Cricket

'ഇസ്രായേല്‍ ചെയ്തത് തന്നെ പാകിസ്താനും ചെയ്യുന്നു'; കാബൂളിലെ പാക് വ്യോമാക്രമണത്തിനെതിരേ അഫ്ഗാന്‍ താരങ്ങള്‍

ഇസ്രായേല്‍ ചെയ്തത് തന്നെ പാകിസ്താനും ചെയ്യുന്നു;  കാബൂളിലെ പാക് വ്യോമാക്രമണത്തിനെതിരേ അഫ്ഗാന്‍ താരങ്ങള്‍
X

കാബൂള്‍: കാബൂളിലെ ലഹരി വിമോചന കേന്ദ്രത്തിന് നേരെ പാകിസ്താന്‍ നടത്തിയ വ്യോമാക്രമണത്തില്‍ 400 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി അഫ്ഗാന്‍ ക്രിക്കറ്റ് താരം നവീന്‍ ഉള്‍ ഹഖ്. ഇസ്രായേലും പാകിസ്താനും തമ്മില്‍ ഇപ്പോള്‍ വ്യത്യാസമൊന്നുമില്ലെന്ന് നവീന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

തിങ്കളാഴ്ച രാത്രി കാബൂളിലെ ലഹരിവിമോചന കേന്ദ്രത്തിന് നേരെ പാകിസ്താന്‍ സൈന്യം നടത്തിയ ആക്രമണത്തെ ഗസയിലെ ഇസ്രായേല്‍ ആക്രമണത്തോടാണ് നവീന്‍ ഉപമിച്ചത്. ഇസ്രായേലും പാകിസ്താനും തമ്മില്‍ ഇപ്പോള്‍ എന്തെങ്കിലും വ്യത്യാസമുണ്ടോ എന്ന് കണ്ടെത്തുക പ്രയാസമാണെന്ന് നവീന്‍ തന്റെ പോസ്റ്റില്‍ കുറിച്ചു.

നവീന്‍ ഉള്‍ ഹഖിനെ കൂടാതെ അഫ്ഗാന്‍ താരങ്ങളായ റാഷിദ് ഖാന്‍, മുഹമ്മദ് നബി തുടങ്ങിയ പ്രമുഖ താരങ്ങളും പാകിസ്ഥാന്റെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. അഫ്ഗാനില്‍ ലഹരിവിമോചന കേന്ദ്രത്തില്‍ പാക് സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ രോഗികളും ജീവനക്കാരും ഉള്‍പ്പെടെ 400 ഓളം പേരാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. റമദാന്‍ മാസത്തില്‍ സിവിലിയന്‍മാരെയും ആശുപത്രികളെയും ലക്ഷ്യം വെക്കുന്നത് യുദ്ധക്കുറ്റമാണെന്നും ഈ ക്രൂരതയെക്കുറിച്ച് ഐക്യരാഷ്ട്രസഭ അന്വേഷിക്കണമെന്നും അഫ്ഗാന്‍ ക്യാപ്റ്റന്‍ റാഷിദ് ഖാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

ചികില്‍സ തേടിയെത്തിയ യുവാക്കളെ പാകിസ്താന്‍ സൈന്യം കൊന്നൊടുക്കി. മക്കള്‍ക്കായി കാത്തിരുന്ന അമ്മമാരുടെ കണ്ണുനീര്‍ കാണാതെ പോകരുതെന്ന് മുന്‍ നായകന്‍ മുഹമ്മദ് നബിയും പ്രതികരിച്ചിരുന്നു.കാബൂളിലെ 2,000 കിടക്കകളുള്ള 'ഒമിദ്' ലഹരിവിമോചന കേന്ദ്രത്തിന് നേരെയാണ് പാക് വ്യോമാക്രമണമുണ്ടായത്. ആക്രമണത്തില്‍ കേന്ദ്രത്തിന്റെ ഭൂരിഭാഗവും തകര്‍ന്നു. പാകിസ്ഥാന്‍ ഈ ആരോപണങ്ങള്‍ നിഷേധിച്ചെങ്കിലും, സിവിലിയന്‍ കേന്ദ്രങ്ങള്‍ ലക്ഷ്യം വെച്ചതിനെതിരെ രാജ്യാന്തര തലത്തില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്.






Next Story

RELATED STORIES

Share it