Cricket

സ്റ്റാറായി കരുണ്‍ നായര്‍; ഇംഗ്ലണ്ടില്‍ സെഞ്ചുറിയോടെ തുടങ്ങി

സ്റ്റാറായി കരുണ്‍ നായര്‍; ഇംഗ്ലണ്ടില്‍ സെഞ്ചുറിയോടെ തുടങ്ങി
X

ലണ്ടന്‍: എട്ടുവര്‍ഷത്തിന് ശേഷം ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് ഒരു ഗംഭീര തിരിച്ചുവരവ് തന്നെ കാണാമെന്നതിന്റെ സൂചന നല്‍കി സന്നാഹമല്‍സരത്തില്‍ സെഞ്ചറി നേടി മലയാളി താരം കരുണ്‍ നായര്‍. ഇംഗ്ലണ്ട് ലയണ്‍സ് ഇന്ത്യ എ അനൗദ്യോഗിക ടെസ്റ്റ് മല്‍സരത്തിലാണ് കരുണിന്റെ സെഞ്ചുറി നേട്ടം. മൂന്നാമനായി ഇറങ്ങിയ കരുണ്‍ നായര്‍ 155 പന്തില്‍ നിന്നാണ് സെഞ്ചറി തൊട്ടത്. കൗണ്ടി ക്രിക്കറ്റില്‍ കളിച്ചുള്ള പരിചയസമ്പത്തുമായാണ് കരുണ്‍ നായര്‍ ബാറ്റുചെയ്തത്.

ഇംഗ്ലിഷ് കൗണ്ടി ക്രിക്കറ്റില്‍ നോര്‍ത്താംപ്ടന്‍ഷറിനായി കളിച്ചിട്ടുള്ള കരുണ്‍ ഗ്ലമോര്‍ഗനെതിരായ മല്‍സരത്തില്‍ 253 പന്തില്‍ 202 റണ്‍സ് നേടിയിരുന്നു. മുഹമ്മദ് അസ്ഹറുദ്ദീന്‍, ചേതേശ്വര്‍ പൂജാര എന്നിവര്‍ക്ക് ശേഷം ഇംഗ്ലിഷ് കൗണ്ടിയില്‍ ഇരട്ടസെഞ്ചുറി നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരം കൂടിയാണ് കരുണ്‍ നായര്‍.

മൂന്നാം നമ്പറിലിറങ്ങി സെഞ്ചുറി നേടിയ കരുണിനെ എക്‌സ് പോസ്റ്റില്‍ അശ്വിന്‍ പ്രശംസിച്ചു. കോഹ്‌ലിയും രോഹിത് ശര്‍മയുമില്ലാത്ത ബാറ്റിങ് നിരയുമായി ഇംഗ്ലണ്ടിലേക്ക് പോകാന്‍ തയ്യാറെടുക്കുന്ന ഇന്ത്യയ്ക്കുള്ള ശുഭവാര്‍ത്തകൂടിയാണ് കരുണിന്റെ നേട്ടം. ഇതോടെ ലീഡ്‌സില്‍ തുടങ്ങുന്ന ആദ്യ ടെസ്റ്റില്‍ തന്നെ കരുണിന് പ്ലെയിങ് ഇലവനില്‍ അവസരം ലഭിക്കാനുള്ള സാധ്യതയേറി.

കരുണ്‍ -സര്‍ഫറാസ് ഖാന്‍ മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് മല്‍സരത്തില്‍ 181 റണ്‍സ് നേടി. ഇന്ത്യ എ ടീമിനായി, നായകന്‍ അഭിമന്യൂ ഈശ്വരനും യശസ്വി ജയ്‌സ്വാളുമാണ് ഇന്നിങ്‌സ് ഓപണ്‍ ചെയ്തത്. അഭിമന്യൂ എട്ടുറണ്‍സെടുത്ത് പുറത്തായപ്പോള്‍ ജയ്‌സ്വാളിന് 24 റണ്‍സാണ് നേടാനായത്. സെഞ്ചറിക്ക് വെറും എട്ടുറണ്‍സ് അകലെ സര്‍ഫറാസ് ഖാന്‍ പുറത്തായി.





Next Story

RELATED STORIES

Share it