Cricket

കോഹ്‌ലിക്കൊപ്പം സെല്‍ഫിയെടുത്ത നാല് യുവാക്കള്‍ അറസ്റ്റില്‍

കോഹ്‌ലിക്കൊപ്പം സെല്‍ഫിയെടുത്ത നാല് യുവാക്കള്‍ അറസ്റ്റില്‍
X

ബംഗളൂരു: വിരാട് കോഹ്‌ലിക്കൊപ്പം സെല്‍ഫിയെടുത്ത യുവാക്കള്‍ അറസ്റ്റിലായി. ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള രണ്ടാം ടെസ്റ്റിനിടെ സുരക്ഷാ ഉദ്യോഗസ്ഥരെ കബളിപ്പിച്ച് ഗ്രൗണ്ടിലിറങ്ങി സെല്‍ഫിയെടുത്ത നാല് ആരാധകരാണ് അറസ്റ്റിലായത്. യുവാക്കള്‍ക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ചതിനും ഗ്രൗണ്ടില്‍ അതിക്രമിച്ചുകടന്നതിനുമാണ് ഇവര്‍ക്കെതിരേ കേസെടുത്തത്. നാല് ആരാധകരില്‍ ഒരാള്‍ കല്‍ബുര്‍ഗി സ്വദേശിയാണ്. മറ്റു മൂന്നുപേരും ബംഗളൂരു സ്വദേശികളാണെന്നും പോലിസ് പറയുന്നു. ടെസ്റ്റിന്റെ രണ്ടാം ദിനമായ ഞായറാഴ്ച അവസാന സെഷനില്‍ ശ്രീലങ്ക രണ്ടാം ഇന്നിങ്‌സില്‍ ബാറ്റുചെയ്യുമ്പോഴാണ് ആരാധകര്‍ ഗ്രൗണ്ടിലിറങ്ങിയത്.

മുഹമ്മദ് ഷമിയുടെ പന്തുകൊണ്ട് പരിക്കേറ്റ ലങ്കന്‍ ബാറ്റര്‍ കുശാല്‍ മെന്‍ഡിസിനെ ഡോക്ടര്‍മാര്‍ പരിശോധിക്കുന്നതിനിടെയാണ് ഇവര്‍ കളത്തിലിറങ്ങിയത്. ഇതില്‍ ഒരാള്‍ പോക്കറ്റില്‍ നിന്ന് മൊബൈല്‍ ഫോണെടുത്ത് കോഹ്‌ലിയുടെ അനുവാദത്തോടെ സെല്‍ഫിയുമെടുത്തു. അപ്പോഴേക്കും സുരക്ഷാ ഉദ്യോഗസ്ഥരെത്തി ഇവരെ പിടികൂടി ബലം പ്രയോഗിച്ച് ഗ്രൗണ്ടിന് പുറത്തേക്കുകൊണ്ടുപോയി. പിന്നീടാണ് കേസെടുത്തത്. ആരാധകര്‍ക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തെന്നും ഉടന്‍ ഇവരെ കോടതിയില്‍ ഹാജരാക്കുമെന്നും ബംഗളൂരുവിലെ കബ്ബണ്‍ പാര്‍ക്ക് പോലിസ് അറിയിച്ചു.

Next Story

RELATED STORIES

Share it