ഇന്ത്യ പൊരുതിത്തോറ്റു; ട്വന്റി 20 പരമ്പര കീവീസിന്

ആവേശകരമായ മല്‍സരത്തില്‍ അവസാന ഓവറില്‍ ജയിക്കാന്‍ 16 റണ്‍സ് വേണ്ടിയിരുന്ന ഇന്ത്യയ്ക്ക് 11 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളു

ഇന്ത്യ പൊരുതിത്തോറ്റു; ട്വന്റി 20 പരമ്പര കീവീസിന്

ഹാമില്‍ട്ടണ്‍: നിര്‍ണായക ട്വന്റ് 20 മല്‍സരത്തില്‍ പൊരുതിത്തോറ്റ ഇന്ത്യയ്ക്ക് പരമ്പര നഷ്ടം. അവസാന മല്‍സരത്തില്‍ ഇന്ത്യയെ നാല് റണ്‍സിന് തകര്‍ത്ത് ന്യൂസിലാന്റ് 2-1ന് പരമ്പര നേടി. ആവേശകരമായ മല്‍സരത്തില്‍ അവസാന ഓവറില്‍ ജയിക്കാന്‍ 16 റണ്‍സ് വേണ്ടിയിരുന്ന ഇന്ത്യയ്ക്ക് 11 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളു. മികച്ച ഫോമില്‍ മുന്നേറിയ ദിനേശ് കാര്‍ത്തിക്കിനെയും ക്രുണാല്‍ പാണ്ഡ്യയെയും അവസാന ഓവറില്‍ പിടിച്ചുനിര്‍ത്തിയ ടിം സൗത്തിയാണ് കിവീസിന് പരമ്പര നേടിക്കൊടുത്തത്. ഇന്ത്യയ്ക്ക് നിശ്ചിത ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സാണെടുത്തത്.

നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ന്യൂസീലന്‍ഡ് നിശ്ചിത ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സെടുത്തു. സെയ്‌ഫേര്‍ട്ടും മണ്‍റോയും മികച്ച തുടക്കമാണ് നല്‍കിയത്. ഓപണിങ് വിക്കറ്റില്‍ 7.4 ഓവറില്‍ 80 റണ്‍സാണ് അടിച്ചുകൂട്ടിയത്. സെയ്‌ഫേര്‍ട്ട് 25 പന്തില്‍ 43 റണ്‍സും മണ്‍റോ 40 പന്തില്‍ 72 റണ്‍സും നേടി. കെയ്ന്‍ വില്ല്യംസണ്‍ 21 പന്തില്‍ 27 റണ്‍സ് നേടി. ഗ്രാന്ദ്‌ഹോം 16 പന്തില്‍ 30 റണ്‍സ് വാരിക്കൂട്ടി. അവസാന ഓവറുകളില്‍ മിച്ചലും റോസ് ടെയ്‌ലറും അടിച്ചുതകര്‍ക്കുകയായിരുന്നു. മിച്ചല്‍ മൂന്ന് ബൗണ്ടറികളുടെ അകമ്പടിയോടെ 11 പന്തില്‍ 19 റണ്‍സ് നേടി. ടെയ്‌ലര്‍ ഏഴ് പന്തില്‍ 14 റണ്‍സ് നേടി പുറത്താവാതെ നിന്നു. നാല് ഓവറില്‍ 26 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റെടുത്ത കുല്‍ദീപ് മാത്രമാണ് ഇന്ത്യന്‍ ബൗളിങില്‍ മികച്ചുനിന്നത്.

മികച്ച സ്‌കോര്‍ പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ തന്നെ നാല് പന്തില്‍ അഞ്ച് റണ്‍സ് നേടിയ ഓപണര്‍ ശിഖര്‍ ധവാനെ നഷ്ടമായി. പിന്നീട് വിജയ് ശങ്കറുമായി ചേര്‍ന്ന് രോഹിത് ശര്‍മ്മ രണ്ടാം വിക്കറ്റില്‍ 75 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. 28 പന്തില്‍ 43 റണ്‍സ് ശങ്കറിനെ പുറത്താക്കിയ സാന്റ്‌നര്‍ കൂട്ടുകെട്ട് പൊളിച്ചത് നിര്‍ണായകമായി. 12 പന്തില്‍ 28 റണ്‍സ് നേടിയ ഋഷഭ് പന്തും 32 പന്തില്‍ 38 റണ്‍സെടുത്ത രോഹിത് ശര്‍മ്മയും തൊട്ടുപിന്നാലെ മടങ്ങി. ഹാര്‍ദിക് പാണ്ഡ്യ 11 പന്തില്‍ 21 റണ്‍സെടുത്ത് പുറത്തായപ്പോള്‍ ധോണി നാലു പന്തില്‍ രണ്ട് റണ്‍സിനു പവലിയനിലേക്കു മടങ്ങി. ആറു വിക്കറ്റിന് 145 എന്ന നിലയില്‍ പരുങ്ങിയ ഇന്ത്യയ്ക്ക് ഏഴാം വിക്കറ്റില്‍ ക്രുണാല്‍ പാണ്ഡ്യയും ദിനേശ് കാര്‍ത്തിക്കും വിജയപ്രതീക്ഷ നല്‍കി. അടിച്ചുതകര്‍ത്ത ഇരുവരും അവസാന ഓവറില്‍ ടിം സൗത്തിക്കു മുന്നില്‍ മുട്ടുമടക്കിയതാണ് ട്വന്റി പരമ്പര നഷ്ടപ്പെടുത്തിയത്. 16 പന്തില്‍ 33 റണ്‍സോടെ കാര്‍ത്തിക്കും 13 പന്തില്‍ 26 റണ്‍സുമായി ക്രുണാലും പുറത്താവാതെ നിന്നു. 63 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയെങ്കിലും വിജയിപ്പിക്കാനായില്ല.
RELATED STORIES

Share it
Top