Cricket

പോക്‌സോ കേസ്; യാഷ് ദയാലിനെ കൈവിട്ട് ആര്‍സിബി

പോക്‌സോ കേസ്; യാഷ് ദയാലിനെ കൈവിട്ട് ആര്‍സിബി
X

ബെംഗളൂരു: പോക്‌സോ കേസ് അടക്കമുള്ള ലൈംഗിക പീഡിന പരാതികളും ക്രിമിനല്‍ കേസുകളും നേരിടുന്ന പേസര്‍ യാഷ് ദയാല്‍ ഇത്തവണ ഐപിഎല്ലില്‍ കളിക്കില്ലെന്ന് സ്ഥിരീകരിച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു(ആര്‍സിബി). ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് മോ ബോബറ്റാണ് യാഷ് ദയാല്‍ ഇത്തവണ ടീമിനൊപ്പം ചേരില്ലെന്ന വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

മാര്‍ച്ച് 18-ന് ആരംഭിച്ച ആര്‍സിബിയുടെ പരിശീലന ക്യാംപില്‍ നിന്ന് യാഷ് ദയാല്‍ വിട്ടുനിന്നിരുന്നു. യാഷ് ദയാല്‍ നിലവില്‍ ആര്‍സിബിയുമായി കരാറിലുള്ള കളിക്കാരനാണെങ്കിലും ചില വ്യക്തിപരമായ കാരണങ്ങളാല്‍ ഇത്തവണ ടീമിന്റെ ഭാഗമാകില്ലെന്ന് മോ ബോബറ്റ് ക്രിക്ബസിനോട് പറഞ്ഞു. എന്നാല്‍, യാഷ് ദയാലിനെരെയുള്ള ഗുരുതരമായ ആരോപണങ്ങളാണ് ടീമില്‍ നിന്നുള്ള പുറത്താകലിന് കാരണമായതെന്നാണ് സൂചന.

കഴിഞ്ഞ ഐപിഎല്‍ താരലേലത്തിന് മുന്നോടിയായി 5 കോടി രൂപയ്ക്കാണ് ആര്‍സിബി യാഷ് ദയാലിനെ നിലനിര്‍ത്തിയത്. എന്നാല്‍ യാഷ് ദയാലിനെതിരെയുള്ള ക്രിമിനല്‍ കേസുകള്‍ നിലനില്‍ക്കെ നിലനിര്‍ത്താനുള്ള തീരുമാനം വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

യാഷ് ദയാലിനെതിരെ ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലും ജയ്പൂരിലുമായി രണ്ട് എഫ്ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2023-നും 2024 ഏപ്രിലിനും ഇടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപദ്രവിച്ചു എന്ന പരാതിയില്‍ ജയ്പൂരിലെ സാംഗനീര്‍ സദര്‍ പോലിസ് സ്റ്റേഷനില്‍ ഭാരതീയ ന്യായ സംഹിതയിലെയും പോക്‌സോ നിയമത്തിലെയും കടുത്ത വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 69 പ്രകാരം യാഷ് ദയാലിനെതിരെ ലൈംഗികാതിക്രമത്തിന് ഗാസിയാബാദിലും കേസെടുത്തിട്ടുണ്ട്. വിവാദങ്ങളെത്തുടര്‍ന്ന് ഉത്തര്‍പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ ഈ സീസണിലെ ആഭ്യന്തര മല്‍സരങ്ങളില്‍ നിന്നും ദയാലിനെ മാറ്റിനിര്‍ത്തിയിരുന്നു. സെപ്റ്റംബര്‍ മുതല്‍ ദയാലിനെ ബന്ധപ്പെടാന്‍ സാധിച്ചിരുന്നില്ലെന്ന് അസോസിയേഷന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ആര്‍സിബി ടീം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്ന ചിത്രങ്ങളിലോ വീഡിയോകളിലോ യാഷ് ദയാലിന്റെ സാന്നിധ്യമുണ്ടായിരുന്നില്ല. ഇതിനിടെ യാഷ് ദയാലിന്റെ വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നെങ്കിലും താരം ക്രിക്കറ്റില്‍ നിന്ന് പൂര്‍ണ്ണമായും വിട്ടുനില്‍ക്കുകയാണ്. ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ അന്വേഷണം നേരിടുന്ന യാഷ് ദയാലിനെ നിലനിര്‍ത്തിയ ആര്‍സിബി മാനേജ്മെന്റിന്റെ തീരുമാനത്തിനെതിരെ ആരാധകര്‍ക്കിടയില്‍ പ്രതിഷേധം ശക്തമാണ്.



Next Story

RELATED STORIES

Share it