Cricket

അക്‌സറും ഹര്‍ഷലും തിളങ്ങി; ട്വന്റി-20 പരമ്പര തൂത്തുവാരി ഇന്ത്യ

ഈഡന്‍ ഗാര്‍ഡനില്‍ നടന്ന മല്‍സരത്തില്‍ 73 റണ്‍സിന്റെ ഭീമന്‍ ജയമാണ് ഇന്ത്യ നേടിയത്.

അക്‌സറും ഹര്‍ഷലും തിളങ്ങി; ട്വന്റി-20 പരമ്പര തൂത്തുവാരി ഇന്ത്യ
X


കൊല്‍ക്കത്ത: ട്വന്റി-20 ലോകകപ്പ് ഫൈനലിസ്റ്റുകളായ ന്യൂസിലന്റിനെതിരായ അവസാന മല്‍സരവും ജയിച്ച് ഇന്ത്യ പരമ്പര തൂത്തുവാരി. കൊല്‍ക്കത്താ ഈഡന്‍ ഗാര്‍ഡനില്‍ നടന്ന മല്‍സരത്തില്‍ 73 റണ്‍സിന്റെ ഭീമന്‍ ജയമാണ് ഇന്ത്യ നേടിയത്. 185 എന്ന വിജയലക്ഷ്യം പിന്‍തുടര്‍ന്ന ന്യൂസിലന്റ് 17.2 ഓവറില്‍ 111ന് പുറത്തായി. മൂന്ന് വിക്കറ്റ് നേടിയ അക്‌സര്‍ പട്ടേലും രണ്ട് വിക്കറ്റ് നേടിയ ഹര്‍ഷല്‍ പട്ടേലുമാണ് കിവി ബാറ്റിങ് നിരയെ വരിഞ്ഞുകെട്ടിയത്. വെങ്കിടേഷ് അയ്യര്‍, ദീപക് ചാഹര്‍, യുസ്‌വേന്ദ്ര ചാഹല്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.


മറുപടി ബാറ്റിങില്‍ തുടക്കം തന്നെ കിവികള്‍ക്ക് പതറിയിരുന്നു. 30ന് മൂന്ന് എന്ന നിലയില്‍ തകര്‍ന്ന സന്ദര്‍ശകര്‍ക്ക് വേണ്ടി ഒറ്റയാനായി നിലയുറപ്പിച്ചത് മാര്‍ട്ടിന്‍ ഗുപ്റ്റിലായിരുന്നു(36 പന്തില്‍ 51). 17 റണ്‍സെടുത്ത സെയ്‌ഫെര്‍ട്ടാണ് മറ്റൊരു രണ്ടക്കം കടന്ന കിവി താരം. ഫെര്‍ഗൂസണ്‍ 18 റണ്‍സെടുത്തു. ഫീല്‍ഡിങിലും ബൗളിങിലും ഇന്ത്യന്‍ നിര ഒരുപോലെ തിളങ്ങിയപ്പോള്‍ ഒരു ജയവുമില്ലാതെ കിവികള്‍ മുട്ടുമടക്കി.


ടോസ് ഭാഗ്യം ഇന്നും ലഭിച്ച ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. 20 ഓവറില്‍ ആതിഥേയര്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സാണ് നേടിയത്.ക്യാപ്റ്റന്‍ രോഹിത്ത് 31 പന്തില്‍ 56 റണ്‍സെടുത്തു. രോഹിത്തിനൊപ്പം ഇന്ന് ഓപ്പണിങ് ജോഡിയായി എത്തിയത് ഇഷാന്‍ കിഷനായിരുന്നു. രാഹുലിനും അശ്വിനും ഇന്നത്തെ മല്‍സരത്തില്‍ വിശ്രമം അനുവദിച്ചിരുന്നു. ഇഷാന്‍ 29 റണ്‍സ് നേടി.സൂര്യകുമാറിനും (0), ഋഷഭ് പന്തിനും (4) ഇന്ന് ഫോം കണ്ടെത്താനായില്ല. ശ്രേയസ് അയ്യര്‍ 25ഉം വെങ്കിടേഷ് അയ്യര്‍ 20 ഉം റണ്‍സെടുത്ത് പുറത്തായി. ഹര്‍ഷല്‍ പട്ടേല്‍ (18), ദീപക് ചാഹര്‍(21*) എന്നിവരും ഭേദപ്പെട്ട ബാറ്റിങ് പുറത്തെടുത്തു. ക്യാപ്റ്റന്‍ മിച്ചല്‍ സാന്റനര്‍ ന്യൂസിലന്റിനായി മൂന്ന് വിക്കറ്റ് നേടി.




Next Story

RELATED STORIES

Share it