Latest News

മെറ്റയില്‍ വീണ്ടും കൂട്ടപിരിച്ചുവിടല്‍

മെറ്റയില്‍ വീണ്ടും കൂട്ടപിരിച്ചുവിടല്‍
X

കാലഫോര്‍ണിയ: മെറ്റയില്‍ വീണ്ടും കൂട്ടപിരിച്ചുവിടല്‍. റിയാലിറ്റി ലാബ്‌സ്, സോഷ്യല്‍ മീഡിയ ടീമുകള്‍, റിക്രൂട്ട്‌മെന്റ് വിഭാഗങ്ങള്‍ എന്നിവരെയാണ് ഇത് പ്രധാനമായും ബാധിക്കുക. നൂറുകണക്കിന് ജീവനക്കാര്‍ക്ക് ജോലി നഷ്ടമാകുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ വ്യക്തമാക്കുന്നത്. പിരിച്ചുവിടലിന്റെ കൃത്യമായ കണക്ക് കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഏകദേശം 700ഓളം പേരെ ബാധിച്ചേക്കാമെന്ന അനൗദ്യോഗിക വിവരങ്ങളും പുറത്തുവരുന്നുണ്ട്. അതേസമയം, ജോലി നഷ്ടപ്പെടുന്നവര്‍ക്ക് കമ്പനിയ്ക്കുള്ളില്‍ തന്നെ മറ്റ് അവസരങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നുണ്ടെന്നാണ് മെറ്റയുടെ വിശദീകരണം.

കഴിഞ്ഞ വര്‍ഷാവസാനത്തോടെ ഏകദേശം 79,000 ജീവനക്കാരാണ് മെറ്റയില്‍ ഉണ്ടായിരുന്നത്. ഇതില്‍ വലിയൊരു വിഹിതത്തെ ബാധിക്കുന്ന തരത്തില്‍ 20 ശതമാനം വരെ പിരിച്ചുവിടല്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു.

അതേസമയം, എഐ മേഖലയില്‍ ശക്തമായ മല്‍സരം നേരിടുന്നതിനായി വന്‍തുക ചെലവഴിക്കുന്നതാണ് കമ്പനിയുടെ സാമ്പത്തിക സമ്മര്‍ദ്ദം വര്‍ധിപ്പിക്കുന്നതെന്ന് വിലയിരുത്തല്‍. 2026ല്‍ മെറ്റയുടെ മൊത്തം ചെലവ് 162 മുതല്‍ 169 ബില്യണ്‍ ഡോളര്‍ വരെ ഉയരുമെന്നാണ് പ്രവചനം. മികച്ച എഐ പ്രതിഭകളെ ആകര്‍ഷിക്കാന്‍ ഉയര്‍ന്ന ശമ്പളവും ആനുകൂല്യങ്ങളും നല്‍കേണ്ടിവരുന്നത് കമ്പനിക്ക് വലിയ സാമ്പത്തിക വെല്ലുവിളിയായി മാറിയിരിക്കുകയാണ്.

Next Story

RELATED STORIES

Share it