Cricket

വിഖ്യാത അംപയര്‍ ഡിക്കി ബേര്‍ഡ് അന്തരിച്ചു

വിഖ്യാത അംപയര്‍ ഡിക്കി ബേര്‍ഡ് അന്തരിച്ചു
X

ലണ്ടന്‍: വിഖ്യാത അംപയര്‍ ഡിക്കി ബേര്‍ഡ് അന്തരിച്ചു. 92ാം വയസ്സില്‍ ഇംഗ്ലണ്ടിലായിരുന്നു അന്ത്യം. യോര്‍ക്ഷെയര്‍ ക്രിക്കറ്റ് ക്ലബ്ബ് ആണ് മരണവിവരം സ്ഥിരീകരിച്ചത്. 1973നും 1996നും ഇടയില്‍ 66 ടെസ്റ്റും 76 ഏകദിനവും നിയന്ത്രിച്ചു. മൂന്ന് ലോകകപ്പ് ഫൈനലുകളില്‍ അംപയര്‍ ആയി. 93 ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളില്‍ കളിച്ചിട്ടുള്ള ബേര്‍ഡിന് കാരണം കരിയര്‍ ഉപേക്ഷിക്കേണ്ടി വന്നു. തുടര്‍ന്ന് അംപയറിങിലേക്ക് മാറി. ഇന്ത്യ ജയിച്ച 1983 ലോകകപ്പ് ഫൈനലിലും ബേര്‍ഡ് ആയിരുന്നു അംപയര്‍. 1996ല്‍ ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് ആയിരുന്നു വിടവാങ്ങല്‍ മല്‍സരം.

1933 ഏപ്രില്‍ 19 ന് യോര്‍ക്ക്ഷെയറിലെ ബാര്‍ണ്‍സ്ലിയില്‍ ജനിച്ച ബേര്‍ഡിന്റെ ജീവിതം ക്രിക്കറ്റിന് വേണ്ടി മാറ്റിവച്ചതായിരുന്നു. പ്രതിഭാധനനായ ഒരു ബാറ്റ്സ്മാന്‍ ആയിരുന്ന അദ്ദേഹം യോര്‍ക്ക്ഷെയറിനും ലെസ്റ്റര്‍ഷെയറിനുമായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിച്ചു. പക്ഷേ പരിക്ക് മൂലം അദ്ദേഹത്തിന്റെ കളിജീവിതം അവസാനിച്ചു. പിന്നീട് ഒരു അംപയറെന്ന നിലയിലാണ് അദ്ദേഹം ക്രിക്കറ്റ് ചരിത്രത്തില്‍ തന്റെ പേര് സ്ഥിരമായി രേഖപ്പെടുത്തിയത്. ക്രിക്കറ്റിലെ മികച്ച അംപയര്‍മാരില്‍ ഒരാളായിട്ടാണ് അദ്ദേഹം അറിയപ്പെടുന്നത്.

1996ല്‍ ലോര്‍ഡ്‌സില്‍ നടന്ന അദ്ദേഹത്തിന്റെ അവസാന ടെസ്റ്റില്‍, ഇംഗ്ലണ്ട് - ഇന്ത്യന്‍ കളിക്കാര്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. കാണികള്‍ അദ്ദേഹത്തിന് സ്റ്റാന്‍ഡിങ് ഒവേഷന്‍ നല്‍കി. സൗരവ് ഗാംഗുലിയുടെയും രാഹുല്‍ ദ്രാവിഡിന്റെയും അരങ്ങേറ്റവും ഈ ടെസ്റ്റ് മല്‍സരത്തില്‍ ആയിരുന്നു. അദ്ദേഹത്തിന്റെ ആത്മകഥ ഒരു ദശലക്ഷത്തിലധികം കോപ്പികള്‍ വിറ്റു. 2014-ല്‍, യോര്‍ക്ക്ഷയര്‍ കൗണ്ടി ക്രിക്കറ്റ് ക്ലബ്ബിന്റെ പ്രസിഡന്റായി അദ്ദേഹത്തെ തിരഞ്ഞെടുത്തു.

ഡിക്കി ബേര്‍ഡിന്റെ അമ്പയറിങ്് കരിയറിലെ ഏറ്റവും മികച്ച നിമിഷങ്ങളിലൊന്ന് 1973-ല്‍ ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ടും വെസ്റ്റ് ഇന്‍ഡീസും തമ്മില്‍ നടന്ന ടെസ്റ്റിനിടെയായിരുന്നു. മൂന്നാം ദിവസം ബോംബ് ഭീഷണിയെത്തുടര്‍ന്ന് കളി തടസ്സപ്പെട്ടു. അധികാരികള്‍ക്ക് ഭീഷണി ലഭിച്ചതോടെ സ്റ്റേഡിയം ഒഴിപ്പിക്കാന്‍ ഉത്തരവിടുകയും ചെയ്തു. ആള്‍ക്കൂട്ടത്തില്‍ പലരും പുറത്തുപോകുകയോ സുരക്ഷിത സ്ഥാനത്തേക്ക് മാറുകയോ ചെയ്തപ്പോള്‍, ബേര്‍ഡ് ശാന്തമായി മൈതാനത്ത് തന്നെ തുടര്‍ന്നു. അദ്ദേഹം, പിച്ചിന്റെ മധ്യത്തില്‍ ഇരുന്നു. നിരവധി കാണികള്‍ ചുറ്റും കൂടി. പിന്നീട് അദ്ദേഹം വിശദീകരിച്ചത് 'ഏറ്റവും സുരക്ഷിതമായ സ്ഥലം മധ്യത്തിലാണ്' എന്നാണ്. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ മുന്‍ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ആദരാഞ്ജലി അര്‍പ്പിച്ചു.




Next Story

RELATED STORIES

Share it