Cricket

രാജ്കോട്ടില്‍ ഞെട്ടിച്ച് ന്യൂസിലന്റ്; മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ പിറന്നത് 162 റണ്‍സ്; പരമ്പരയില്‍ ഇന്ത്യക്കൊപ്പം

രാജ്കോട്ടില്‍ ഞെട്ടിച്ച്  ന്യൂസിലന്റ്; മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ പിറന്നത് 162 റണ്‍സ്; പരമ്പരയില്‍ ഇന്ത്യക്കൊപ്പം
X

രാജ്കോട്ട്: ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തില്‍ തകര്‍പ്പന്‍ വിജയവുമായി ന്യൂസിലന്‍ഡ്. ഇന്ത്യ ഉയര്‍ത്തിയ 285 റണ്‍സ് വിജയലക്ഷ്യം 47.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ കിവീസ് മറികടന്നു. ഡാരില്‍ മിച്ചലും വില്‍ യങ്ങും ചേര്‍ന്ന മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് മത്സരത്തിന്റെ ഗതി മാറ്റിയെഴുതിയത്. മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 162 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. ഡാരില്‍ മിച്ചല്‍ സെഞ്ചുറിയോടെ തിളങ്ങി. ജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ കിവീസ് ഒപ്പമെത്തി(11).

ഇന്ത്യ ഉയര്‍ത്തിയ 285 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ന്യൂസിലന്‍ഡിന്റേത് മികച്ച തുടക്കമായിരുന്നില്ല. ഓപ്പണര്‍മാരായ ഡെവോണ്‍ കോണ്‍വേയ്ക്കും ഹെന്റി നിക്കോള്‍സിനും കാര്യമായ പ്രകടനം കാഴ്ചവെക്കാനായില്ല. കോണ്‍വേ 16 റണ്‍സെടുത്തപ്പോള്‍ നിക്കോള്‍സ് വെറും പത്ത് റണ്‍സ് മാത്രമെടുത്ത് പുറത്തായി. അതോടെ കിവീസ് 46-2 എന്ന നിലയിലേക്ക് വീണു. തകര്‍ച്ചയെ അഭിമുഖീകരിച്ച ന്യൂസിലന്‍ഡിനെ പിന്നീട് വില്‍ യങ്ങും ഡാരില്‍ മിച്ചലും കരകയറ്റുന്നതാണ് രാജ്കോട്ടില്‍ കണ്ടത്.

മൂന്നാം വിക്കറ്റില്‍ ഒന്നിച്ച യങ്ങും മിച്ചലും ശ്രദ്ധയോടെയാണ് ഇന്ത്യന്‍ ബൗളര്‍മാരെ നേരിട്ടത്. 15 ഓവര്‍ അവസാനിക്കുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 64 റണ്‍സെന്ന നിലയിലായിരുന്നു കിവീസ്. പതിയെ യങ്ങും മിച്ചലും കിവീസ് സ്‌കോറുയര്‍ത്തി. അനാവശ്യ ഷോട്ടുകള്‍ക്ക് മുതിരാതെ സിംഗിളുകളും ഡബിളുകളുമായി ഇരുവരും ലക്ഷ്യത്തിലേക്ക് കുതിച്ചു. ഇരുവരും കിവീസ് ഇന്നിങ്സ് ട്രാക്കിലാക്കിയതോടെ ഇന്ത്യ പ്രതിരോധത്തിലായി.

ആദ്യം ഡാരില്‍ മിച്ചലും പിന്നാലെ യങ്ങും അര്‍ധസെഞ്ചുറി തികച്ച് കരുത്തുകാട്ടിയതോടെ ടീം പിടിമുറുക്കി. ഇന്ത്യന്‍ ബൗളര്‍മാര്‍ മാറിമാറിയെറിഞ്ഞെങ്കിലും പിടികൊടുക്കാതെ മികച്ച മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിലേക്ക് നീങ്ങി. കിവീസ് 36 ഓവറില്‍ 200 റണ്‍സിലെത്തി. ഒടുവില്‍ സ്‌കോര്‍ 208 ല്‍ നില്‍ക്കേയാണ് ഇന്ത്യക്ക് ബ്രേക്ക്ത്രൂ ലഭിച്ചത്. 87 റണ്‍സെടുത്ത വില്‍ യങ്ങിനെ കുല്‍ദീപ് യാദവ് മടക്കി. മൂന്നാം വിക്കറ്റില്‍ 162 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും പടുത്തുയര്‍ത്തിയത്.

പിന്നീടിറങ്ങിയ ഗ്ലെന്‍ ഫിലിപ്സിനെ ഒരുവശത്തുനിര്‍ത്തി മിച്ചല്‍ കിവീസ് ഇന്നിങ്സ് മുന്നോട്ടുനയിച്ചു. വൈകാതെ മിച്ചല്‍ സെഞ്ചുറിയും നേടി. അതോടെ ഇന്ത്യ പരാജയം മണത്തു. പിന്നാലെ മിച്ചലും(131) ഫിലിപ്സും(32) ചേര്‍ന്ന് ടീമിനെ വിജയതീരത്തെത്തിച്ചു.

ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത അമ്പത് ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 284 റണ്‍സാണെടുത്തത്. സെഞ്ചുറിയുമായി മിന്നിയ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെ എല്‍ രാഹുലാണ് ഇന്ത്യന്‍ ഇന്നിങ്സിന് കരുത്തായത്. രാഹുല്‍ 112 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടേത് ഭേദപ്പെട്ട തുടക്കമായിരുന്നു. രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും ശ്രദ്ധയോടെയാണ് ബാറ്റേന്തിയത്. പത്തോവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 57 റണ്‍സെന്ന നിലയിലായിരുന്നു ഇന്ത്യ. പിന്നാലെ വിക്കറ്റുകള്‍ വീഴ്ത്തി കിവീസ് തിരിച്ചടിച്ചു. 24 റണ്‍സെടുത്ത രോഹിത്താണ് ആദ്യം പുറത്തായത്. അര്‍ധസെഞ്ചുറി തികച്ചതിന് പിന്നാലെ നായകന്‍ ഗില്ലും കൂടാരം കയറി. 56 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. അതോടെ ടീം 99-2 എന്ന നിലയിലായി.

പിന്നീടിറങ്ങിയ വിരാട് കോഹ് ലിയ്ക്കും ശ്രേയസ്സ് അയ്യര്‍ക്കും ക്രീസില്‍ നിലയുറപ്പിക്കാനായില്ല. അയ്യര്‍ എട്ടുറണ്‍സെടുത്തും കോലി 23 റണ്‍സെടുത്തും മടങ്ങി. ക്രിസ്റ്റിയന്‍ ക്ലാര്‍ക്കാണ് ഇരുവരേയും പുറത്താക്കിയത്. അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച കെ.എല്‍. രാഹുലും രവീന്ദ്ര ജഡേജയുമാണ് പിന്നീട് ഇന്ത്യയെ കരകയറ്റിയത്. കിവീസ് ബൗളര്‍മാര്‍ക്ക് പിടികൊടുക്കാതെ രാഹുല്‍ സ്‌കോര്‍ ഉയര്‍ത്തി. 73 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് സഖ്യം പിരിഞ്ഞത്. ജഡേജ 27 റണ്‍സെടുത്ത് പുറത്തായി.

അര്‍ധസെഞ്ചുറിയുമായി കളം നിറഞ്ഞ രാഹുലാണ് ടീമിനെ 200 കടത്തിയത്. നിതീഷ് കുമാര്‍ റെഡ്ഡിയുമായും രാഹുല്‍ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ഇരുവരും ആറാം വിക്കറ്റില്‍ അര്‍ധസെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. അര്‍ധസെഞ്ചുറി നേടിയതിന് പിന്നാലെ രാഹുല്‍ സ്‌കോറിങ്ങിന് വേഗത കൂട്ടി. അതോടെ ഇന്ത്യ 250 കടന്നു. നിതീഷ് കുമാര്‍ 20 റണ്‍സെടുത്തപ്പോള്‍ ഹര്‍ഷിത് റാണ രണ്ട് റണ്‍സെടുത്ത് പുറത്തായി.

ജാമിസണ്‍ എറിഞ്ഞ 49-ാം ഓവറിലെ അവസാനപന്ത് അതിര്‍ത്തികടത്തി രാഹുല്‍ സെഞ്ചുറി തികച്ചു. താരത്തിന്റെ എട്ടാം ഏകദിനസെഞ്ചുറിയാണിത്. ഒടുവില്‍ 50 ഓവറില്‍ ഏഴുവിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 284 റണ്‍സെടുത്തു. രാഹുല്‍ 92 പന്തില്‍ നിന്ന് 112 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. 11 ഫോറുകളും ഒരു സിക്സറുമടങ്ങുന്നതായിരുന്നു ഇന്നിങ്സ്. കിവീസിനായി ക്രിസ്റ്റിയന്‍ ക്ലാര്‍ക്ക് മൂന്ന് വിക്കറ്റെടുത്തു.






Next Story

RELATED STORIES

Share it