Cricket

രണ്ടും കല്‍പ്പിച്ച് ബംഗ്ലാദേശും; മുസ്താഫിസുറിന്റെ എന്‍ഒസി പിന്‍വലിക്കും, കെകെആര്‍ തീരുമാനം മാറ്റിയാലും താരം ഐപിഎല്ലില്‍ കളിക്കില്ല

രണ്ടും കല്‍പ്പിച്ച് ബംഗ്ലാദേശും; മുസ്താഫിസുറിന്റെ എന്‍ഒസി പിന്‍വലിക്കും, കെകെആര്‍ തീരുമാനം മാറ്റിയാലും താരം ഐപിഎല്ലില്‍ കളിക്കില്ല
X

കൊല്‍ക്കത്ത: ഐപിഎല്ലില്‍നിന്ന് പേസര്‍ മുസ്താഫിസുര്‍ റഹ്‌മാനെ ഒഴിവാക്കിയതിന് പിന്നാലെ കടുത്ത നിലപാടുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്(ബിസിബി). ട്വന്റി-20 ലോകകപ്പിന് ഇന്ത്യയിലേക്ക് ടീമിനെ അയക്കില്ലെന്ന നിലപാടെടുത്ത ബിസിബി ഇപ്പോള്‍ മുസ്താഫിസുറിന്റെ എന്‍ഒസി പിന്‍വലിക്കാനൊരുങ്ങുകയാണ്. ഐപിഎല്ലില്‍ കളിക്കാന്‍ ക്രിക്കറ്റ് ബോര്‍ഡ് നല്‍കിയ എതിര്‍പ്പില്ലാ സാക്ഷ്യപത്രമാണ് പിന്‍വലിക്കുന്നത്. അതോടെ മുസ്താഫിസുര്‍ വിഷയത്തില്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകുകയാണ്.

താരത്തിന് ഐപിഎല്‍ ടൂര്‍ണമെന്റ് കളിക്കാനുള്ള എന്‍ഒസി പിന്‍വലിക്കാനുള്ള നിര്‍ണായകതീരുമാനമാണ് ബിസിബി കൈക്കൊണ്ടിരിക്കുന്നത്. എന്‍ഒസി പിന്‍വലിക്കുന്നതോടുകൂടി മുസ്താഫിസുറിന് ഐപിഎല്ലില്‍ കളിക്കാനാവില്ല. അതായത് നിലവില്‍ കൊല്‍ക്കത്ത ടീമില്‍നിന്ന് ഒഴിവാക്കിയെങ്കിലും ഭാവിയില്‍ തീരുമാനം മാറ്റി താരത്തെ ടീമിലെടുത്താലും മുസ്താഫിസുറിന് ഐപിഎല്ലില്‍ കളിക്കാനാവില്ല. സുരക്ഷാകാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് തീരുമാനം. വിഷയത്തില്‍ ബംഗ്ലാദേശ് ഇന്ത്യക്കെതിരേ കടുത്ത നിലപാടിലേക്ക് കടക്കുകയാണെന്നര്‍ഥം.

അടുത്ത മാസം നടക്കുന്ന ട്വന്റി-20 ലോകകപ്പിന് ഇന്ത്യയിലേക്ക് ടീമിനെ അയക്കില്ലെന്ന് ബംഗ്ലാദേശിന്റെ യുവജന, കായിക ഉപദേഷ്ടാവ് അറിയിച്ചിരുന്നു. 17 ബോര്‍ഡ് ഡയറക്ടര്‍മാര്‍ പങ്കെടുത്ത യോഗത്തിലാണ് വിട്ടുനില്‍ക്കാന്‍ ബിസിബി തീരുമാനമെടുത്തത്. പിന്നാലെ ഐസിസിക്ക് ഇതുസംബന്ധിച്ച കത്ത് നല്‍കി. ബംഗ്ലാദേശ് ടീമിന്റെ മല്‍സരങ്ങള്‍ ഇന്ത്യയില്‍ നിന്ന് ശ്രീലങ്കയിലേക്ക് മാറ്റണമെന്ന ആവശ്യവും ബോര്‍ഡ് മുന്നോട്ടുവെച്ചിട്ടുണ്ട്. ലോകകപ്പില്‍ കൊല്‍ക്കത്തയില്‍ മൂന്നും മുംബൈയില്‍ ഒന്നും ഉള്‍പ്പെടെ നാല് മല്‍സരങ്ങളാണ് ബംഗ്ലാദേശിന് ഇന്ത്യയിലുള്ളത്.

നേരത്തേ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ നിര്‍ദേശത്തെത്തുടര്‍ന്നാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ബംഗ്ലാദേശ് പേസര്‍ മുസ്താഫിസുര്‍ റഹ്‌മാനെ ടീമില്‍നിന്ന് ഒഴിവാക്കിയത്. മുസ്താഫിസുറിനെ കളിപ്പിക്കുന്നതിനെതിരേ ഭീഷണിയും വിമര്‍ശനവും കടുത്തതോടെയാണ് ബിസിസിഐ നൈറ്റ് റൈഡേഴ്സിന് നിര്‍ദേശം നല്‍കിയത്.

ലേലത്തില്‍ 9.20 കോടി രൂപയ്ക്കാണ് താരത്തെ കൊല്‍ക്കത്ത ടീമിലെത്തിച്ചത്. സണ്‍റൈസേഴ്സ് ഹൈദരാബാദ്, മുംബൈ ഇന്ത്യന്‍സ്, രാജസ്ഥാന്‍ റോയല്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, ചെന്നൈ സൂപ്പര്‍ കിങ്സ് ടീമുകളില്‍ കളിച്ചിട്ടുള്ള മുസ്താഫിസുര്‍ 60 മല്‍സരങ്ങളില്‍നിന്ന് 65 വിക്കറ്റും നേടിയിട്ടുണ്ട്.





Next Story

RELATED STORIES

Share it