ഒടുവില്‍ റയലിന് ആശ്വാസം


മാഡ്രിഡ്: അടുത്തിടെ തൊട്ടതെല്ലാം പിഴയ്ക്കുന്ന റയല്‍ മാഡ്രിഡിന് ചാംപ്യന്‍സ് ലീഗില്‍ വിജയാശ്വാസത്തിന്റെ വെള്ളിവെളിച്ചം. ബുധാഴ്ച രാത്രി നടന്ന മല്‍സരത്തില്‍ ചെക് ക്ലബ്ബ് പ്ലാസന്‍ വിക്ടോറിയ എഫ് സിയെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് റയല്‍ പരാജയപ്പെടുത്തിയത്. പടിയിറങ്ങലിന്റെ വക്കിലെത്തിയ കോച്ച് ജുലന്‍ ലോപെറ്റഗുയിക്ക ഇത് വലിയൊരു സമാശ്വാസമാണ് നല്‍കുന്നത്.
11ാം മിനിറ്റില്‍ കരീം ബെന്‍സേമയിലൂടെ മുന്നിലെത്തിയ റയല്‍ 55ാം മിനിറ്റില്‍ മാഴ്‌സെലോയുടെ തകര്‍പ്പന്‍ ഷോട്ടിലൂടെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. 78ാം മിനിറ്റില്‍ പാട്രിക് റോസോവോസ്‌കി ഒരെണ്ണം തിരിച്ചടിച്ചെങ്കിലും റയല്‍ പ്രതിരോധം ശക്തമാക്കിയതോടെ കൂടുതല്‍ അപകടം ഉണ്ടായില്ല. ചാംപ്യന്‍സ് ലീഗിലെ രണ്ടാം ജയത്തോടെ റയല്‍ സാന്റിയാഗോ ബര്‍ണാബുവില്‍ തടിച്ചുകൂടിയ 68,000 കാണികള്‍ക്ക് ആവേശ രാവൊരുക്കി. ജയത്തോടെ റയല്‍ എഎസ് റോമയെയും സിഎസ്‌കെഎ മോസ്‌കോയെയും പിന്നിലാക്കി ഒന്നാം സ്ഥാനത്തേക്ക് കുതിച്ചു. ഒരു പരാജയം നേരിട്ട അവര്‍ ആറ് പോയിന്റോടെയാണ് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. ഇത്രയും പോയിന്റ് റോമയ്ക്കുണ്ടെങ്കിലും ഗോള്‍ വ്യത്യാസത്തിന്റെ അടിസ്ഥാനത്തില്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മൂന്നാമതുള്ള സിഎസ്‌കെഎ മോസ്‌കോയ്ക്ക് നാലു പോയിന്റാണുള്ളത്.

RELATED STORIES

Share it
Top