Cricket

ട്വന്റി-20 ലോകകപ്പിലെ ആദ്യ സെമി ഇന്ന്; കൊല്‍ക്കത്തയില്‍ ദക്ഷിണാഫ്രിക്ക-ന്യൂസിലന്‍ഡ് പോരാട്ടം

ട്വന്റി-20 ലോകകപ്പിലെ ആദ്യ സെമി ഇന്ന്; കൊല്‍ക്കത്തയില്‍ ദക്ഷിണാഫ്രിക്ക-ന്യൂസിലന്‍ഡ് പോരാട്ടം
X

കൊല്‍ക്കത്ത: ട്വന്റി-20 ലോകകപ്പിലെ ആദ്യ ഫൈനലിസ്റ്റിനെ ഇന്നറിയാം. ദക്ഷിണാഫ്രിക്ക സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനെ നേരിടും. വൈകീട്ട് ഏഴിന് കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സിലാണ് മല്‍സരം. ഗ്രൂപ്പ് ഘട്ടത്തില്‍ ദക്ഷിണാഫ്രിക്ക ഏഴ് വിക്കറ്റിന് ന്യൂസിലന്‍ഡിനെ തോല്‍പിച്ചിരുന്നു.

തുല്യശക്തികള്‍ നേര്‍ക്കുനേര്‍ വരുമ്പോള്‍ ക്രിക്കറ്റിന്റെ ക്ലാസിക് പോരാകും ഈഡനിലിന്ന് എന്നാണ് ആരാധകര്‍ കരുതുന്നത്. കരുത്തില്‍ മുന്നിലെങ്കിലും ലോകവേദിയില്‍ അടിപതറുന്ന പതിവുള്ള രണ്ട് ടീമുകളാണ് ഇന്ന് നേര്‍ക്കുനേര്‍ വരുന്നത്. വമ്പ് പറയാന്‍ ഇരുവര്‍ക്കുമുള്ളത് ടെസ്റ്റ് ലോക കിരീടങ്ങള്‍ മാത്രം. കുട്ടി ക്രിക്കറ്റ് കീരീടം ഷെല്‍ഫിലെത്തിക്കാന്‍ പ്രോട്ടീസും കിവീസും കൊല്‍ക്കത്തയില്‍ ഏറ്റുമുട്ടുമ്പോള്‍ തീപാറും പോരാട്ടം പ്രതീക്ഷിക്കാം.

ടൂര്‍ണമെന്റില്‍ ഒരൊറ്റ മല്‍സരവും തോക്കാതെയാണ് ദക്ഷിണാഫ്രിക്ക വരുന്നത്. 2024ല്‍ ഇന്ത്യയോട് തോറ്റ് നഷ്ടമായ ട്രോഫി നേടാന്‍ പോന്ന കരുത്തുണ്ട് പ്രോട്ടീസ് പടയ്ക്ക്. ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം തുടങ്ങുന്ന ബാറ്റിങ് വെടിക്കെട്ട്. ഒപ്പം റിയാന്‍ റെക്കില്‍ടണും ഡെവാള്‍ഡ് ബ്രെവിസും ഡി കോക്കും പിന്നാലെ കില്ലര്‍ മില്ലറും. മാറ്റ് ഹെന്റിയും ലോക്കി ഫെര്‍ഹഗൂസനുമടങ്ങുന്ന പേസ് നിര തിളങ്ങിയാലെ കിവീസിന് പ്രതീക്ഷയ്ക്ക് വകയുള്ളൂ. വ്യക്തിപരമായ കാരണങ്ങളാല്‍ നാട്ടിലേക്ക് മടങ്ങിയ മാറ്റ് ഹെന്റി മടങ്ങിയെത്തിയില്ലെങ്കില്‍ ടഫി പകരക്കാരനാകും.

ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നറും ഓള്‍റൗണ്ടര്‍ രചിന്‍ രവീന്ദ്രയും ചേരുന്നതോടെ കിവീസ് ബോളിങ് യൂണിറ്റ് റെഡി. ബാറ്റിങ്ങില്‍ ഓപ്പണിങ്ങാണ് കിവീസിന്റെ കരുത്ത്. ടിം സൈഫര്‍ട്ടും ഫിന്‍ അല്ലനും മിന്നിത്തിളങ്ങിയാല്‍ ന്യൂസീലന്‍ഡ് ഹാപ്പി. ഇരുവരെയും വെല്ലുവിളിക്കാന്‍ പോന്ന പേസ് കരുത്താണ് പ്രോട്ടീസ് പ്രതീക്ഷ. ടൂര്‍ണമെന്റില്‍ 43 വിക്കറ്റുകള്‍ നേടിയ ദക്ഷിണാഫ്രിക്കന്‍ പേസര്‍മാര്‍ മിന്നും ഫോമിലുമാണ്. ട്വന്റി-20 ലോകകപ്പ് ചരിത്രത്തില്‍ ഇതുവരെ പ്രോട്ടീസിനെ ജയിക്കാന്‍ കിവീസിനായിട്ടില്ല. ആകെ ട്വന്റി-20 കണക്കിലും കിവീസിന് എതിരെ ദക്ഷിണാഫ്രിക്ക തന്നെ മുന്നില്‍. ഒരോ തവണ ഫൈനലിലെത്തിയതാണ് ഇരു ടീമുകളുടേയും ലോകകപ്പിലെ മികച്ച പ്രകടനം. ഈഡനില്‍ നിന്ന് കലാശപ്പോരിലേക്ക് ആരാദ്യമെത്തിയാലും വമ്പന്‍ പോരാട്ടമുണ്ടാകുമെന്നറുപ്പ്.




Next Story

RELATED STORIES

Share it