Cricket

പന്ത് ചുരണ്ടല്‍ വിവാദം, പാക് താരം ഫഖര്‍ സമന് രണ്ട് മല്‍സരങ്ങളില്‍ വിലക്ക്; ലാഹോര്‍ ഖലന്തേഴ്‌സിന് കനത്ത തിരിച്ചടി

പന്ത് ചുരണ്ടല്‍ വിവാദം, പാക് താരം ഫഖര്‍ സമന് രണ്ട് മല്‍സരങ്ങളില്‍ വിലക്ക്; ലാഹോര്‍ ഖലന്തേഴ്‌സിന് കനത്ത തിരിച്ചടി
X

കറാച്ചി: പാക് സൂപ്പര്‍ ലീഗില്‍ പന്ത് ചുരണ്ടിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ലാഹോര്‍ ഖലന്തേഴ്‌സ് താരം ഫഖര്‍ സമാന് രണ്ട് മല്‍സരങ്ങളില്‍ നിന്ന് വിലക്ക്. ഞായറാഴ്ച കറാച്ചി കിംഗ്‌സിനെതിരേ നടന്ന മല്‍സരത്തിനിടെ പന്തിന്റെ സ്വാഭാവിക ഘടനയില്‍ മാറ്റം വരുത്താന്‍ ശ്രമിച്ചതിനാണ് പാക് ക്രിക്കറ്റ് ബോര്‍ഡ് ഫഖറിനെതിരേ നടപടിയെടുത്തത്.

കളിക്കാരുടെ പെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.14 പ്രകാരം ലെവല്‍ 3 കുറ്റമാണ് ഫഖര്‍ സമാന്‍ ചെയ്തതെന്ന് പിഎസ്എല്‍ അധികൃതര്‍ അറിയിച്ചു. മാച്ച് റഫറി റോഷന്‍ മഹാനാമയുടെ നേതൃത്വത്തില്‍ നടന്ന അച്ചടക്ക സമിതിയുടെ ഹിയറിംഗിന് ശേഷമാണ് ശിക്ഷ പ്രഖ്യാപിച്ചത്. എന്നാല്‍ താന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ഫഖര്‍ സമാന്‍ വാദിച്ചു. മാച്ച് റഫറിയുടെ വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ താരത്തിന് 48 മണിക്കൂര്‍ സമയം അനുവദിച്ചിട്ടുണ്ട്.

കറാച്ചി കിംഗ്സിനെതിരെയുള്ള മല്‍സരത്തിന്റെ അവസാന ഓവറിന് തൊട്ടുമുന്‍പാണ് സംഭവങ്ങളുടെ തുടക്കം. ലാഹോര്‍ ക്യാപ്റ്റന്‍ ഷഹീന്‍ അഫ്രീദി, ഫഖര്‍ സമാന്‍, ഹാരിസ് റൗഫ് എന്നിവര്‍ പന്ത് അസാധാരണമായ രീതിയില്‍ പന്ത് കൈകാര്യം ചെയ്യുന്നത് അമ്പയറുടെ ശ്രദ്ധയില്‍പ്പെട്ടു. ഉടന്‍ തന്നെ ഇടപെട്ട അമ്പയര്‍മാര്‍ പന്ത് മാറ്റാന്‍ നിര്‍ദ്ദേശിക്കുകയും ലാഹോര്‍ ടീമിന് അഞ്ച് റണ്‍സ് പെനാല്‍റ്റി വിധിക്കുകയും ചെയ്തു. അവസാന ഓവറില്‍ 14 റണ്‍സായിരുന്നു ലാഹോറിന് ജയിക്കാന്‍ പ്രതിരോധിക്കേണ്ടിയിരുന്നത്. എന്നാല്‍ പെനാല്‍റ്റി വന്നതോടെ ഇത് വെറും 9 റണ്‍സായി കുറഞ്ഞു. ഈ അഞ്ച് റണ്‍സ് കറാച്ചിയുടെ വിജയം എളുപ്പമാക്കി.

ഫഖര്‍ സമാനെതിരെയുള്ള ഈ നടപടി പഴയൊരു വിവാദം കൂടി വീണ്ടും ചര്‍ച്ചയാക്കിയിട്ടുണ്ട്. 2024-ലെ ട്വന്റി-20 ലോകകപ്പില്‍ അമേരിക്കയ്‌ക്കെതിരായ മല്‍സരത്തിനിടെ ഫഖര്‍ സമാന്‍ പന്ത് തന്റെ ജേഴ്സിക്കുള്ളില്‍ അസാധാരണമായ രീതിയില്‍ വച്ചത് അന്ന് വലിയ സംശയങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. അന്ന് അമേരിക്കന്‍ താരങ്ങള്‍ പരാതിപ്പെട്ടെങ്കിലും ഔദ്യോഗിക നടപടികളൊന്നും ഉണ്ടായിരുന്നില്ല. ഈ സീസണില്‍ മികച്ച ഫോമിലുള്ള ലാഹോര്‍ ഖലന്തേഴ്‌സിന് ഫഖര്‍ സമന്റെ വിലക്ക് വലിയ തിരിച്ചടിയാകും.





Next Story

RELATED STORIES

Share it