Cricket

കോമയിലായിരുന്ന ഡാമിയന്‍ മാര്‍ട്ടിന്‍ സംസാരിച്ചുതുടങ്ങിയെന്ന് ഗില്‍ക്രിസ്റ്റ്

കോമയിലായിരുന്ന ഡാമിയന്‍ മാര്‍ട്ടിന്‍ സംസാരിച്ചുതുടങ്ങിയെന്ന് ഗില്‍ക്രിസ്റ്റ്
X

മെല്‍ബണ്‍: മസ്തിഷ്‌കജ്വരം ബാധിച്ച് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ഓസ്ട്രേലിയന്‍ മുന്‍ ക്രിക്കറ്റ് താരം ഡാമിയന്‍ മാര്‍ട്ടിന്‍ സുഖംപ്രാപിക്കുന്നു. കോമയിലായിരുന്ന മാര്‍ട്ടിന് ബോധം തിരിച്ചുകിട്ടിയതായി ഓസീസ് മാധ്യമമായ സിഡ്‌നി മോണിങ് ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. 54-കാരനായ മുന്‍ ഓസീസ് താരത്തെ ആരോഗ്യസ്ഥിതി വഷളായതിനെത്തുടര്‍ന്ന് ബ്രിസ്ബനിലെ ഗോള്‍ഡ് കോസ്റ്റ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലാണ് പ്രവേശിപ്പിച്ചിരുന്നത്.

ഡാമിയന്‍ മാര്‍ട്ടിന്‍ നിലവില്‍ മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും സംസാരിക്കുന്നുണ്ടെന്നും മുന്‍ താരം ആദം ഗില്‍ക്രിസ്റ്റ് അറിയിച്ചു. 'കോമയില്‍നിന്ന് പുറത്തുവന്നതിന് ശേഷം അദ്ദേഹം നന്നായി പ്രതികരിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിന് ഇത് ഒരു അദ്ഭുതം പോലെ തോന്നുന്നു', ഗില്‍ക്രിസ്റ്റ് പറഞ്ഞു. വളരെ നല്ല രീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും മാര്‍ട്ടിനെ ഐസിയുവില്‍ നിന്ന് മാറ്റാന്‍ കഴിഞ്ഞേക്കുമെന്നും ഗില്‍ക്രിസ്റ്റ് അറിയിച്ചു.

മാര്‍ട്ടിന്റെ പങ്കാളിയായ അമാന്‍ഡയുമായി ഗില്‍ക്രിസ്റ്റ് സംസാരിച്ചിട്ടുണ്ട്. എല്ലാവരില്‍ നിന്നുമുള്ള സ്‌നേഹവും നല്ലമനസ്സും കരുതലും സന്ദേശങ്ങളിലൂടെയും പത്രങ്ങളിലെ വാര്‍ത്തകളിലൂടെയും ലഭിച്ച പിന്തുണയും മാര്‍ട്ടിനെ സഹായിച്ചതായി അമാന്‍ഡ പ്രതികരിച്ചതായും ഗില്‍ക്രിസ്റ്റ് കൂട്ടിച്ചേര്‍ത്തു. ലഭിച്ച പിന്തുണയില്‍ തങ്ങള്‍ അനുഗ്രഹീതരാണെന്ന് അവര്‍ക്ക് തോന്നുന്നു. അദ്ദേഹം ആശുപത്രിയില്‍ തുടരുകയും ചികിത്സ തുടര്‍ന്നും സ്വീകരിക്കുകയും ചെയ്യും. ഈ തിരിച്ചുവരവ് അദ്ഭുതകരമാണ്, ഗില്‍ക്രിസ്റ്റ് വ്യക്തമാക്കി.

ഓസ്ട്രേലിയക്കായി 21-ാം വയസ്സില്‍ അരങ്ങേറ്റം കുറിച്ച മാര്‍ട്ടിന്‍ 208 ഏകദിനങ്ങളും 67 ടെസ്റ്റുകളും കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ 46.37 ശരാശരിയില്‍ 4,406 റണ്‍സ് നേടി. ഇതില്‍ 13 സെഞ്ചുറികള്‍ ഉള്‍പ്പെടുന്നു. 1992-ല്‍ അരങ്ങേറിയ താരം 2006-ല്‍ ആഷസ് പരമ്പരയ്ക്കിടെ വിരമിച്ചു. 2005-ല്‍ ന്യൂസീലന്‍ഡിനെതിരേ നേടിയ 165 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 2003-ല്‍ ഏകദിന ലോകകപ്പ് നേടിയ ഓസീസ് ടീമില്‍ അംഗമായിരുന്നു അദ്ദേഹം. ഫൈനലില്‍ ഇന്ത്യക്കെതിരേ പുറത്താകാതെ 88 റണ്‍സ് നേടി.





Next Story

RELATED STORIES

Share it