രാജീവ് ഗാന്ധി വധം: പ്രതികളുടെ ദയാഹരജി ഗവര്‍ണര്‍ പരിഗണിക്കണമെന്ന് സുപ്രിം കോടതിന്യൂഡല്‍ഹി: ന്യൂഡല്‍ഹി: രാജീവ് ഗാന്ധി വധക്കേസില്‍ ജയിലില്‍ കഴിയുന്ന പ്രതികളുടെ ദയാഹരജി തമിഴ്‌നാട് ഗവര്‍ണര്‍ പരിഗണിക്കണമെന്ന് സുപ്രിംകോടതി ഉത്തരവിട്ടു. രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ രണ്ടംഗ ബെഞ്ചിന്റേതാണ് വിധി. കാല്‍നൂറ്റാണ്ടിലേറെയായി ജയില്‍ ശിക്ഷ അനുഭവിക്കുന്ന പേരറിവാളന്‍ ഉള്‍പ്പെടെയുള്ള ഏഴുപേരുടെ മോചനത്തിന് ഇത് വഴിതെളിച്ചേക്കും.

2016 മാര്‍ച്ചിലാണ് കേസില്‍ ഉള്‍പ്പെട്ട ഏഴ് പേരുടെ മോചനത്തിന് അനുമതി തേടി തമിഴ്‌നാട് സര്‍ക്കാര്‍ കത്ത് നല്‍കിയത്. പ്രതികളെ മോചിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. 2015ലെ സുപ്രിം കോടതി ഉത്തരവ് പ്രകാരം ഇക്കാര്യത്തില്‍ കേന്ദ്രത്തിന്റെ അനുമതി ആവശ്യമായിരുന്നു. ഈ അനുമതി തേടിയാണ് തമിഴ്‌നാട് കത്തു നല്‍കിയത്. എന്നാല്‍, പ്രതികളെ മോചിപ്പിക്കുന്നത് കേന്ദ്രം എതിര്‍ത്തു. ഇതിലാണ് ഇപ്പോള്‍ സുപ്രിം കോടതി വിധി പറഞ്ഞിരിക്കുന്നത്.

1991 മെയ് 21ന് ശ്രീപെരുമ്പുത്തൂരില്‍ നടന്ന ചാവേര്‍ സ്‌ഫോടനത്തിലാണ് രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. കേസില്‍ വി ശ്രീഹരന്‍ എന്ന മുരുഗന്‍, ടി സുതേന്ദ്രരാജ എന്ന ശാതന്‍, എ ജി പേരറിവാളന്‍ എന്ന അറിവ്, ജയകുമാര്‍, റോബര്‍ട്ട് പയസ്, പി രവിചന്ദ്രന്‍, നളിനി എന്നിവര്‍ 25 വര്‍ഷമായി തടവ് ശിക്ഷ അനുഭവിച്ചു വരികയാണ്.

2014 ഫെബ്രുവരി 18ന് മുരുഗന്‍, ശാന്തന്‍, പേരറിവാളന്‍ എന്നിവരുടെ വധശിക്ഷ റദ്ദാക്കിയിരുന്നു. ഇവരുടെ ദയാഹരജിയില്‍ തീരുമാനമെടുക്കുന്നത് വൈകിയത് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ഇതേ തുടര്‍ന്നാണ് അന്നത്തെ ജയലളിത സര്‍ക്കാര്‍ ഇവരെ വിട്ടയക്കാന്‍ തീരുമാനിച്ചത്.

28 വര്‍ഷമായി പേരറിവാളന്റെ അമ്മ അര്‍പ്പുതം അമ്മാള്‍ നടത്തുന്ന നിയമപോരാട്ടതിന്റെ വിജയം കൂടിയാണ് സുപ്രിം കോടതി വിധി.

RELATED STORIES

Share it
Top