Cricket

ചാംപ്യന്‍സ് ട്രോഫിക്കിടെ ബിസിസിഐയ്‌ക്കെതിരെ ഇന്‍സമാം ഉള്‍ ഹഖ് ; എല്ലാ രാജ്യങ്ങളും ഐപിഎല്‍ ബഹിഷ്‌കരിക്കണം

ചാംപ്യന്‍സ് ട്രോഫിക്കിടെ ബിസിസിഐയ്‌ക്കെതിരെ ഇന്‍സമാം ഉള്‍ ഹഖ് ; എല്ലാ രാജ്യങ്ങളും ഐപിഎല്‍ ബഹിഷ്‌കരിക്കണം
X

ദുബായ്: ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് അനാവശ്യ പരിഗണനയും മുന്‍തൂക്കവും ലഭിക്കുന്നുവെന്ന വിമര്‍ശനങ്ങള്‍ക്കിടെ, ഐപിഎല്‍ ബഹിഷ്‌കരിക്കാന്‍ മറ്റ് ക്രിക്കറ്റ് ബോര്‍ഡുകളോട് ആഹ്വാനം ചെയ്ത് പാകിസ്താന്റെ മുന്‍ താരവും സെലക്ടറുമായ ഇന്‍സമാം ഉള്‍ ഹഖ് രംഗത്ത്. മറ്റു ടീമുകളില്‍ നിന്നുള്ള പ്രമുഖ താരങ്ങള്‍ ഐപിഎലില്‍ കളിക്കുമ്പോഴും, ഇന്ത്യയില്‍ നിന്നുള്ള പ്രമുഖ താരങ്ങളെ വിദേശ ലീഗുകളില്‍ കളിക്കാന്‍ ബിസിസിഐ അനുവദിക്കുന്നില്ലെന്ന് ഇന്‍സമാം ചൂണ്ടിക്കാട്ടി.

ഇതിനെതിരെ മറ്റ് ക്രിക്കറ്റ് ബോര്‍ഡുകള്‍ ഒന്നുചേര്‍ന്ന് അവരുടെ താരങ്ങളെയും വിലക്ക് പ്രതിഷേധിക്കണമെന്നാണ് ഇന്‍സമാമിന്റെ ആവശ്യം. ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ മത്സരങ്ങളെല്ലാം ഒരേ വേദിയിലായത് ടീമിന് അനാവശ്യ മുന്‍തൂക്കം നല്‍കുമെന്ന ഇംഗ്ലണ്ട് മുന്‍ താരങ്ങളായ നാസര്‍ ഹുസൈന്‍, മൈക്ക ആതര്‍ട്ടന്‍ എന്നിവരുടെ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു.

''തല്‍ക്കാലം ചാംപ്യന്‍സ് ട്രോഫിയുടെ കാര്യം മാറ്റിവയ്ക്കൂ. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മികച്ച താരങ്ങള്‍ ഐപിഎലില്‍ കളിക്കുന്നില്ലേ? ഇന്ത്യയില്‍ നിന്നുള്ള ഏതെങ്കിലും താരം മറ്റ് ക്രിക്കറ്റ് ബോര്‍ഡുകള്‍ സംഘടിപ്പിക്കുന്ന ട്വന്റി-20 ലീഗില്‍ കളിക്കുന്നുണ്ടോ? അതുകൊണ്ട് മറ്റു ബോര്‍ഡുകള്‍ അവരുടെ താരങ്ങളെ ഐപിഎലില്‍ കളിക്കാന്‍ അനുവദിക്കുന്നത് നിര്‍ത്തണം. ബിസിസിഐ ഇന്ത്യന്‍ താരങ്ങളെ മറ്റു ലീഗുകളില്‍നിന്ന് വിലക്കുന്ന നടപടി തുടര്‍ന്നാല്‍, മറ്റു ക്രിക്കറ്റ് ബോര്‍ഡുകള്‍ അവരുടെ താരങ്ങള്‍ക്ക് ഐപിഎലില്‍ നിന്നും വിലക്ക് ഏര്‍പ്പെടുത്തണം.' ഇന്‍സമാം ഉള്‍ ഹഖ് പറഞ്ഞു.

അതിനിടെ, പാകിസ്താനെതിരെ കൂടുതല്‍ മത്സരങ്ങള്‍ കളിച്ച് ആധിപത്യം തെളിയിക്കാന്‍ ഇന്ത്യയെ വെല്ലുവിളിച്ച് പാകിസ്താന്റെ മറ്റൊരു മുന്‍ താരം സഖ്ലെയ്ന്‍ മുഷ്താഖ് രംഗത്തെത്തി. ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ പാക്കിസ്ഥാനെ തോല്‍പ്പിച്ചെങ്കിലും ടെസ്റ്റ്, ഏകദിന, ട്വന്റി-20 മത്സരങ്ങള്‍ ഉള്‍പ്പെടുന്ന ദ്വിരാഷ്ട്ര പരമ്പരയിലൂടെ മാത്രമേ ടീമുകളുടെ യഥാര്‍ഥ കരുത്ത് അളക്കാനാകൂവെന്ന് മുഷ്താഖ് ചൂണ്ടിക്കാട്ടി.







Next Story

RELATED STORIES

Share it