Cricket

ബട്‌ലര്‍ വെടിക്കെട്ടില്‍ മുംബൈയ്‌ക്കെതിരേ രാജസ്ഥാന് ജയം

ഡീകോക്കി(81) ന്റെ ബാറ്റിങ് മികവില്‍ മുംബൈ ഉയര്‍ത്തിയ 188 റണ്‍സ് ലക്ഷ്യം ആറുവിക്കറ്റ് നഷ്ടത്തില്‍ മൂന്നുപന്ത് ശേഷിക്കെ രാജസ്ഥാന്‍ മറികടന്നു

ബട്‌ലര്‍ വെടിക്കെട്ടില്‍ മുംബൈയ്‌ക്കെതിരേ രാജസ്ഥാന് ജയം
X

മുംബൈ: മുംബൈയുടെ ഡീകോക്കിന് രാജസ്ഥാന്റെ ബട്‌ലര്‍ ബാറ്റ് കൊണ്ട് മറുപടി നല്‍കിയപ്പോള്‍ ജയം റോയല്‍സിന്. ഐപിഎല്ലില്‍ ഇന്ന് നടന്ന മല്‍സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ നാല് വിക്കറ്റിന് തോല്‍പ്പിച്ചാണ് രാജസ്ഥാന്‍ റോയല്‍സ് ലീഗിലെ തങ്ങളുടെ രണ്ടാം ജയം സ്വന്തമാക്കിയത്. ഡീകോക്കി(81) ന്റെ ബാറ്റിങ് മികവില്‍ മുംബൈ ഉയര്‍ത്തിയ 188 റണ്‍സ് ലക്ഷ്യം ആറുവിക്കറ്റ് നഷ്ടത്തില്‍ മൂന്നുപന്ത് ശേഷിക്കെ രാജസ്ഥാന്‍ മറികടന്നു. 43 പന്തില്‍ 89 റണ്‍സെടുത്ത ജോസ് ബട്‌ലറാണ് രാജസ്ഥാന്റെ വിജയശില്‍പ്പി. ഏഴ് സിക്‌സറും എട്ട് ഫോറും അടങ്ങുന്നതാണ് ബട്‌ലറുടെ ഇന്നിങ്‌സ്. ക്യാപ്റ്റന്‍ രഹാനെ(21 പന്തില്‍ 37)യും മികച്ച തുടക്കമാണ് രാജസ്ഥാനു നല്‍കിയത്. മലയാളി താരം സഞ്ജു സാംസണ്‍ 31 റണ്‍സെടുത്തു. ക്രുനാല്‍ പാണ്ഡേ മൂന്നും ജസ്പ്രീത് ബുംറ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.

നേരത്തേ ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് മുംബൈ ഇന്ത്യന്‍സിനെ ബാറ്റിങിനയക്കുകയായിരുന്നു. ടീമില്‍ തിരിച്ചെത്തിയ ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മയും ക്വിന്റണ്‍ ഡീക്കോക്കും ചേര്‍ന്ന് മുംബൈയ്ക്കായി മികച്ച കൂട്ടുകെട്ടുണ്ടാക്കി. നിശ്ചിത 20 ഓവറില്‍ മുംബൈ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സെടുത്തു. രോഹിത്ത് ശര്‍മ്മ 32 പന്തില്‍ നിന്ന് 47 റണ്‍സെടുത്തപ്പോള്‍ 52 പന്തില്‍ നിന്നാണ് ഡീകോക്കിന്റെ 81 റണ്‍സ്.ഇരുവരും ഓപ്പണിങ് വിക്കറ്റില്‍ 96 റണ്‍സെടുത്തു. പുറത്താവാതെ 11 പന്തില്‍ നിന്ന് 28 റണ്‍സെടുത്ത ഹാര്‍ദ്ദിക്ക് പാണ്ഡ്യയാണ് മുംബൈ സ്‌കോര്‍ അവസാന ഓവറുകളില്‍ 160നു മുകളിലെത്തിച്ചത്. രാജസ്ഥാനു വേണ്ടി ജോഫറാ ആര്‍ച്ചര്‍ മൂന്നുവിക്കറ്റ് നേടി.



Next Story

RELATED STORIES

Share it