Cricket

ചെന്നൈയ്ക്ക് മുംബൈ ഷോക്ക്; ഐപിഎല്ലില്‍ ആദ്യ തോല്‍വി

ഐപിഎല്ലിലെ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ അപരാജിത കുതിപ്പിന് മുംബൈയുടെ ബ്ലോക്ക്. വാങ്കഡേ സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ ചെന്നൈയെ 37 റണ്‍സിനാണ് മുംബൈ തോല്‍പ്പിച്ചത്.

ചെന്നൈയ്ക്ക് മുംബൈ ഷോക്ക്; ഐപിഎല്ലില്‍ ആദ്യ തോല്‍വി
X

മുംബൈ: ഐപിഎല്ലിലെ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ അപരാജിത കുതിപ്പിന് മുംബൈയുടെ ബ്ലോക്ക്. വാങ്കഡേ സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ ചെന്നൈയെ 37 റണ്‍സിനാണ് മുംബൈ തോല്‍പ്പിച്ചത്. മുംബൈ ഉയര്‍ത്തിയ 170 റണ്‍സ് പിന്തുടര്‍ന്ന ചെന്നൈയ്ക്ക് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. മുംബൈയുടെ ലീഗിലെ രണ്ടാം ജയമാണിത്. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ലസിത് മലിങ്ക, ഹാര്‍ദ്ദിക്ക് പാണ്ഡ്യ എന്നിവരുടെ ബൗളിങ്ങാണ് മുംബൈയ്ക്ക് വിജയമൊരുക്കിയത്. ജാസണ്‍ ബെഹര്‍ന്‍ഡോര്‍ഫ് രണ്ട് വിക്കറ്റ് നേടി.

ചെന്നൈയുടെ ബാറ്റിങ് നിരയില്‍ കേദര്‍ ജാദവിന് മാത്രമാണ് പിടിച്ചു നില്‍ക്കാനായത്. ജാദവ് 54 പന്തില്‍ നിന്ന് 58 റണ്‍സെടുത്തു. ചെന്നൈയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ജാദവിന് പുറമെ സുരേഷ് റെയ്‌ന(16), ധോണി(12), ശ്രാദുല്‍ ഠാക്കുര്‍ (12) എന്നിവരാണ് രണ്ടക്കം കടന്നത്.

നേരത്തെ ടോസ് നേടിയ ചെന്നൈ മുംബൈയെ ബാറ്റിങിനയക്കുകയായിരുന്നു.നിശ്ചിത ഓവറില്‍ മുംബൈ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സ് നേടി. മുംബൈയുടെ തുടക്കവും തകര്‍ച്ചയിലായിരുന്നു. ഡി കോക്കിന്റെയും രോഹിത്ത് ശര്‍മ്മയുടെയും വിക്കറ്റുകള്‍ നഷ്ടപ്പെട്ട ശേഷം വന്ന സുര്യകുമാറാണ് മുംബൈയെ കരകയറ്റിയത്. 43 പന്തില്‍ സുര്യകുമാര്‍ 59 റണ്‍സെടുത്തു.സഹോദരങ്ങളായ ക്രുനാല്‍ പാണ്ഡ്യയും(42), ഹാര്‍ദ്ദിക്ക് പാണ്ഡ്യയും (25) മികച്ച ബാറ്റിങ് കാഴ്ചവച്ചു. എട്ട് പന്തില്‍ നിന്നാണ് ഹാര്‍ദ്ദിക്ക് 25 റണ്‍സെടുത്ത് പുറത്താവാതെ നിന്നത്. പൊള്ളാര്‍ഡ് 7 പന്തില്‍ 17 റണ്‍സെടുത്തും മുംബൈ ഇന്നിങ്‌സിന് വേഗത കൂട്ടി. ചെന്നൈയ്ക്ക് വേണ്ടി ചാഹര്‍, മോഹിത്ത് ശര്‍മ്മ, ഇമ്രാന്‍ താഹിര്‍, ജഡേജ, ബ്രാവോ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

Next Story

RELATED STORIES

Share it