Gulf

പരിസ്ഥിതി സംരക്ഷണ നിയമങ്ങളില്‍ ഭേദഗതി; കൃഷി, ക്വാറന്റൈന്‍ സംവിധാനങ്ങള്‍ ശക്തമാക്കി യുഎഇ

പരിസ്ഥിതി സംരക്ഷണ നിയമങ്ങളില്‍ ഭേദഗതി; കൃഷി, ക്വാറന്റൈന്‍ സംവിധാനങ്ങള്‍ ശക്തമാക്കി യുഎഇ
X

ദുബയ്: കൃഷി, വെറ്ററിനറി, കൃഷി ക്വാറന്റൈന്‍ മേഖലകളിലെ നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നതിനും വന്യജീവി-സസ്യജാല സംരക്ഷണം ഉറപ്പാക്കുന്നതിനുമായി സമഗ്ര നിയമഭേദഗതികള്‍ക്ക് യുഎഇ സര്‍ക്കാര്‍ അംഗീകാരം നല്‍കി. വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളുടെ അന്തര്‍ദേശിയ വ്യാപാരം നിയന്ത്രിക്കുകയും പുതിയ സസ്യവര്‍ഗങ്ങള്‍ സംരക്ഷിക്കുകയും ചെയ്യുന്നതാണ് പുതുക്കിയ നിയമങ്ങളുടെ പ്രധാന ലക്ഷ്യം. വംശനാശഭീഷണി നേരിടുന്ന വന്യജീവികളും സസ്യങ്ങളും സംബന്ധിച്ച അന്തര്‍ദേശീയ വ്യാപാരം നിയന്ത്രിച്ചിരുന്ന 2002ലെ ഫെഡറല്‍ നിയമം റദ്ദാക്കി പുതുക്കിയ നിയമം നിലവില്‍ കൊണ്ടുവന്നു. അന്തര്‍ദേശീയ മാനദണ്ഡങ്ങളോടും 'സിഐടിഇഎസ്' കരാറോടും പൊരുത്തപ്പെടുത്തി നടപ്പാക്കല്‍ ശക്തമാക്കുന്നതിനാണ് രണ്ടു ദശാബ്ദത്തിലേറെ പഴക്കമുള്ള നിയമം പുനസംഘടിപ്പിച്ചത്. നിയമലംഘനങ്ങള്‍ തടയുന്നതിനുള്ള അധികാരങ്ങള്‍ വര്‍ധിപ്പിക്കുകയും സംരക്ഷണ പരിധി വിപുലീകരിക്കുകയും ചെയ്തിട്ടുണ്ട്.

നിയമം നടപ്പാക്കാനുള്ള ദേശീയ അധികാരിയായി കാലാവസ്ഥാ വ്യതിയാന-പരിസ്ഥിതി മന്ത്രാലയത്തെ നിയോഗിച്ചു. അനുമതിപത്രങ്ങള്‍ നല്‍കല്‍, അനധികൃത വ്യാപാരം തടയല്‍, പിടിച്ചെടുത്ത ജീവജാലങ്ങള്‍ കോടതിവിധി പ്രകാരം കൈകാര്യം ചെയ്യല്‍ തുടങ്ങിയ ചുമതലകള്‍ മന്ത്രാലയത്തിനായിരിക്കും. ഗുരുതര നിയമലംഘനങ്ങള്‍ക്ക് 20 ലക്ഷം ദിര്‍ഹം വരെ പിഴയും നാലു വര്‍ഷം വരെ തടവുശിക്ഷയും വ്യവസ്ഥ ചെയ്തിട്ടുണ്ട്. അതേസമയം, 45 വര്‍ഷം പഴക്കമുള്ള വെറ്ററിനറി ക്വാറന്റൈന്‍ നിയമവും പുതുക്കി. യുഎഇയില്‍ പ്രവേശിക്കുന്നതും രാജ്യത്തിന് പുറത്തേക്ക് പോകുന്നതുമായ മൃഗക്കയറ്റുമതികളില്‍ കര്‍ശന മേല്‍നോട്ടം ഉറപ്പാക്കും. പകര്‍ച്ചവ്യാധികള്‍ തടയുന്നതിനായി ഇറക്കുമതി വിലക്കുകള്‍, താല്‍ക്കാലിക ക്വാറന്റൈന്‍ നിയന്ത്രണങ്ങള്‍ തുടങ്ങിയ മുന്‍കരുതല്‍ നടപടികള്‍ക്ക് അധികാരം നല്‍കുന്ന വ്യവസ്ഥകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കൃഷി ക്വാറന്റൈന്‍ മേഖലയിലും 1979ലെ നിയമം മാറ്റി പുതിയ നിയമം നടപ്പാക്കി. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുകയും സസ്യരോഗങ്ങളും കീടബാധകളും പടരുന്നത് തടയുകയും ചെയ്യുകയാണ് ലക്ഷ്യം. നിയമലംഘനങ്ങള്‍ക്ക് പരമാവധി അഞ്ചു ലക്ഷം ദിര്‍ഹം വരെ പിഴയും ആവര്‍ത്തിച്ച കുറ്റങ്ങളില്‍ വിദേശികള്‍ക്ക് നിര്‍ബന്ധിത നാടുകടത്തലും ഏര്‍പ്പെടുത്തും. പുതിയ സസ്യവര്‍ഗ സംരക്ഷണ നിയമവും ഭേദഗതികളുടെ ഭാഗമാണ്. കൃഷി നവീകരണം പ്രോല്‍സാഹിപ്പിക്കുന്നതിനും വിത്ത്, സസ്യവികസകരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുമായി ദേശീയ രജിസ്റ്റര്‍ സ്ഥാപിക്കും. വൃക്ഷങ്ങള്‍ക്കും വള്ളികള്‍ക്കും 25 വര്‍ഷം വരെ നിയമപരമായ സംരക്ഷണം നല്‍കും.

പരിസ്ഥിതി സംരക്ഷണം, ഭക്ഷ്യസുരക്ഷ, സുസ്ഥിര കൃഷി വികസനം എന്നിവ ഉറപ്പാക്കുന്നതിനൊപ്പം അന്തര്‍ദേശീയ മികച്ച രീതികളോട് ചേര്‍ന്ന ശക്തമായ നിയമസംവിധാനം രൂപപ്പെടുത്തുകയാണ് ഈ ഭേദഗതികളിലൂടെ യുഎഇ ലക്ഷ്യമിടുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it