Cricket

ഐപിഎല്‍: ഡല്‍ഹിയെ വീഴ്ത്തി മുംബൈ ഫൈനലില്‍

57 റണ്‍സിന്റെ ആധികാരിക ജയത്തോടെയാണ് മുംബൈ ഫൈനലിലേക്ക് കടന്നു കയറിയത്. 201 റണ്‍സിന്റെ ലക്ഷ്യവുമായിറങ്ങിയ ഡല്‍ഹി 143 റണ്‍സിന് പുറത്താവുകയായിരുന്നു.

ഐപിഎല്‍: ഡല്‍ഹിയെ വീഴ്ത്തി മുംബൈ ഫൈനലില്‍
X

ദുബയ്: താളം തെറ്റിയ ഡല്‍ഹി ബാറ്റിങ് നിരയെ നിഷ്പ്രയാസം കൂടാരം കേറ്റി മുംബൈ ഇന്ത്യന്‍സ് ഐപിഎല്‍ ഫൈനലിലേക്ക് ടിക്കറ്റെടുത്തു. 57 റണ്‍സിന്റെ ആധികാരിക ജയത്തോടെയാണ് മുംബൈ ഫൈനലിലേക്ക് കടന്നു കയറിയത്. 201 റണ്‍സിന്റെ ലക്ഷ്യവുമായിറങ്ങിയ ഡല്‍ഹി 143 റണ്‍സിന് പുറത്താവുകയായിരുന്നു. സ്റ്റോണിസും (65), അക്സര്‍ പട്ടേലും (42) ചേര്‍ന്ന് പൊരുതിയെങ്കിലും മുംബൈ ബൗളിങിന് മുന്നില്‍ ഡല്‍ഹി തകരുകയായിരുന്നു.

നാലു വിക്കറ്റെടുത്ത ഡല്‍ഹി ബാറ്റിങിന്റെ മുനയൊടിച്ചത് ജസ്പ്രീത് ബുംറയാണ്. ബോള്‍ട്ട് രണ്ട് വിക്കറ്റ് നേടി. മറുപടി ബാറ്റിങില്‍ ഡല്‍ഹിക്ക് മൂന്ന് ഓപ്പണര്‍മാരെയും പൂജ്യത്തിന് നഷ്ടപ്പെട്ടു. പൃഥ്വി ഷാ, ശിഖര്‍ ധവാന്‍, അജിങ്ക്യാ രഹാനെ എന്നിവരെയാണ് ഡല്‍ഹിക്ക് നഷ്ടമായത്. നിശ്ചിത ഓവറില്‍ അവര്‍ക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സെടുക്കാനെ കഴിഞ്ഞൂള്ളൂ.

ടോസ് നേടിയ ഡല്‍ഹി ക്യാപ്റ്റില്‍സ് മുംബൈയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ മുംബൈ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സെടുത്തു. ക്വിന്റണ്‍ ഡീകോക്കിലൂടെ മികച്ച തുടക്കം ലഭിച്ചെങ്കിലും മുംബൈയുടെ ആദ്യ വിക്കറ്റ് പെട്ടെന്ന് നഷ്ടമായി. രോഹിത്ത് ശര്‍മ (0)യുടെ വിക്കറ്റാണ് മുംബൈക്ക് ആദ്യം നഷ്ടമായത്. തുടര്‍ന്ന് സൂര്യകുമാര്‍ യാദവ് (51), ഇഷാന്‍ കിഷന്‍ (55) എന്നിവരിലൂടെ മുംബൈ മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തി.

14 പന്തില്‍ അഞ്ച് സിക്സറുകളുടെ അകമ്പടിയോടെ 37 റണ്‍സ് നേടി ഹാര്‍ദ്ദിക് പാണ്ഡെ പുറത്താവാതെ നിന്നു. കൂറ്റന്‍ സ്‌കോറിലേക്ക് നീങ്ങുന്ന മുംബൈയെ മൂന്ന് വിക്കറ്റ് നേടി പിടിച്ചുകെട്ടിയത് ഡല്‍ഹിയുടെ അശ്വിന്‍ ആണ്. തോറ്റെങ്കിലും ഡല്‍ഹിക്ക് ഫൈനല്‍ ബെര്‍ത്തിന് ഒരവസരം കൂടിയുണ്ട്. എലിമിനേറ്റര്‍ റൗണ്ടില്‍ ജയിക്കുന്ന ടീമുമായി ഡല്‍ഹി ഏറ്റുമുട്ടും. ഈ മല്‍സരത്തിലെ വിജയിക്ക് ഫൈനല്‍ ബെര്‍ത്ത് നേടാം.

Next Story

RELATED STORIES

Share it