Gulf

ജാതിയുടെയും മതത്തിന്റെയും പേരില്‍ രാജ്യം വിഭജിക്കപ്പെട്ടിരിക്കുന്നു: രാഹുല്‍

എന്റെ ഹൃദയവും ചെവിയും എന്നും നിങ്ങള്‍ക്കായി തുറന്നിരിക്കും. എങ്ങിനെ നിങ്ങളെ സഹായിക്കാമെന്ന് മാത്രം പറഞ്ഞാല്‍ മതി. നിങ്ങളെ സേവിക്കാനായി എപ്പോഴും ഞാനും എന്റെ പ്രസ്ഥാനവുമുണ്ടാവും.

ജാതിയുടെയും മതത്തിന്റെയും പേരില്‍ രാജ്യം വിഭജിക്കപ്പെട്ടിരിക്കുന്നു: രാഹുല്‍
X

-രാഹുലിന്റെ പ്രസംഗം കേള്‍ക്കാന്‍ ആയിരങ്ങള്‍
-യുഎഇ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ദുബായ്: ജാതിയുടെയും മതത്തിന്റെയും പണത്തിന്റെയും പേരില്‍ നമ്മുടെ രാജ്യം വിഭജിക്കപ്പെട്ടിരിക്കുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാഷ്ട്രീയ നേട്ടങ്ങള്‍ക്കുവേണ്ടിയാണ് രാജ്യം ഇന്ന് വിഭജിച്ചിരിക്കുന്നത്. വിഭജിച്ച ഒരു രാജ്യത്തിന് എങ്ങനെ ജയിക്കാന്‍ സാധിക്കും. ആദ്യം നമ്മള്‍ ചെയ്യേണ്ടത്, എല്ലാ ഇന്ത്യക്കാരും ഇന്ത്യയെ ഒരുമിപ്പിക്കണം. എല്ലാവരും പരസ്പരം സഹകരിക്കണം. ഇതൊരു രാജ്യമാണ്. അവിടെ നിന്നും നമ്മള്‍ തുടങ്ങണം- രാഹുല്‍ പറഞ്ഞു. ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ തടിച്ചുകൂടിയ ആയിരക്കണക്കിന് പ്രവാസി ഇന്ത്യക്കാരെ അഭിവാദ്യംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമുമായി രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തുന്നു

നിങ്ങളാണ് ഈ നാട് നിര്‍മിച്ചത്. ദുബായ് നഗരവും ഇവിടത്തെ വലിയ വലിയ കെട്ടിടങ്ങളും വിമാനത്താവളവും മെട്രോയുമെല്ലാം നിര്‍മിക്കാന്‍ നിങ്ങളാണ് വിയര്‍പ്പൊഴുക്കിയത്. നിങ്ങളുടെ രക്തവും സമയവുമാണ് ഇതിനായി ചെലവിട്ടത്. ഈ മഹാരാജ്യം കെട്ടിപ്പടുക്കാന്‍ പങ്കുവഹിച്ച നിങ്ങളോരോരുത്തരെയും ഇന്ത്യന്‍ ജനതയ്ക്കുവേണ്ടി ഞാന്‍ അഭിവാദ്യം ചെയ്യുന്നു. ഇവിടെ നില്‍ക്കുമ്പോഴും എനിക്ക് ഇന്ത്യയിലുള്ളതുപോലെയാണ് തോന്നുന്നത്. ഞാന്‍ മരിക്കുന്നതുവരെ എന്റെ വാതിലുകള്‍ നിങ്ങള്‍ക്കായി തുറന്നിട്ടിരിക്കുന്നു. നിങ്ങള്‍ എവിടെനിന്നും വരുന്നു, സ്ത്രീ ആണോ പുരുഷനാണോ, പ്രായമുള്ളവരാണോ യുവാവാണോ എന്നൊന്നും എനിക്ക് പ്രശ്‌നമല്ല. എന്റെ ഹൃദയവും ചെവിയും എന്നും നിങ്ങള്‍ക്കായി തുറന്നിരിക്കും. എങ്ങിനെ നിങ്ങളെ സഹായിക്കാമെന്ന് മാത്രം പറഞ്ഞാല്‍ മതി. നിങ്ങളെ സേവിക്കാനായി എപ്പോഴും ഞാനും എന്റെ പ്രസ്ഥാനവുമുണ്ടാവും. ഞാന്‍ വന്നത് മന്‍ കീ ബാത്ത് പറയാനല്ലെന്നും നിങ്ങളെ മനസ്സുതുറന്ന് കേള്‍ക്കാനാണെന്ന് നരേന്ദ്രമോദിയുടെ പേര് പറയാതെ രാഹുല്‍ ഓര്‍മപ്പെടുത്തി. 2019ല്‍ ഇന്ത്യ ഒരു തിരഞ്ഞെടുപ്പിനെ നേരിടാന്‍ പോവുകയാണ്.

നല്ല ആത്മവിശ്വാസമുണ്ടെന്നും നിങ്ങളെല്ലാം ഒപ്പം വേണമെന്നും നാം വിജയിക്കാന്‍ പോവുകയാണെന്നുമുള്ള വാക്കുകളോടെയാണ് പ്രസംഗം അവസാനിപ്പിച്ചത്. ഓവര്‍സീസ് ഇന്ത്യന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് ഡോ. സാം പിത്രോഡ, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവരും രാഹുലിനൊപ്പം വേദി പങ്കിട്ടു. വ്യാഴാഴ്ച രാത്രി ഏഴുമണിയോടെ ദുബായിലെത്തിയ രാഹുല്‍ ഗാന്ധിക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വന്‍ സ്വീകരണമാണൊരുക്കിയിരുന്നത്.

ഇന്ന് രാവിലെ പ്രവാസി ബിസിനസ് സമൂഹത്തോടൊപ്പം ചെലവഴിച്ച രാഹുല്‍ ജബല്‍ അലിയിലെ ലേബര്‍ ക്യാംപും സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമുമായി രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തി. വസതിയിലെത്തിയ രാഹുലിനെ ആവേശത്തോടെയാണ് യുഎഇ പ്രധാനമന്ത്രിയും പത്‌നിയും സ്വീകരിച്ചത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ സാം പിത്രോഡ, മിലിന്ദ് ദിയോറ എന്നിവര്‍ക്കൊപ്പമാണ് രാഹുല്‍ പ്രധാനമന്ത്രിയുടെ വസതിയിലെത്തിയത്.

Next Story

RELATED STORIES

Share it