Cricket

ആദ്യ ട്വന്റി 20: അവസാന പന്തില്‍ ഓസിസിനു മൂന്നുവിക്കറ്റ് ജയം

അവസാന ഓവറില്‍ ജയിക്കാനാവശ്യമായ 14 റണ്‍സ് ഓസിസ് അടിച്ചെടുക്കുകയായിരുന്നു

ആദ്യ ട്വന്റി 20: അവസാന പന്തില്‍ ഓസിസിനു മൂന്നുവിക്കറ്റ് ജയം
X

വിശാഖപട്ടണം: ഇന്ത്യയ്‌ക്കെതിരായ ആദ്യ ട്വന്റി 20യില്‍ ആസ്‌ട്രേലിയയ്ക്ക് അവസാന പന്തില്‍ മൂന്നു വിക്കറ്റ് ജയം. അവസാന ഓവറില്‍ ജയിക്കാനാവശ്യമായ 14 റണ്‍സ് ഓസിസ് അടിച്ചെടുക്കുകയായിരുന്നു.ഇന്ത്യയുടെ 127 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസിസ് ഒരു ഘട്ടത്തില്‍ അഞ്ചു റണ്‍സിന് രണ്ടു വിക്കറ്റ് നഷ്ടപ്പെട്ടിരുന്നെങ്കിലും ജയം പിടിച്ചെടുക്കുകയായിരുന്നു. ഉമേഷ് യാദവ് എറിഞ്ഞ അവസാന ഓവറില്‍ 14 റണ്‍സ് വേണ്ടിയിരുന്ന ഓസിസിനു വേണ്ടി ഏഴു റണ്‍സുമായി പുറത്താവാതെ നിന്ന പാറ്റ് കമ്മിന്‍സും ജേ റിച്ചാര്‍ഡ്‌സുമാണ് ജയം നേടിക്കൊടുത്തത്. ടോസ് നേടിയ ഓസിസ് ഇന്ത്യയെ ബാറ്റിങിനയക്കുകയായിരുന്നു. നിശ്ചിത 20 ഓവറില്‍ ഇന്ത്യ ഏഴു വിക്കറ്റിനു 126 റണ്‍സെടുത്ത ഇന്ത്യ ബൗളിങില്‍ ആദ്യം തന്നെ ഓസിസിനെ ഞെട്ടിച്ചു. അഞ്ചു റണ്‍സിനിടെ രണ്ടുപേര്‍ പുറത്തായി. മൂന്നാം വിക്കറ്റില്‍ ഗ്ലെന്‍ മാക്‌സ് വെല്‍ ഡാര്‍സി ഷോര്‍ട്ട് സഖ്യം നേടിയ 84 റണ്‍സാണ് കരുത്തായത്. ഷോര്‍ട്ട് 37 പന്തില്‍ 37 റണ്‍സും മാക്‌സ് വെല്‍ 43 പന്തില്‍ 56 റണ്‍സുമെടുത്തു. മാര്‍ക്കസ് സ്‌റ്റോയിനിസ്(1), ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് (0), ആഷ്ടണ്‍ ടര്‍ണര്‍ (0), കോള്‍ട്ടര്‍ നെയ്ല്‍ (4) എന്നിവരുടെ വിക്കറ്റുകള്‍ ഓസീസിന് എളുപ്പം നഷ്ടമായി. ഇന്ത്യയുടെ ബുംറ നാല് ഓവറില്‍ 16 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് നേടി. ഇന്ത്യന്‍ ബാറ്റിങില്‍ തിരിച്ചെത്തിയ ലോകേഷ് രാഹുല്‍ 36 പന്തില്‍ നിന്ന് ഒരു സിക്‌സും ആറു ബൗണ്ടറിയുമടക്കം 50 റണ്‍സ് നേടി. രണ്ടാം വിക്കറ്റില്‍ രാഹുല്‍ കോലി സഖ്യം വെറും 37 പന്തില്‍ നിന്ന് 55 റണ്‍സ് ചേര്‍ത്ത ശേഷമായിരുന്നു ഇന്ത്യയുടെ തകര്‍ച്ച. ഓപണര്‍ രോഹിത് ശര്‍മ (5), ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി(24), ഋഷഭ് പന്ത്(3), ദിനേഷ് കാര്‍ത്തിക്(1), ക്രുനാല്‍ പാണ്ഡ്യ(1), ഉമേഷ് യാദവ് എന്നിവര്‍ വേഗം ക്രീസില്‍ നിന്നു മടങ്ങി. പിന്നീട് രണ്ടക്കം കണ്ടത് 37 പന്തില്‍ 29 റണ്‍സെടുത്ത ധോണി മാത്രമാണ്. ഓസിസിനു വേണ്ടി നഥാന്‍ കോള്‍ട്ടര്‍ നെയ്ല്‍ നാല് ഓവറില്‍ 26 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു.




Next Story

RELATED STORIES

Share it