Cricket

ട്വന്റി-20 ലോകകപ്പ്; ബഹിഷ്‌കരണ ഭീഷണിക്കിടെ ടീമിനെ പ്രഖ്യാപിച്ച് പാകിസ്താന്‍, ബാബര്‍ അസം തിരിച്ചെത്തി

ട്വന്റി-20 ലോകകപ്പ്; ബഹിഷ്‌കരണ ഭീഷണിക്കിടെ ടീമിനെ പ്രഖ്യാപിച്ച് പാകിസ്താന്‍, ബാബര്‍ അസം തിരിച്ചെത്തി
X

കറാച്ചി: 2026 ട്വന്റി-20 ലോകകപ്പില്‍ നിന്നുള്ള പിന്മാറുമെന്ന ഭീഷണികള്‍ക്കിടെ ആരാധകര്‍ക്ക് ആശ്വാസമായി പാകിസ്താന്‍ 15 അംഗ ടീമിനെ പ്രഖ്യാപിച്ചു. ഐസിസിയുമായുള്ള തര്‍ക്കങ്ങള്‍ നിലനില്‍ക്കെ തന്നെ ടീമിനെ പ്രഖ്യാപിച്ചത് പാകിസ്താന്‍ ടൂര്‍ണമെന്റില്‍ കളിക്കുമെന്നതിന്റെ സൂചനയായാണ് ക്രിക്കറ്റ് ലോകം കാണുന്നത്. സല്‍മാന്‍ അലി ആഗയാണ് ട്വന്റി-20 ലോകകപ്പില്‍ പാകിസ്താന്‍ ടീമിനെ നയിക്കുന്നത്. കഴിഞ്ഞ വര്‍ഷം നടന്ന ഏഷ്യാ കപ്പിലും സല്‍മാന്‍ അലി ആഗയാണ് ടീമിനെ നയിച്ചത്.

ഏഷ്യാ കപ്പില്‍ നിന്ന് ഒഴിവാക്കപ്പെട്ട മുന്‍ നായകന്‍ ബാബര്‍ അസം ടീമിലേക്ക് തിരിച്ചെത്തിയതാണ് ഏറ്റവും വലിയ സവിശേഷത. എന്നാല്‍ വെറ്ററന്‍ താരം മുഹമ്മദ് റിസ്വാനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്. സ്പിന്‍ ബോളിംഗിനെ തുണയ്ക്കുന്ന ഇന്ത്യന്‍ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് അബ്രാര്‍ അഹമ്മദ്, ഉസ്മാന്‍ താരിഖ് എന്നിവര്‍ക്ക് ടീമില്‍ ഇടം ലഭിച്ചു.

സീനിയര്‍ പേസര്‍ ഹാരിസ് റൗഫിനെ ടീമില്‍ നിന്ന് ഒഴിവാക്കിയതാണ് ടീം പ്രഖ്യാപനത്തിലെ ഞെട്ടിക്കുന്ന തീരുമാനം. ഹാരിസ് റൗഫിന് പുറമെ മുഹമ്മദ് വസീം ജൂനിയര്‍, ഹസന്‍ അലി എന്നിവര്‍ക്കും സ്ഥാനം നഷ്ടമായി. ഷഹീന്‍ ഷാ അഫ്രീദി, നസീം ഷാ എന്നിവരാണ് പേസ് നിരയെ നയിക്കുക.

ടീമിനെ പ്രഖ്യാപിച്ചെങ്കിലും ലോകകപ്പിലെ പങ്കാളിത്തം സംബന്ധിച്ച് അന്തിമ തീരുമാനം പാക് സര്‍ക്കാര്‍ എടുത്തിട്ടില്ല. ബംഗ്ലാദേശിനെ ലോകകപ്പില്‍ നിന്ന് പുറത്താക്കിയ ഐസിസി നടപടിയില്‍ പാകിസ്താന്‍ ഇപ്പോഴും പ്രതിഷേധത്തിലാണ്. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് തിരിച്ചെത്തിയാലുടന്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്ന് പിസിബി ചെയര്‍മാന്‍ മൊഹ്‌സിന്‍ നഖ്വി വ്യക്തമാക്കി. ഫെബ്രുവരി 7-ന് നെതര്‍ലന്‍ഡ്സിനെതിരെയാണ് പാകിസ്താന്റെ ആദ്യ മല്‍സരം. ഫെബ്രുവരി 15-ന് ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ-പാക് പോരാട്ടവും നടക്കും. നിഷ്പക്ഷ വേദിയായ കൊളംബോയിലാണ് മല്‍സരം നടക്കുക. പാകിസ്താന്റെ മല്‍സരങ്ങള്‍ക്കെല്ലാം ശ്രീലങ്കയാണ് വേദിയാവുന്നത്.

ടീം:

സല്‍മാന്‍ അലി ആഗ (ക്യാപ്റ്റന്‍), ബാബര്‍ അസം, ഷഹീന്‍ ഷാ അഫ്രീദി, ഫഖര്‍ സമാന്‍, ഷദാബ് ഖാന്‍, നസീം ഷാ, അബ്രാര്‍ അഹമ്മദ്, ഫഹീം അഷ്റഫ്, ഖവാജ മുഹമ്മദ് നഫയ് (വിക്കറ്റ് കീപ്പര്‍), മുഹമ്മദ് നവാസ്, മുഹമ്മദ് സല്‍മാന്‍ മിര്‍സ, സാഹിബ്സാദ ഫര്‍ഹാന്‍, സയിം അയൂബ്, ഉസ്മാന്‍ ഖാന്‍, ഉസ്മാന്‍ താരിഖ്.






Next Story

RELATED STORIES

Share it