Athletics

നീരജ് ചോപ്രയ്ക്ക് ആറ് കോടി സമ്മാനം പ്രഖ്യാപിച്ച് ഹരിയാന സര്‍ക്കാര്‍

നീരജ് ചോപ്രയ്ക്ക് ആറ് കോടി സമ്മാനം പ്രഖ്യാപിച്ച് ഹരിയാന സര്‍ക്കാര്‍
X

ന്യൂഡല്‍ഹി: ടോക്കിയോ ഒളിംപിക്‌സ് ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടി ഇന്ത്യയുടെ അഭിമാനം വാനോളമുയര്‍ത്തിയ നീരജ് ചോപ്രയ്ക്ക് ആറു കോടി രൂപ കാഷ് അവാര്‍ഡ് പ്രഖ്യാപിച്ച് ഹരിയാന സര്‍ക്കാര്‍. മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. നേരത്തെ ജാവലിന്‍ ത്രോ ഫൈനല്‍ കാണുന്നതിന്റെ ചിത്രം മുഖ്യമന്ത്രി ട്വീറ്റ് ചെയ്തിരുന്നു. ചോപ്രയുടെ വിജയത്തിന് അഭിനന്ദനങ്ങള്‍ അറിയിച്ച ഖട്ടാര്‍, രാജ്യം ഈ നിമിഷത്തിനായി കാത്തിരിക്കുകയാണെന്നും രാജ്യം മുഴുവന്‍ അഭിമാനിക്കുന്നുവെന്നും ഖട്ടാര്‍ പറഞ്ഞു.

ടോക്കിയോ ഒളിംപിക്‌സില്‍ പങ്കെടുത്ത ഹരിയാനയില്‍നിന്നുള്ള എല്ലാ കളിക്കാര്‍ക്കും 10 ലക്ഷം രൂപ വീതം നല്‍കുമെന്ന് ഖട്ടര്‍ വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു. ഒളിംപിക്‌സിന്റെ ചരിത്രത്തില്‍ അത്‌ലറ്റിക്‌സില്‍ ഒരു ഇന്ത്യക്കാരന്‍ നേടുന്ന ആദ്യ മെഡലാണിത്. അഭിനവ് ബിന്ദ്രയ്ക്കുശേഷം വ്യക്തിഗത സ്വര്‍ണം നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരവുമാണ് നീരജ് ചോപ്ര. ബെയ്ജിങ്ങിനുശേഷം ഇതാദ്യമായാണ് ഇന്ത്യ ഒളിംപിക്‌സില്‍ സ്വര്‍ണം നേടുന്നത്. ഹരിയാനയിലെ പാനിപ്പത്തില്‍നിന്ന് 15 കിലോമീറ്റര്‍ അകലെയുള്ള കാന്ദ്രയാണ് നീരജിന്റെ സ്വദേശം. 87.58 മീറ്റര്‍ ദൂരം എറിഞ്ഞാണ് നീരജ് സ്വര്‍ണത്തില്‍ മുത്തമിട്ടത്. രണ്ടാം റൗണ്ടിലായിരുന്നു ഈ തങ്കത്തിളക്കമാര്‍ന്ന പ്രകടനം.

ആദ്യ ഏറില്‍ 87.03 മീറ്റര്‍ പിന്നിട്ട നീരജ് രണ്ടാം റൗണ്ടില്‍ എതിരാളികളെ മറികടക്കുകയായിരുന്നു. മൂന്നാമത്തെ പ്രകടനത്തില്‍ 76.79 മീറ്റര്‍ പിന്നിടാന്‍ മാത്രമേ നീരജിനായുള്ളൂ. നാലാം ത്രോ ഫൗള്‍ ആയെങ്കിലും നീരജ് തന്നെയായിരുന്നു മുന്നില്‍. ചെക്ക് റിപ്പബ്ലിക്കിന്റെ താരങ്ങളായ യാക്കൂബ് വാഡ്‌ലിച്ച് (86.67 മീറ്റര്‍) വെള്ളിയും വിറ്റെസ്ലാവ് വെസ്‌ലി (85.44 മീറ്റര്‍) വെങ്കലവും നേടി. ഇന്ത്യയ്ക്കുവേണ്ടി മല്‍സരിച്ച ഇംഗ്ലീഷുകാരന്‍ നോര്‍മന്‍ പ്രിച്ചാര്‍ഡ് മാത്രമാണ് ഇതിന് മുമ്പ് ഒളിംപിക്‌സില്‍ ഇന്ത്യയ്ക്കുവേണ്ടി മെഡല്‍ നേടിയത്. 1900 പാരിസ് ഗെയിംസില്‍. അതിനുശേഷം മില്‍ഖാസിങ്ങിനും പി ടി ഉഷയ്ക്കും നാലാം സ്ഥാനം കൊണ്ടും അഞ്ജു ബോബി ജോര്‍ജ് അഞ്ചാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.

Next Story

RELATED STORIES

Share it