Football

'ലോകകപ്പ് ട്രയല്‍' ; ബോസ്റ്റണില്‍ തീപാറും; 11വര്‍ഷത്തിന് ശേഷം ബ്രസീല്‍-ഫ്രാന്‍സ് പോരാട്ടം

ലോകകപ്പ് ട്രയല്‍ ; ബോസ്റ്റണില്‍ തീപാറും; 11വര്‍ഷത്തിന് ശേഷം ബ്രസീല്‍-ഫ്രാന്‍സ് പോരാട്ടം
X

ബോസ്റ്റണ്‍: ലോക ഫുട്‌ബോളില്‍ ഇന്ന് വമ്പന്‍ പോരാട്ടം. സൗഹൃദ പോരാട്ടത്തില്‍ ബ്രസീല്‍ രാത്രി ഒന്നരയ്ക്ക് ഫ്രാന്‍സിനെ നേരിടും. മൂന്ന് മാസത്തിനപ്പുറമുള്ള ഫിഫ ലോകകപ്പിന് ഒരുങ്ങാന്‍ ബ്രസീലും ഫ്രാന്‍സും ബോസ്റ്റണിലെ ഗില്ലറ്റ് സ്റ്റേഡിയത്തില്‍ നേര്‍ക്കുനേര്‍ വരുമ്പോള്‍ കിലിയന്‍ എംബാപ്പേ നയിക്കുന്ന ഫ്രഞ്ച് കരുത്തിനെ കാര്‍ലോ ആഞ്ചലോട്ടിയുടെ ബ്രസീല്‍ എങ്ങനെ തടുത്ത് നിര്‍ത്തുമെന്നാണ് ഫുട്‌ബോള്‍ ലോകത്തിന്റെ ആകാംക്ഷ.

അവസാന അഞ്ച് മല്‍സരത്തില്‍ രണ്ടില്‍ മാത്രം ജയിച്ച ബ്രസീല്‍ ലോകകപ്പിന് യോഗ്യത നേടിയത് തെക്കേ അമേരക്കിയിലെ അഞ്ചാം സ്ഥാനക്കാരായാണ്. ഒന്നാം സ്ഥാനക്കാരായ അര്‍ജന്റീനയെക്കാള്‍ പത്ത് പോയിന്റ് പിന്നിലായിരുന്നു ബ്രസീല്‍. ആഞ്ചലോട്ടി പരിശീലകനായി എത്തിയിട്ടും ബ്രസീലിന്റെ കളിയില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല എന്നാണ് ആരാധകരുടെ ആശങ്ക. 11 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ബ്രസീലും ഫ്രാന്‍സും മുഖാമുഖംവരുന്നത്. 2015ല്‍ അവസാനം ഏറ്റുമുട്ടിയപ്പോള്‍ ഒന്നിനെതിരെ മൂന്ന് ഗോളിന് ജയം ബ്രസീലിനൊപ്പമായിരുന്നു.

ഇതിന് ശേഷം ബ്രസീല്‍ പിന്നോക്കം പോയപ്പോള്‍ ഫ്രാന്‍സ് ബഹുദൂരം മുന്നിലെത്തി. 2018ലെ ലോകകപ്പ് നേടിയ ഫ്രാന്‍സ് ഖത്തറില്‍ രണ്ടാം സ്ഥാനക്കാരുമായി. കിലിയന്‍ എംബാപ്പേ, ഒസ്മാന്‍ ഡെംബലേ മുന്നേറ്റനിരയെ പിടിച്ചുകെട്ടുയാവും ബ്രസീലിന്റെ പ്രധാന വെല്ലുവിളി. കോച്ച് ദിദിയെ ദെഷോമിന്റെ ഫ്രഞ്ച് തന്ത്രങ്ങള്‍ കളിക്കളത്തില്‍ താളം തെറ്റാതെ നടപ്പാക്കാന്‍ മധ്യനിരയില്‍ ചുവാമെനിയും കാന്റെയും ദുവേയുമുണ്ട്. ഗുസ്‌തോ, കൊനാട്ടേ, ഉപമെക്കാനോ, ഡിഗ്‌നേ എന്നിവരടങ്ങിയ ഫ്രഞ്ച് പ്രതിരോധവും ശക്തം. പരിക്കില്‍ നിന്ന് മോചിതനാവാത്ത നെയ്മര്‍ ഇല്ലാതെ ഇറങ്ങുന്ന ബ്രസില്‍ ഉറ്റുനോക്കുന്നത് റഫീഞ്ഞ, വിനിഷ്യസ് ജൂനിയര്‍, യാവോ പെഡ്രോ, മത്തേയൂസ് കൂഞ്ഞ എന്നിവരുടെ ബൂട്ടിലേക്ക്.

കാസിമിറോ, സാന്റോസ്, ഡാനിലോ, മാര്‍ക്വീഞ്ഞോസ്, എഡേഴ്‌സണ്‍ തുടങ്ങിയവരുടെ പരിചയസമ്പത്തിലും ബ്രസീലിന് പ്രതീക്ഷ. പരിക്കേറ്റ ഗബ്രിയേല്‍, അലിസണ്‍ ബെക്കര്‍, അലക്‌സ് സാന്ദ്രോ എന്നിവ ബ്രസീല്‍ നിരയിലും ബാര്‍കോള, കുണ്ടെ, സാലിബ എന്നിവര്‍ ഫ്രഞ്ച് നിരയിലും ഉണ്ടാവില്ല. ഇരുടീമും ഏറ്റുമുട്ടുന്ന പതിനഞ്ചാമത്തെ മല്‍സരമാണിത്. ബ്രസീല്‍ ആറിലും ഫ്രാന്‍സ് അഞ്ചിലും ജയിച്ചപ്പോള്‍ മൂന്ന് മല്‍സരം സമനിലയില്‍ അവസാനിച്ചു.





Next Story

RELATED STORIES

Share it