‍ ഖത്തര്‍ ഒളിപ്പിച്ചുവച്ച വിസ്മയങ്ങള്‍ എന്തൊക്കെയാവുമെന്നറിയാന്‍ ഇനി നിമിഷങ്ങള്‍ മാത്രമാണ് ബാക്കി. അറബ് ലോകത്തെ ആദ്യ ലോകകപ്പ്, 32 രാജ്യങ്ങള്‍ പങ്കെടുക്കുന്ന അവസാന ലോകകപ്പ് തുടങ്ങി ഒട്ടേറെ പ്രത്യേകതകളുണ്ട്് ഇത്തവണത്തെ ലോകകപ്പിന്.


ലോകകപ്പ് വേദിയായി ഖത്തറിനെ തിരഞ്ഞെടുത്ത അന്നുമുതല്‍ പാശ്ചാത്യ മാധ്യമങ്ങള്‍ നടത്തുന്ന കുത്തിത്തിരിപ്പിന് ഫിഫാ പ്രസിഡന്റ് ഇന്‍ഫന്റിനോ തന്നെ മുഖമടച്ച മറുപടി നല്‍കിയത് ഖത്തറിന് നല്‍കുന്ന ഊര്‍ജ്ജം വാനോളമുയര്‍ത്തിയിട്ടുണ്ട്. കഴിഞ്ഞ 3000 വര്‍ഷം യൂറോപ്പുകാര്‍ ചെയ്തുകൂട്ടിയ തെറ്റുകള്‍ക്ക് അടുത്ത 3000 വര്‍ഷം അവര്‍ ക്ഷമാപണം നടത്തേണ്ടിയിരിക്കുന്നു എന്നാണ് ഇന്‍ഫന്റിനോ വെട്ടിത്തെളിച്ചുപറഞ്ഞത്. യൂറോപ്പ്യന്‍ മാധ്യമങ്ങളുടെ ഇരട്ടത്താപ്പിനു തിരിച്ചടി നല്‍കാന്‍ ഇതിലും വലിയ വാക്കുകളില്ല. ഇതിനോടകം മല്‍സരത്തില്‍ പങ്കെടുക്കുന്ന 32 ടീമുകളും ഖത്തറിലെത്തി പരിശീലനം തുടങ്ങിക്കഴിഞ്ഞു. നിലവിലെ ചാംപ്യന്‍മാരായ ഫ്രാന്‍സിനും തകര്‍പ്പന്‍ ഫോമിലുള്ള ബ്രസീല്‍, അര്‍ജന്റീന, ഇംഗ്ലണ്ട് എന്നിവര്‍ക്കുമാണ് കിരീടസാധ്യത. എന്നാല്‍, ഫുട്ബോളാണ്, മിനുട്ടുകളുടെ ആയിരത്തിലൊന്ന് സെക്കന്റില്‍ വിധി നിര്‍ണയിക്കുന്ന അനിശ്ചിതത്വമാണ്. അതിനാല്‍ തന്നെ കണക്കുകൂട്ടലുകളേക്കാള്‍ കളിമിടുക്കും ഭാഗ്യവുമാണ് പ്രധാനം.

ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ചിലവേറിയ ലോകകപ്പിനാണ് ഖത്തറിലെ 8 സ്റ്റേഡിയങ്ങള്‍ സാക്ഷ്യം വഹിക്കുന്നത്. ഇന്ന് ഇന്ത്യന്‍ സമയം രാത്രി 9.30ന് അല്‍ബെയ്ത്ത് സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മല്‍സരം. ആതിഥേയരായ ഖത്തറും ലാറ്റിന്‍ അമേരിക്കയില്‍ നിന്നുള്ള ഇക്വഡോറും തമ്മിലാണ് ആദ്യ മല്‍സരം. അല്‍ ഖൂറിലെ അല്‍ ബെയ്ത്ത് സ്റ്റേഡിയത്തിലാണ് മല്‍സരം. ഫൈനല്‍ മല്‍സരം ഖത്തര്‍ ദേശീയ ദിനമായ ഡിസംബര്‍ 18നാണ്. 64 മല്‍സരങ്ങളാണ് ആകെയുള്ളത്. സാധാരണയായി ജൂണ്‍-ജൂലൈ മാസങ്ങളില്‍ നടക്കേണ്ട ലോകകപ്പ് ഖത്തറിലെ അതികഠിനമായ ചൂട് കാരണമാണ് നവംബറിലേക്ക് ഷെഡ്യുള്‍ ചെയ്തത്.


ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പ് എന്ന പേര് ഖത്തറിന് ലഭിക്കാനുള്ള ഒരുക്കങ്ങളാണ് അണിയറില്‍ അരങ്ങേറുന്നത്. അല്‍ ബെയ്ത്ത്, ലൂസെയ്ല്‍, അഹ്‌മദ് ബിന്‍ അലി, അല്‍ ജനൗബ്, എഡ്യുജൂക്കേഷന്‍ സിറ്റി, ഖലീഫാ ഇന്റര്‍നാഷണല്‍, സ്റ്റേഡിയം 974 എന്നീ മനോഹര സ്റ്റേഡിയങ്ങളിാണ് മല്‍സരം നടക്കുക. ഉദ്ഘാടന മാമാങ്കത്തില്‍ പോപ്പ് താരവും ബിടിഎസ് ബാന്‍ഡിലെ അംഗവുമായ ജങ്കൂക്ക്, റോബി വില്ല്യംസ് എന്നിവരുടെ ഗാനവിരുന്നും പ്രമുഖ നര്‍ത്തകിയായ നോറാ ഫത്തേഹിയുടെ നൃത്തച്ചുവടുകളും കൊണ്ട് വര്‍ണാഭമാവുമെന്നുറപ്പ്. ഡിസംബര്‍ മധ്യം വരെ നീളുന്ന കായികമാമാങ്കത്തിലേക്ക് ലോകം കണ്ണും കാതും കൂര്‍പ്പിച്ചിരുക്കുമെന്നുറപ്പാണ്.Next Story

RELATED STORIES

Share it