Cricket

'ട്വന്റി-20 ലോകകപ്പ് കളിക്കണം, വേദി മാറ്റം സ്വതന്ത്ര സമിതി പരിശോധിക്കട്ടെ'; ഐസിസിക്ക് വീണ്ടും കത്തയച്ച് ബംഗ്ലാദേശ്

ട്വന്റി-20 ലോകകപ്പ് കളിക്കണം, വേദി മാറ്റം സ്വതന്ത്ര സമിതി പരിശോധിക്കട്ടെ; ഐസിസിക്ക് വീണ്ടും കത്തയച്ച് ബംഗ്ലാദേശ്
X

ധാക്ക: ട്വന്റി-20 ലോകകപ്പ് കളിക്കാന്‍ ഇന്ത്യയിലേക്ക് വരില്ലെന്ന കടുംപിടുത്തവുമായി നില്‍ക്കുന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ഐസിസിക്ക് വീണ്ടും കത്തയച്ചു. ഇന്ത്യയിലെ ബംഗ്ലാദേശിന്റെ മല്‍സര വേദി ശ്രീലങ്കയിലേക്ക് മാറ്റണമെന്ന ആവശ്യം ഐസിസിയുടെ സ്വതന്ത്ര തര്‍ക്ക പരിഹാര സമിതിയ്ക്കു (ഡിആര്‍സി) വിടണമെന്നാണ് പുതിയ കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ബംഗ്ലാദേശ് ടീമിന്റെ ട്വന്റി-20 ലോകകപ്പ് പങ്കാളിത്തം സംബന്ധിച്ച ഏറ്റവും പുതിയ മാധ്യമ റിപ്പോര്‍ട്ടുകളിലാണ് കത്തിന്റെ വിവരങ്ങള്‍ പുറത്തു വന്നത്.

സ്വതന്ത്ര അഭിഭാഷകര്‍ ഉള്‍പ്പെടുന്നതാണ് ഐസിസിയുടെ തകര്‍ക്ക പരിഹാര സമിതി. തങ്ങളുടെ പുതിയ അഭ്യര്‍ഥനയ്ക്കു ഐസിസി മറുപടി നല്‍കുമെന്ന പ്രതീക്ഷയാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്. വേദി മാറ്റത്തിനുള്ള ആവശ്യം ഐസിസി ഡിആര്‍സിക്കു വിടുമെന്നും അവര്‍ പ്രതീക്ഷ പുലര്‍ത്തുന്നു. ബംഗ്ലാദേശിനു ലോകകപ്പ് കളിക്കണം. എന്നാല്‍ സുരക്ഷ മുന്‍നിര്‍ത്തി അത് ഇന്ത്യയിലെ വേദിയില്‍ സാധിക്കില്ല. പകരം ശ്രീലങ്കയില്‍ മത്സരിക്കാന്‍ അനുവദിക്കണം എന്ന ആവശ്യമാണ് അവര്‍ നിരന്തരം മുന്നോട്ടു വയ്ക്കുന്നത്.

അന്താരാഷ്ട്ര ക്രിക്കറ്റുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിക്കുന്ന സ്വതന്ത്ര സമിതിയാണിത്. ക്രിക്കറ്റുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ ബോര്‍ഡുകള്‍ക്കോ മറ്റും പരിഹാരം കണ്ടെത്താന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ബന്ധപ്പെട്ട കക്ഷികള്‍ക്കു സമിതിയെ സമീപിക്കാം. ഐസിസി, അംഗങ്ങളായ ക്രിക്കറ്റ് ബോര്‍ഡുകള്‍, താരങ്ങള്‍, ക്രിക്കറ്റ് ഭരണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍, ബന്ധപ്പെട്ട മറ്റ് കക്ഷികള്‍ എന്നിവര്‍ക്കെല്ലാം സമിതിയില്‍ പരാതികള്‍ നല്‍കാം.

ഇംഗ്ലീഷ് നിയമമനുസരിച്ചാണ് സമിതിയുടെ നിലവിലെ പ്രവര്‍ത്തനം. ഡിആര്‍സിയുടെ നടപടികള്‍ ലണ്ടനിലാണ് നടക്കുന്നത്. തര്‍ക്കങ്ങള്‍ ഡിആര്‍സി ആദ്യം പരിശോധിക്കും. പിന്നീട് സ്വതന്ത്ര പാനലുകള്‍ വഴി രഹസ്യ മധ്യസ്ഥത നടത്തും. ഐസിസിയുടെ തീരുമാനങ്ങളുടേയും ചട്ടങ്ങളുടേയും കരാറുകളുടേയും നിയമസാധുതകളും മറ്റും വിലയിരുത്തുകയാണ് സമിതി ചെയ്യുന്നത്. അതേസമയം അപ്പീല്‍ ഫോറമായി സമിതി പ്രവര്‍ത്തിക്കുന്നില്ല. ഡിആര്‍സി വിധികള്‍ അന്തിമമായിരിക്കും. അതിനു മുകളിലൊരു അപ്പീല്‍ പരിമിതമായ ചില സമയങ്ങളില്‍ മാത്രമേ സാധ്യമാകു.





Next Story

RELATED STORIES

Share it