Cricket

ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ഏകദിനം ഇന്ന്; കുതിപ്പ് തുടരാന്‍ ഇന്ത്യ

ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ഏകദിനം ഇന്ന്; കുതിപ്പ് തുടരാന്‍ ഇന്ത്യ
X

റായ്പൂര്‍: ദക്ഷിണാഫിക്കയ്ക്കെതിരായ രണ്ടാം ഏകദിന ക്രിക്കറ്റ് മല്‍സരം ഇന്നു നടക്കും. റായ്പൂര്‍ ഷഹീദ് വീര്‍ നാരായണ്‍ സിങ് രാജ്യാന്തര സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 1.30 മുതലാണ് മല്‍സരം. ആദ്യ മല്‍സരം വിജയിച്ച് 1-0 ന് പരമ്പരയില്‍ മുന്നിട്ടു നില്‍ക്കുന്നതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്.

ആദ്യ മത്സരത്തില്‍ സീനിയര്‍ താരങ്ങളായ വിരാട് കോഹ് ലിയും രോഹിത് ശര്‍മ്മയുമാണ് തിളങ്ങിയത്. കോഹ് ലി സെഞ്ചുറി നേടിയപ്പോള്‍, അര്‍ധ സെഞ്ചുറിയുമായി രോഹിതും മികച്ച പ്രകടനം നടത്തി. ഇരുവരുടേയും മികച്ച ഫോമിലാണ് ഇന്ത്യയുടെ പ്രതീക്ഷ. റാഞ്ചിയില്‍ നടന്ന ആദ്യ മല്‍സരം 17 റണ്‍സിനാണ് ഇന്ത്യ വിജയിച്ചത്.

നാലാം നമ്പറില്‍ ആരെ ഇറക്കണമെന്നതാണ് ഇന്ത്യയെ കുഴയ്ക്കുന്നത്. കഴിഞ്ഞ മല്‍സരത്തില്‍ ഇറങ്ങിയ ഋതുരാജ് ഗെയ്ക് വാദ് 8 റണ്‍സ് മാത്രമാണെടുത്തത്. ഋതുരാജിനെ മാറ്റിയാല്‍ തിലക് വര്‍മയോ, ഋഷഭ് പന്തോ അന്തിമ ഇലവനില്‍ എത്തിയേക്കാം. ഓള്‍റൗണ്ടറായി വാഷിങ്ടണ്‍ സുന്ദറിന് പകരം നിതീഷ് കുമാര്‍ റെഡ്ഡിക്കും സാധ്യതയുണ്ട്.

അതേസമയം, ആദ്യ മല്‍സരത്തിലെ തോല്‍വി മറികടന്ന്, പരമ്പരയില്‍ ഒപ്പമെത്താനുള്ള ലക്ഷ്യത്തിലാണ് ദക്ഷിണാഫ്രിക്ക ഇന്നിറങ്ങുക. അസുഖത്തെത്തുടര്‍ന്ന് റാഞ്ചിയില്‍ കളിക്കാതിരുന്ന ടെംബ ബാവുമ ഇന്ന് ടീമില്‍ തിരിച്ചെത്തും. ഇതോടെ പ്രോട്ടീസ് ബാറ്റിങ് നിരയില്‍ പൊളിച്ചെഴുത്തുണ്ടാകും. ആദ്യ മല്‍സരത്തില്‍ നിറം മങ്ങിയ സ്പിന്നര്‍ പ്രനെലന്‍ സുബ്രായനു പകരം കേശവ് മഹാരാജും ടീമിലെത്തിയേക്കും.




Next Story

RELATED STORIES

Share it