Cricket

ലോകകപ്പില്‍ ഇന്ത്യയുടെ കുതിപ്പിന് തടയിട്ട് ഇംഗ്ലണ്ട്

നിര്‍ണായക മല്‍സരത്തില്‍ ഇന്ത്യയെ 31 റണ്‍സിനാണ് അവര്‍ തോല്‍പ്പിച്ചത്. 337 റണ്‍സ് പിന്‍തുടര്‍ന്ന ഇന്ത്യ 50 ഓവറില്‍ 306 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു.

ലോകകപ്പില്‍ ഇന്ത്യയുടെ കുതിപ്പിന് തടയിട്ട് ഇംഗ്ലണ്ട്
X

ബെര്‍മിങ്ഹാം: ലോകകപ്പിലെ ഇന്ത്യയുടെ അപരാജിത കുതിപ്പിന് തടയിട്ട് ആതിഥേയര്‍. നിര്‍ണായക മല്‍സരത്തില്‍ ഇന്ത്യയെ 31 റണ്‍സിനാണ് അവര്‍ തോല്‍പ്പിച്ചത്. 337 റണ്‍സ് പിന്‍തുടര്‍ന്ന ഇന്ത്യ 50 ഓവറില്‍ 306 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു. കെ എല്‍ രാഹുലിന്റെ പുറത്താവലിന് ശേഷം സെഞ്ചുറിയോടെ രോഹിത്ത് ശര്‍മ്മയും (109 പന്തില്‍ 102 റണ്‍സ്) അര്‍ധ സെഞ്ചുറിയോടെ കോഹ്‌ലിയും(76 പന്തില്‍ 66 റണ്‍സ്) മികച്ച പിന്തുണ നല്‍കി. എന്നാല്‍, ലോകകപ്പിലെ തന്റെ ആദ്യ മല്‍സരം കളിച്ച ഋഷഭ് പന്ത്(29 പന്തില്‍ 32 റണ്‍സ്), ഹാര്‍ദ്ദിക്ക് പാണ്ഡ്യ(33 പന്തില്‍ 45 റണ്‍സ്), ധോണി (31 പന്തില്‍ 42 റണ്‍സ്) എന്നിവര്‍ പിടിച്ചുനിന്നെങ്കിലും ലിയാം പ്ലങ്കറ്റിന്റെ ബൗളിങും ഇംഗ്ലണ്ട് നിരയുടെ ഫീല്‍ഡിങുമായപ്പോള്‍ ജയം അവര്‍ക്കൊപ്പമായിരുന്നു. ക്രിസ് വോക്‌സ് രണ്ട് വിക്കറ്റ് നേടി. ഈ ലോകകപ്പിലെ തുടര്‍ച്ചയായ അഞ്ച് വിജയങ്ങള്‍ക്ക് ശേഷമുള്ള ഇന്ത്യയുടെ ആദ്യ തോല്‍വിയാണിത്. കഴിഞ്ഞ മൂന്ന് മല്‍സരങ്ങളിലെ തോല്‍വിക്ക് ശേഷം സെമി പ്രതീക്ഷയ്ക്ക് തുടക്കമിട്ട് കൊണ്ടാണ് ഇംഗ്ലണ്ട് ഇന്ന് വിജയം നേടിയത്.

നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 337 റണ്‍സെടുക്കുകയായിരുന്നു. ബെയര്‍സ്‌റ്റോയുടെ സെഞ്ചുറിയും ജേസണ്‍ റോയി (66), ബെന്‍ സ്‌റ്റോക്കസ് (79) എന്നിവരുടെ അര്‍ധസെഞ്ചുറിയുമാണ് ഇംഗ്ലണ്ടിന് കൂറ്റന്‍ സ്‌കോര്‍ നല്‍കിയത്. ജോ റൂട്ട് 44 റണ്‍സ് നേടി. ഇന്ത്യയുടെ തനത് ബൗളിങ് പുറത്തെടുത്തെങ്കിലും മികച്ച ഫോമിലൂള്ള ഇംഗ്ലണ്ട് ബാറ്റിങിന് മുന്നില്‍ അത് ഫലം കണ്ടില്ല. തുടര്‍ച്ചയായ മൂന്നാം മല്‍സരത്തിലും മൂഹമ്മദ് ഷമിയുടെ ബൗളിങാണ് ഇന്ത്യയ്ക്കാശ്വാസമായത്. ഷമി അഞ്ചുവിക്കറ്റ് നേടി. ലോകകപ്പില്‍ ഷമിയുടെ ആദ്യ അഞ്ചുവിക്കറ്റ് നേട്ടമാണിത്.

പോയിന്റ് നിലയില്‍ ഇന്ത്യ നിലവില്‍ രണ്ടാം സ്ഥാനത്താണ്. ഇന്ത്യയ്ക്ക് ഇനി രണ്ട് മല്‍സരങ്ങള്‍ കൂടി ബാക്കിയുണ്ട്. ഇന്നത്തെ ജയത്തോടെ ഇംഗ്ലണ്ട് നാലാം സ്ഥാനത്തേക്ക് കുതിച്ചു.ഒരു മല്‍സരം ബാക്കിയുള്ള ന്യൂസിലന്റ് മൂന്നാം സ്ഥാനത്താണ്. പാകിസ്താനാണ് അഞ്ചാംസ്ഥാനത്തുള്ളത്.

Next Story

RELATED STORIES

Share it