Cricket

മഴയ്ക്കും തടുക്കാനായില്ല; മെല്‍ബണില്‍ ഇന്ത്യയ്ക്കു ചരിത്രവിജയം

അഞ്ചാംദിനം കളി തുടങ്ങി വെറും അഞ്ചാം ഓവറില്‍ തന്നെ അവശേഷിച്ച രണ്ടു വിക്കറ്റുകളും വീഴ്ത്തി ഇന്ത്യ 137 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണു നേടിയത്.

മഴയ്ക്കും തടുക്കാനായില്ല; മെല്‍ബണില്‍ ഇന്ത്യയ്ക്കു ചരിത്രവിജയം
X

മെല്‍ബണ്‍: ജയത്തിനു തൊട്ടരികെ നില്‍ക്കുമ്പോള്‍ അപ്രതീക്ഷിതമായി പെയ്ത കനത്ത മഴ ആശങ്ക പരത്തിയെങ്കിലും ഇന്ത്യയുടെ ചരിത്ര വിജയത്തെ തടുക്കാനായില്ല. ഇതോടെ വിരാട് കോഹ്്‌ലിയുടെ നായകത്വത്തിനു കീഴില്‍ മെല്‍ബണില്‍ ചരിത്ര നേട്ടം സ്വന്തമാക്കി ഓസീസിനെതിരായ പരമ്പരയില്‍ മുന്നിലെത്തി. അഞ്ചാംദിനം കളി തുടങ്ങി വെറും അഞ്ചാം ഓവറില്‍ തന്നെ അവശേഷിച്ച രണ്ടു വിക്കറ്റുകളും വീഴ്ത്തി ഇന്ത്യ 137 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണു നേടിയത്. ഇന്ത്യന്‍ ജയത്തിനു വിലങ്ങുതടിയാവുമോയെന്നു സംശയിച്ച പാറ്റ് കമ്മിന്‍സിനെ ജസ്പ്രീത് ബുംറയും നേഥന്‍ ലയണിനെ ഇഷാന്ത് ശര്‍മയും പുറത്താക്കിയാണ് ഇന്ത്യ വിജയം കൊയ്തത്.

8ാം വിക്കറ്റില്‍ സ്റ്റാര്‍ക്കുമൊത്ത് 39 റണ്‍സും 9ാം വിക്കറ്റില്‍ ലയണുമൊത്ത് 43 റണ്‍സും ചേര്‍ത്ത കമ്മിന്‍സാണ് ഓസീസിന്റെ തോല്‍വിയുടെ ഭാരം കുറച്ചത്. രണ്ടാം ഇന്നിങ്‌സില്‍ 399 റണ്‍സ് വിജയലക്ഷ്യത്തെ പിന്തുടര്‍ന്ന ഓസ്‌ട്രേലിയ 261 റണ്‍സിന് ഓള്‍ഓട്ടായി. രണ്ട് ഇന്നിങ്‌സുകളിലുമായി ഓസീസിന്റെ 9 വിക്കറ്റുകള്‍ വീഴ്ത്തിയ ജസ്പ്രിത് ബുംറയാണ് ഇന്ത്യയുടെ വിജയശില്‍പി. മാന്‍ ഓഫ് ദി മാച്ചും ബുംറ തന്നെ. ഇതോടെ നാലു ടെസ്റ്റുകള്‍ ഉള്‍പ്പെടുന്ന പരമ്പരയില്‍ ഇന്ത്യ 2-1നു മുന്നിലെത്തി. നിര്‍ണായക ടെസ്റ്റ് ജനുവരി മൂന്നിന് സിഡ്‌നിയില്‍ നടക്കും.

ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ 150ാം വിജയത്തിനാണു മെല്‍ബണ്‍ സാക്ഷ്യം വഹിച്ചത്. മാത്രമല്ല, മെല്‍ബണിലെ പേസര്‍മാരെ പിന്തുണയ്ക്കുന്ന പിച്ചില്‍ 37 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ടെസ്റ്റില്‍ ഇന്ത്യ വിയക്കൊടി പാറിക്കുന്നത്. ക്യാപ്റ്റന്‍ വിരാട് കോഹ്്‌ലിക്കും ഇത് ചരിത്രനേട്ടമാണ്. കോഹ്‌ലിക്കു കീഴില്‍ ഇന്ത്യ വിദേശത്തു നേടുന്ന 11ാം ടെസ്റ്റ് വിജയമാണിത്. ഇതോടെ, ഇന്ത്യയ്ക്ക് പുറത്ത് ഏറ്റവും കൂടുതല്‍ ടെസ്റ്റ് ജയം നേടിത്തന്ന നായകനെന്ന സൗരവ് ഗാംഗുലിയുടെ റെക്കോര്‍ഡിനൊപ്പമെത്തി. ഒരു ടെസ്റ്റ് കൂടി ജയിക്കാനായാല്‍ ഇന്ത്യയ്ക്ക് ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിജയം സമ്മാനിച്ച ക്യാപ്റ്റനായ മഹേന്ദ്രസിങ് ധോണിയുടെ റെക്കോര്‍ഡിനൊപ്പമെത്താം. ധോണി 27 ടെസ്റ്റ് വിജയങ്ങളാണു രാജ്യത്തിനു നല്‍കിയത്.

നാലാംദിനം തന്നെ മല്‍സരം ഇന്ത്യ ജയിക്കുമെന്നു കരുതിയിരുന്നെങ്കിലും കമ്മിണ്‍സന്റെ നേതൃത്വത്തില്‍ വാലറ്റമാണ് ഒരുദിവസം കൂടി നീട്ടിയത്. രണ്ടു വിക്കറ്റ് മാത്രം വീഴ്ത്തിയാല്‍ ജയം നേടാമെന്നു കരുതി ഗ്രൗണ്ടിലിറങ്ങിയ ഇന്ത്യന്‍ താരങ്ങളെയും ആരാധകരെയും ഞെട്ടിച്ചാണ് അപ്രതീക്ഷിത മഴയെത്തിയത്.

മഴ തുടര്‍ന്നാല്‍ സമനിലയില്‍ പിരിയുമായിരുന്നു. എന്നാല്‍ മൂന്നു മണിക്കൂറിനു ശേഷമാണ് മല്‍സരം ആരംഭിച്ചത്. മിനുട്ടുകള്‍ക്കകം തന്നെ രണ്ടുവിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യ ജയം ആഘോഷിക്കുകയായിരുന്നു. സ്‌കോര്‍:

ഇന്ത്യ-ഏഴു വിക്കറ്റിന് 443 ഡിക്ല, എട്ടിന് 106 ഡിക്ല; ഓസീസ് 151, 261.

Next Story

RELATED STORIES

Share it