Cricket

ദേശീയ ടീമില്‍ ഇടം നേടണമെങ്കില്‍ ആഭ്യന്തര ക്രിക്കറ്റ് കളിക്കണം, കോഹ് ലിക്കും രോഹിത്തിനും ബിസിസിഐയുടെ നിര്‍ദേശം

ദേശീയ ടീമില്‍ ഇടം നേടണമെങ്കില്‍ ആഭ്യന്തര ക്രിക്കറ്റ് കളിക്കണം, കോഹ് ലിക്കും രോഹിത്തിനും ബിസിസിഐയുടെ നിര്‍ദേശം
X

ന്യൂഡല്‍ഹി: ദേശീയ ടീമിലേക്ക് പരിഗണിക്കണമെങ്കില്‍ ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന് മുതിര്‍ന്ന താരങ്ങളായ വിരാട് കോഹ് ലിക്കും രോഹിത് ശര്‍മയ്ക്കും ബിസിസിഐയുടെ നിര്‍ദേശം. ടെസ്റ്റ്, ട്വന്റി-20 മല്‍സരങ്ങളില്‍ നിന്ന് വിരമിച്ച രോഹിതും കോഹ് ലിയും ഇപ്പോള്‍ ഏകദിന ഫോര്‍മാറ്റില്‍ മാത്രമാണ് കളിക്കുന്നത്. 2027 ഏകദിന ലോകകപ്പ് വരെ കളിക്കണമെന്ന ആഗ്രഹമാണ് ഇരുതാരങ്ങള്‍ക്കും. എന്നാല്‍ ദേശീയ ടീമില്‍ ഇടംപിടിക്കണമെങ്കില്‍ ആഭ്യന്തര ക്രിക്കറ്റിന്റെ ഭാഗമായി കളിച്ച് മാച്ച് ഫിറ്റ്നസ് ഉറപ്പാക്കണമെന്ന സന്ദേശമാണ് ഇരുതാരങ്ങള്‍ക്കും ബിസിസിഐ നല്‍കിയത്.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഇന്ത്യയുടെ ഏകദിന പരമ്പര അടുത്തിരിക്കുകയാണ്. ബിസിസിഐയുടെ നിര്‍ദേശം വന്നതോടെ, ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി ദേശീയ ടീമില്‍ ഇടംപിടിക്കുന്നതിന് വരുന്ന ദിവസങ്ങളില്‍ നടക്കുന്ന വിജയ് ഹസാരെ ട്രോഫിയില്‍ ഇരുതാരങ്ങളും പങ്കെടുക്കേണ്ടതായി വരും. വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കാന്‍ തയ്യാറാണെന്ന് രോഹിത് മുംബൈ ക്രിക്കറ്റ് അസോസിയേഷനെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ആഭ്യന്തര ഏകദിന ടൂര്‍ണമെന്റില്‍ കളിക്കുന്നതിനെ സംബന്ധിച്ച് കോഹ് ലി ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

ഓസ്ട്രേലിയയ്‌ക്കെതിരായ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യയുടെ മോശം പ്രകടനത്തെത്തുടര്‍ന്ന് ഇരുവര്‍ക്കും ബിസിസിഐ സമാനമായ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെ കോഹ് ലിയും രോഹിതും രഞ്ജി ട്രോഫിയില്‍ ഓരോ മല്‍സരം വീതം കളിക്കുകയും ചെയ്തു.




Next Story

RELATED STORIES

Share it