Gulf

തോമസിന്റെ കുടുംബം മാപ്പ് നല്‍കി; വധശിക്ഷ കാത്ത് സൗദി ജയിലില്‍ കഴിഞ്ഞ സക്കീര്‍ ഹുസൈന് മോചനം

കോട്ടയം കോട്ടമുറിക്കല്‍ തൃക്കോടിത്താനം ചാലയില്‍ വീട്ടില്‍ തോമസ് മാത്യു (27)വിനെ കുത്തിക്കൊന്ന കേസില്‍ ഒമ്പത് വര്‍ഷമായി സൗദി ജയിലില്‍ വധശിക്ഷ കാത്ത് കഴിയുകയായിരുന്ന കൊല്ലം പള്ളിത്തോട്ടം ഗാന്ധി നഗര്‍ എച്ച്എന്‍സി കോമ്പൗണ്ടില്‍ താമസിക്കുന്ന സക്കീര്‍ ഹുസൈന്‍ (32) ആണ് ഇരയുടെ കുടുംബം ദയാധനം സ്വീകരിച്ച് മാപ്പ് നല്‍കിയത്.

തോമസിന്റെ കുടുംബം മാപ്പ് നല്‍കി; വധശിക്ഷ കാത്ത് സൗദി ജയിലില്‍ കഴിഞ്ഞ സക്കീര്‍ ഹുസൈന് മോചനം
X

ദമാം: ഓണാഘോഷത്തിനിടെ സുഹൃത്തുക്കള്‍ തമ്മിലുണ്ടായ വാക്ക് തര്‍ക്കത്തിനിടെയുണ്ടായ കൊലപാതകത്തില്‍ പ്രതിയായി വധശിക്ഷ കാത്ത് കഴിഞ്ഞ കൊല്ലം സ്വദേശിക്ക് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടിയുടെ ഇടപെടലില്‍ ജയില്‍ മോചനം. കോട്ടയം കോട്ടമുറിക്കല്‍ തൃക്കോടിത്താനം ചാലയില്‍ വീട്ടില്‍ തോമസ് മാത്യു (27)വിനെ കുത്തിക്കൊന്ന കേസില്‍ ഒമ്പത് വര്‍ഷമായി സൗദി ജയിലില്‍ വധശിക്ഷ കാത്ത് കഴിയുകയായിരുന്ന കൊല്ലം പള്ളിത്തോട്ടം ഗാന്ധി നഗര്‍ എച്ച്എന്‍സി കോമ്പൗണ്ടില്‍ താമസിക്കുന്ന സക്കീര്‍ ഹുസൈന്‍ (32) ആണ് ഇരയുടെ കുടുംബം ദയാധനം സ്വീകരിച്ച് മാപ്പ് നല്‍കിയത്.

രേഖകളെല്ലാം ശരിയാക്കി അദ്ദേഹം കഴിഞ്ഞ ദിവസം ശ്രീലങ്കന്‍ എയര്‍ലൈന്‍സ് വഴി നാട്ടിലെത്തിയതായി സൗദിയില്‍ അദ്ദേഹത്തിന്റെ മോചനത്തിന് നേതൃത്വം നല്‍കിയ പ്രമുഖ സാമൂഹിക പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട് അറിയിച്ചു.

2013ല്‍ അല്‍കോബാറിലെ റാക്കയില്‍ ഇവര്‍ താമസിച്ചിരുന്ന റൂമിലാണ് കേസിന് ആസ്പദമായ സംഭവം. ലോണ്‍ട്രി ജീവനക്കാരനായ സക്കീര്‍ ഹുസൈനും തോമസും തമ്മില്‍ ഓണാഘോഷത്തിനിടെ വാക്ക് തര്‍ക്കമുണ്ടാവുകയും തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നു. തുടര്‍ന്ന്

ഫൈസലിയ ജയിലില്‍ അടയ്ക്കപ്പെട്ട ഹുസൈന് എട്ട് വര്‍ഷത്തെ തടവും അതിന് ശേഷം വധശിക്ഷയുമാണ് വിധിച്ചത്.

ഇതോടെ സക്കീര്‍ ഹുസൈന്റെ മാതാപിതാക്കള്‍ മകന്റെ മോചനത്തിനായി തോമസിന്റെ കുടുംബവുമായും സാമൂഹിക പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാടുമായും മറ്റും ബന്ധപ്പെട്ടുകൊണ്ടിരുന്നു. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി ബന്ധപ്പെട്ട് വിഷയത്തിന്റെ ഗൗരവം ധരിപ്പിച്ചു. സക്കീറിന്റെ കുടുംബവുമായും തോമസിന്റെ കുടുംബവുമായും ഉമ്മന്‍ ചാണ്ടി ബന്ധപ്പെട്ടു. ആദ്യമൊക്കെ തോമസിന്റെ കുടുംബം മാപ്പിന് തയ്യാറായിരുന്നില്ല. ഉമ്മന്‍ ചാണ്ടി തോമസിന്റെ ഇടവക പളളി വികാരിയുമായി ബന്ധപ്പെട്ടാണ് മാപ്പിന് വഴിയൊരുക്കിയത്. തുടര്‍ന്ന് ഉമ്മന്‍ ചാണ്ടി കുടുംബത്തിന് നഷ്ടപരിഹാരം നല്‍കി അഡ്വ. സാജുസ്റ്റീഫന്‍ വഴി മാപ്പപേക്ഷ തയ്യാറാക്കി. തോമസിന്റെ മാതാപിതാക്കളും സഹോദരങ്ങളും ഒപ്പുവെച്ച മാപ്പപേക്ഷ 2020 ല്‍ ദമാം കോടതിയില്‍ നല്‍കിയിരുന്നുവെങ്കിലും തടവു ശിക്ഷ കാലാവധി പൂര്‍ത്തിയാക്കാന്‍ കാത്തിരിക്കേണ്ടിവന്നു. ഏഴര വര്‍ഷമായി നിരവധി പ്രാവശ്യം കോടതികളും ജയിലുകളും കയറിയിറങ്ങുകയായിരുന്നു ശിഹാബ് കൊട്ടുകാട്.

ഇന്ത്യന്‍ എംബസി സെകന്റ് സെക്രട്ടറി എം ആര്‍ സജീവ്, ഉദ്യോഗസ്ഥനായ യൂസുഫ് കാക്കഞ്ചേരി, ചക്കുവള്ളി കൂട്ടായ്മയിലെ സലീം മൈനാഗപ്പള്ളി എന്നിവരും വിവിധ ഘട്ടങ്ങളില്‍ ഈ വിഷയത്തില്‍ ഇടപെട്ടിരുന്നവരാണ്. തോമസിന്റെ കുടുംബം മാപ്പ് നല്‍കിയിരുന്നില്ലെങ്കില്‍ സക്കീര്‍ ഹുസൈന് വധശിക്ഷ തന്നെയായിരുന്നു ലഭിക്കാനിരുന്നത്. ഈ കുടുംബത്തിന്റെ ഹൃദയവിശാലതയും മഹാമനസ്‌കതയുമാണ് ഇദ്ദേഹത്തിന്റെ മോചനത്തിലേക്ക് വഴിതെളിയിച്ചതെന്ന് ശിഹാബ് കൊട്ടുകാട് പറഞ്ഞു.

Next Story

RELATED STORIES

Share it