Cricket

400 വിക്കറ്റ് നേടിയാലും നിങ്ങളെ അവര്‍ പുറത്താക്കും'; ഷമിയെ ടീമില്‍ ഉള്‍പ്പെടുത്താത്തതില്‍ പ്രതികരണവുമായി ഇര്‍ഫാന്‍ പഠാന്‍

400 വിക്കറ്റ് നേടിയാലും നിങ്ങളെ അവര്‍ പുറത്താക്കും; ഷമിയെ ടീമില്‍ ഉള്‍പ്പെടുത്താത്തതില്‍ പ്രതികരണവുമായി ഇര്‍ഫാന്‍ പഠാന്‍
X

മുംബൈ: സീനിയര്‍ പേസര്‍ മുഹമ്മദ് ഷമിയെ ഏകദിന ടീമില്‍ ഉള്‍പ്പെടുത്താത്തതില്‍ രൂക്ഷവിമര്‍ശനവുമായി മുന്‍ താരം ഇര്‍ഫാന്‍ പത്താന്‍. ജനുവരി 11-ന് ആരംഭിക്കുന്ന മൂന്ന് മല്‍സരങ്ങളടങ്ങിയ ഏകദിന പരമ്പരയ്ക്കുള്ള ടീമിലാണ് ഷമിക്ക് ഇടം ലഭിക്കാതെ പോയത്. വിജയ് ഹസാരെ ട്രോഫിയില്‍ മികച്ച പ്രകടനം നടത്തിയിട്ടും ഷമിയെ ടീമില്‍ ഉള്‍പ്പെടുത്താന്‍ ഇന്ത്യന്‍ സെലക്ടര്‍മാര്‍ തയാറാകാത്തത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് പഠാനും പ്രതികരിച്ച് രംഗത്തെത്തിയത്.

ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിക്കുമ്പോള്‍ ഏറ്റവും വലിയ ചര്‍ച്ചാ വിഷയം ഷമിയാണെന്ന് ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു. സെലക്ഷന്‍ കമ്മിറ്റി ചിന്തിക്കുന്നത് എന്തെല്ലാമാണെന്ന് അവര്‍ക്ക് മാത്രമാണ് അറിയുകയെന്നും പഠാന്‍ ചൂണ്ടിക്കാട്ടി. എങ്കിലും ദേശീയ ടീമിലേക്ക് ഷമിക്ക് ഇപ്പോഴും മടങ്ങിവരാന്‍ സാധ്യതയുണ്ടെന്നും പഠാന്‍ അഭിപ്രായപ്പെട്ടു.

'ഇന്നലെ വന്ന് കുറച്ച് മല്‍സരങ്ങള്‍ മാത്രം കളിച്ച് തിരികെ പോയ ഒരാളല്ല ഷമി. 450-500 അന്താരാഷ്ട്ര വിക്കറ്റുകളാണ് അദ്ദേഹം നേടിയിട്ടുള്ളത്. അത് വളരെ വലിയ സംഖ്യയാണ്. 400-ല്‍ അധികം വിക്കറ്റുകള്‍ നേടിയ ശേഷം ടീമില്‍ നിന്ന് പുറത്താക്കപ്പെടുകയും ഫിറ്റ്‌നസ് സംബന്ധിച്ച് ചോദ്യങ്ങളുയരുകയും ചെയ്യുന്നത് എല്ലാവര്‍ക്കും സംഭവിക്കുന്നതാണ്. ക്രിക്കറ്റ് കളിക്കുന്നിടത്തോളം കാലം നമ്മള്‍ സ്വയം തെളിയിച്ചുകൊണ്ടിരിക്കണം', പഠാന്‍ ചൂണ്ടിക്കാട്ടി.

ഈ സീസണില്‍ മാത്രം 200ല്‍ അധികം ഓവറുകള്‍ ഇതിനോടകം ഷമി എറിഞ്ഞു കഴിഞ്ഞു. എന്നിട്ടും ഫിറ്റ്‌നസാണ് പ്രശ്‌നമെങ്കില്‍, പിന്നെ എന്ത് മെച്ചപ്പെടുത്തലാണ് ആവശ്യമെന്ന് സെലക്ഷന്‍ കമ്മിറ്റിക്ക് മാത്രമേ അറിയൂ എന്നും പഠാന്‍ കൂട്ടിച്ചേര്‍ത്തു. ദേശീയ ടീമിലേക്ക് മടങ്ങിയെത്താന്‍ 2026 ലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഷമി മികച്ച പ്രകടനം കാഴ്ചവെക്കണമെന്ന് പത്താന്‍ നിര്‍ദ്ദേശിച്ചു. 2025 ലെ ഐസിസി ചാംപ്യന്‍സ് ട്രോഫിക്ക് ശേഷം ഷമിക്ക് ഇന്ത്യക്ക് വേണ്ടി കളിക്കാന്‍ സാധിച്ചിട്ടില്ല.




Next Story

RELATED STORIES

Share it